ഹാനോയ് : കൊവിഡ് 19 എന്ന മഹാമാരിയുടെ ഉത്ഭവം ചൈനയിലെ വുഹാനിലെ വെറ്റ് മാർക്കറ്റിൽ നിന്നാണെന്നാണ് കരുതപ്പെടുന്നത്. അടുത്തിടെയാണ് പന്നികളിൽ മറ്റൊരു വൈറസിന്റെ സാന്നിദ്ധ്യം ചൈനയിൽ കണ്ടെത്തിയത്. വന്യ മൃഗങ്ങളുടെ മാംസം ഉൾപ്പെടെയുള്ളവ വില്പന നടത്തുന്ന മാർക്കറ്റുകളാണ് വെറ്റ് മാർക്കറ്റുകൾ. ഏഷ്യയിലെ എല്ലാ വെറ്റ് മാർക്കറ്റുകളിലും വന്യ ജീവികളെ വില്ക്കപ്പെടുന്നില്ലെങ്കിലും ചൈന, വിയറ്റ്നാം, തായ്‌ലൻഡ് തുടങ്ങിയ പ്രദേശങ്ങളിൽ വന്യജീവി മാംസം വില്ക്കപ്പെടുന്ന വെറ്റ് മാർക്കറ്റുകൾ സജീവമാണ്.
വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഇത്തരം മാർക്കറ്റുകളെ മാരക വൈറസുകളുടെ ടൈം ബോംബുകളായാണ് ഗവേഷകർ വിശേഷിപ്പിക്കുന്നത്. ഈ കൊറോണക്കാലത്തും വെറ്റ് മാർക്കറ്റുകളുടെ പ്രവർത്തനത്തിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വിയറ്റ്നാമിലെ ഒരു വെറ്റ് മാർക്കറ്റിൽ നിന്നും പുറത്തു വന്നിരിക്കുന്നത്. കൂടുകളിൽ തിങ്ങി നിറഞ്ഞിരിക്കുന്ന ആമകൾ, വൃത്തിഹീനമായ അന്തരീക്ഷത്തിൽ മത്സ്യങ്ങൾ, കൂടാതെ ഇവിടുത്തെ പ്രധാന വിഭവമായ തവളകളുടെ കാൽ കത്രിക ഉപയോഗിച്ച് പരസ്യമായി മുറിക്കുന്ന കാഴ്ചയും കാണാം. ! ചൈനയിലെ ഡോഗ് ഫെസ്റ്റിനെ സ്മരിപ്പിക്കും വിധമാണ് നായകളെ ടേബിളുകളിൽ വച്ചിരിക്കുന്നത്. താറാവ്, കോഴി എന്നിവയെ കൂട്ടത്തോടെ കൂടുകളിലിട്ടിരിക്കുന്നത് കാണാം. മാസ്ക് പോലുമില്ലാതെയാണ് ഈ മാർക്കറ്റിലെ ജോലിക്കാർ നില്ക്കുന്നതും.
വീണ്ടുമൊരു മഹാമാരി ഉണ്ടാകാതിരിക്കാൻ ഇത്തരം മാർക്കറ്റുകളുടെ പ്രവർത്തനം നിറുത്തണമെന്ന് വിദഗ്ദർ ആവർത്തിച്ചു പറയുന്നതിനിടെയാണ് വിയറ്റ്നാമിൽ നിന്നും ഇപ്പോഴും സജീവമായ വെറ്റ് മാർക്കറ്റിന്റെ ദൃശ്യങ്ങൾ പുറത്ത് വരുന്നത്. ഒരു കൂട്ടം മൃഗസംരക്ഷകരാണ് മാർക്കറ്റിലെ ദൃശ്യങ്ങൾ പകർത്തിയത്. ഇത്തരം സാഹചര്യങ്ങൾ മറ്റൊരു വൈറസിന്റെ ഉത്ഭവത്തിന് കാരണമായേക്കാമെന്നാണ് ഗവേഷകർ പറയുന്നത്.
വിയറ്റ്നാമിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ നേരത്തെ സ്കൂളുകൾ അടയ്ക്കുകയും രാജ്യത്തിന് പുറത്ത് നിന്നും വരുന്നവർക്ക് 14 ദിവസം ക്വാറന്റൈൻ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. വൈറസ് വ്യാപനം ഫലപ്രദമായി നിയന്ത്രിക്കാൻ സാധിച്ച വിയറ്റ്നാമിൽ വെറും 355 കൊവിഡ് 19 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഒരാൾ പോലും രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |