ചാക്കിൽ കയറ്റ മത്സരം മുറുകി
കോട്ടയം : യു.ഡി.എഫിൽ നിന്ന് പുറത്തായതോടെ കേരളകോൺഗ്രസ് ജോസ് വിഭാഗത്തിൽ നിന്നു ചാടി ജോസഫിന് പിറകേ പോകുന്ന നേതാക്കളുടെ എണ്ണം കൂടി. അതേസമയം, സ്വന്തം പാളയത്തിലുള്ളവരെ പിടിച്ചുനിറുത്താൻ കഠിന ശ്രമം നടത്തുന്ന ജോസ് മറുപക്ഷത്തെ രണ്ടാംനിരക്കാരെ ഉന്നംവച്ചുള്ള നീക്കവുമാരംഭിച്ചു. ജോസ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് ലൂക്കോസാണ് ആദ്യം ജോസഫ് പാളയത്തിലെത്തിയ പ്രമുഖൻ. ജോസിന്റെ വിശ്വസ്തനായിരുന്ന പ്രിൻസിനെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ പരിഗണിച്ചിരുന്നു. മുൻ എം.എൽ.എയും കേരള കോൺഗ്രസ് മുൻ ചെയർമാനുമായിരുന്ന പ്രൊഫ. ഒ.ലൂക്കോസിന്റെ മകനാണ്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റിനായി പ്രിൻസ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. സ്ഥാനാർത്ഥിക്കുപ്പായക്കാരുടെ എണ്ണം കൂടിയതാണ് ജോസഫ് വിഭാഗത്തിലേക്ക് ചാടാൻ പ്രിൻസിനെ പ്രേരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് മുൻ അംഗമായിരുന്ന ജോസ്‌മോൻ മുണ്ടയ്ക്കലും പാലാ നഗരസഭയിലെ അഞ്ചു കൗൺസിലർമാരും ജോസഫ് പക്ഷത്തേക്ക് മാറി. കൂടുതൽ നേതാക്കൾ ജോസിനെ വിട്ട് വരുമെന്നും പലരും ബന്ധപ്പെടുന്നുണ്ടെന്നും പി.ജെ.ജോസഫ് പറഞ്ഞു. ജോസ് വിഭാഗം ജനറൽ സെക്രട്ടറി ജോസഫ് എം.പുതുശ്ശേരി, കോട്ടയം ജില്ലാ മുൻ പ്രസിഡന്റ് ഇ.ജെ.അഗസ്തി തുടങ്ങിയ നേതാക്കളെയും ജോസഫ് കണ്ണുവച്ചതായാണ് പാർട്ടി വൃത്തങ്ങളിലെ സംസാരം. ഇരുവരും ജോസ് വിഭാഗത്തിൽ ഇപ്പോൾ സജീവമല്ലതാനും. അതേസമയം, ജോസഫ് വിഭാഗത്തിലെത്തിയ പലരും പ്രതീക്ഷിച്ച സ്ഥാനം കിട്ടാതെ വരും ദിവസങ്ങളിൽ തിരിച്ചു ചാടുമെന്ന പ്രതീക്ഷയിലാണ് ജോസ് കെ.മാണി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |