ന്യൂഡൽഹി: ചൈനാ അതിർത്തിയിലെ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ സേനയുടെ ആക്രമണ ശേഷി വർദ്ധിപ്പിക്കാൻ റഷ്യയുടെ 21 മിഗ് 29 വിമാനങ്ങൾ വാങ്ങാനും 12 സുഖോയ് വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാനും തീരുമാനിച്ചു. ഇതടക്കം 38,900 കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഇന്നലെ അംഗീകാരം നൽകി.
റഷ്യയിൽ നിന്ന് 21 മിഗ് 29 വിമാനങ്ങൾ വാങ്ങാനും സേനയുടെ പക്കലുള്ള 59 മിഗ് 29 വിമാനങ്ങൾ പരിഷ്‌കരിക്കാനുമാണ് 7418 കോടി രൂപയുടെ കരാർ. റഷ്യൻ സാങ്കേതിക വിദ്യ പ്രകാരം 10,730 കോടി ചെലവിൽ 12 സുഖോയ് 30 വിമാനങ്ങൾ ഹിന്ദുസ്ഥാൻ എയ്‌റോനാട്ടിക്കൽ ലിമിറ്റഡ് (എച്ച്.എ.എൽ) നിർമ്മിക്കും.
കാർഗിൽ യുദ്ധ വേളയിൽ പ്രഹര ശേഷി തെളിയിച്ച പിനാക മിസൈൽ ലോഞ്ചറുകൾ, റഷ്യൻ സാങ്കേതിക വിദ്യയിൽ നിർമ്മിക്കുന്ന ബി.എം.പി ടാങ്കുകളുടെ പരിഷ്‌കരണം, കരസേനയ്‌ക്കുള്ള റേഡിയോ സെറ്റുകൾ, നേവിക്കും വ്യോമസേനയ്ക്കും ദീർഘദൂര പ്രഹരത്തിനായി ക്രൂസ് മിസൈലുകൾ, അസ്‌ത്ര മിസൈലുകൾ എന്നിവ ലഭ്യമാക്കാൻ 20,400 കോടിയും അനുവദിച്ചു. ഇതുൾപ്പെടെ 31,130 കോടിയുടെ കരാറുകൾ ഇന്ത്യൻ കമ്പനികൾക്കാണ് നൽകുക.
ശിവന്റെ വില്ലിന്റെ പേരിട്ട് ഡി.ആർ.ഡി.ഒ വികസിപ്പിച്ച പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറിൽ നിന്ന് 44 സെക്കൻഡിൽ 12 മിസൈലുകൾ ഒരേസമയം വിക്ഷേപിക്കാം. കാർഗിൽ യുദ്ധത്തിൽ പാക് സേനയ്‌ക്ക് കനത്ത നാശം വിതച്ചതിനെ തുടർന്ന് 2000ൽ പ്രത്യേക റെജിമെന്റ് നിലവിൽ വന്നു. പുതിയ ഓർഡർ പ്രകാരം ഒരു റെജിമെന്റു കൂടി വരും.
1000 കിലോമീറ്റർ പ്രഹര പരിധിയുള്ള ക്രൂസ് മിസൈലുകൾ നാവിക, വ്യോമസേനകൾക്ക് കരുത്തേകും. സുഖോയ് വിമാനങ്ങളിൽ ഉൾപ്പെടെ ഘടിപ്പിക്കുന്ന അസ‌്ത്ര മിസൈലുകൾക്ക് മണിക്കൂറിൽ 5,800കിലോമീറ്റർ വേഗതയിൽ 70 -110 കിലോമീറ്റർ പരിധിയിലുള്ള ആകാശ ലക്ഷ്യങ്ങളെ തകർക്കാനാകും.
പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച ആത്മനിർഭർ ഭാരത് പദ്ധതി അനുസരിച്ചാണ് തദ്ദേശീയ കമ്പനികൾക്ക് പ്രതിരോധ കരാർ നൽകുന്നത്. രൂപകല്പനയും ഉത്പാദനവും അടക്കം ചെലവിൽ 80 ശതമാനവും തദ്ദേശീയമായിരിക്കും. ഡി.ആർ.ഡി.ഒയുടെ സാങ്കേതിക കൈമാറ്റ പദ്ധതി പ്രകാരമാണ് തദ്ദേശീയ കമ്പനികൾക്ക് അവസരം ലഭിക്കുന്നത്. ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങൾക്ക് അവസരം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |