പിണറായി വിജയനുമായുള്ള ബന്ധത്തിന് കോട്ടം തട്ടിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അഭിപ്രായഭിന്നത മുമ്പ് പലകാര്യങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിൽ പോലും തന്റെ മനസിനെ ഉലച്ചത് ഒരു കാര്യം മാത്രമായിരുന്നുവെന്ന് കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖപരിപാടിയിൽ മുല്ലപ്പള്ളി വ്യക്തമാക്കി. ടി.പി ചന്ദ്രശേഖരന്റെ ദാരുണമായ അന്ത്യമായിരുന്നു അത്.
മുല്ലപ്പള്ളിയുടെ വാക്കുകൾ-
'അദ്ദേഹത്തിന്റെ നിലപാടുകളിൽ പലപ്പോഴും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ പോലും വ്യക്തി ബന്ധം നന്നായിട്ട് ഞങ്ങൾ നിലനിറുത്തിയിരുന്നു. എന്റെ അഭാവത്തിൽ ട്രെയിൻ യാത്രയിലൊക്കെ എന്റെ ഭാര്യയെയോ മക്കളെയോ കണ്ടുകഴിഞ്ഞാൽ ഒരു ഗാർഡിയൻ എന്ന രൂപത്തിൽ അദ്ദേഹം കാര്യങ്ങൾ നോക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹധർമ്മിണി; എന്റെ നാട്ടുകാരിയും ഗുരുനാഥന്റെ മകളുമാണ്. ആ കുടുംബവുമായും എനിക്ക് നല്ല ബന്ധമുണ്ട്.
പിണറായിയുമായുള്ള അഭിപ്രായഭിന്നത മുമ്പ് പലകാര്യങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിൽ പോലും എന്റെ മനസിനെ ഉലച്ചത് ടി.പി ചന്ദ്രശേഖരന്റെ ദാരുണമായ അന്ത്യമാണ്. ആ നിഷ്‌ഠൂരമായ രാഷ്‌ട്രീയ കൊലപാതകത്തെ എനിക്ക് ന്യായീകരിക്കാൻ കഴിഞ്ഞില്ല. ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു: സി.ബി.ഐ സത്യസന്ധമായ ഒരു അന്വേഷണവുമായി മുന്നോട്ടു പോവുകയാണെങ്കിൽ തീർച്ചയായിട്ടും വൻ സ്രാവുകൾ ഇരുമ്പഴിക്കുള്ളിൽ ആയിരിക്കും. ഒരുപക്ഷേ ഈ ഭരണത്തിന്റെ സ്ഥിതി തന്നെ മാറുമായിരുന്നു എന്നാണ് എന്റെ വിശ്വാസം.
പിണറായിയുമായിട്ട് ഇപ്പോൾ ടോക്കിംഗ് ടേംസിലല്ല. കുറച്ചായിട്ട് ഞങ്ങൾ കാണാറില്ല. ഏറ്റവുമൊടുവിൽ കണ്ട വിമാനയാത്രയിൽ രണ്ടുവാക്ക് സംസാരിച്ചു എന്നല്ലാതെ പിന്നീട് ഞങ്ങൾ കണ്ടിട്ടില്ല'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |