റാഞ്ചി : ഇന്ത്യൻ അമ്പെയ്ത്ത് താരങ്ങളും ഒളിമ്പ്യൻമാരുമായ ദീപിക കുമാരിയും അതാനു ദാസും വിവാഹിതരായി. ദീപികയുടെ നാടായ റാഞ്ചിയിൽ ലളിതമായ ചടങ്ങിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ അമ്പതിൽ താഴെ ആളുകൾ മാത്രമേ പങ്കെടുത്തുള്ളൂ. ജാർഘണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ വിവാഹത്തിനെത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ. 2018ൽ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഈ മാസം തുടങ്ങേണ്ടിയിരുന്ന ടോക്കിയോ ഒളിമ്പിക്സിന് ശേഷം വിവാഹിതരാകാമെന്നാണ് ഇരുവരും തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒളിമ്പിക്സ് മാറ്രിവച്ചതിനാലും മറ്രു ടൂർണമെന്റുകൾ നിറുത്തിവച്ചതിനാലും ഇരുവരും ഇപ്പോൾ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. അതാനു ടീം ഇനത്തിലും ദീപിക വ്യക്തിഗത ഇനത്തിലുമാണ് ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയിരിക്കുന്നത്.
26കാരിയായ ദീപിക മൂന്നാം ഒളിമ്പിക്സിനും 28 കാരനായ കൊൽക്കത്ത സ്വദേശിയായ അതാനു രണ്ടാം ഒളിമ്പിക്സിനുമാണ് ഒരുങ്ങുന്നത്.
അമ്പെയ്ത്ത് ലോകകപ്പിൽ ഒരു വ്യക്തിഗത മെഡലുൾപ്പെടെ നാല് സ്വർണം നേടിയ താരമാണ് ദീപിക. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലും ലോക ചാമ്പ്യൻഷിപ്പിലുമെല്ലാം സ്വർണമുൾപ്പെടെ മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്. രാജ്യം പദ്മശ്രീയും അർജുന അവാർഡും നൽകി ആദരിച്ചിട്ടുണ്ട്. ലോക ചാമ്പ്യൻഷിപ്പിലും ലോകകപ്പിലും ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിലുമെല്ലാം മെഡലുകൾ നേടിയിട്ടുള്ള താരമാണ് അതാനു ദാസ്. 2013-ൽ കൊളംബിയയിൽ നടന്ന മിക്സഡ് ടീം ഇനത്തിൽ 2013-ൽ കൊളംബിയയിൽ നടന്ന മിക്സഡ് ലോകകപ്പിൽ ദീപിക കുമാരിക്കൊപ്പം അതാനു വെങ്കലം സ്വന്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |