ദേശീയ സമ്പാദ്യ പദ്ധതി ഫണ്ടിന്റെ നടത്തിപ്പ് പുനഃപരിശോധിക്കുന്നതിനായി രാജ്യത്തെ മുഴുവൻ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടേയും സമ്പൂർണ്ണ മേൽനോട്ടം തപാൽ വകുപ്പിനെ ഏൽപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ പരിഷ്കാരം സംസ്ഥാനത്തെ പതിനായിരത്തോളം വരുന്ന ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
നിലവിൽ സംസ്ഥാന സർക്കാർ നിയമനവും മേൽനോട്ടവും നടത്തി വരുന്ന ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർക്ക് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുന്ന ഏജൻസി കമ്മീഷനു പുറമേ സംസ്ഥാന സർക്കാരിന്റെ വിവിധ ബോധവൽക്കരണ പരിപാടികളിലും സർവ്വേകളിലും പങ്കാളിത്തം വഹിക്കുന്നതിന് സർവ്വീസ് ഡെലിവറി പ്രതിഫലവും ലഭിച്ചു വരുന്നു.
ഏജന്റുമാരുടെ പൂർണ്ണ ഭരണച്ചുമതല തപാൽ വകുപ്പിനെ കേന്ദ്ര സർക്കാർ ഏൽപ്പിക്കുമ്പോൾ ഏജന്റുമാർക്ക് സംസ്ഥാന സർക്കാരിൽ നിന്ന് ലഭിച്ച് വരുന്ന സർവ്വീസ് ഡെലിവറി പ്രതിഫലം നഷ്ടപ്പെടും എന്നതാണ് ഏജന്റുമാരുടെ ആശങ്കക്ക് ആധാരം.
കോവിഡ് 19 മഹാമാരിയെ തുടർന്ന് നിലനിൽക്കുന്ന ലോക്ക്ഡൗണും ദേശീയ സമ്പാദ്യ പദ്ധതി നിക്ഷേപങ്ങളുടെ പലിശ നിരക്ക് കേന്ദ്ര സർക്കാർ ക്രമാതീതമായി വെട്ടക്കുറച്ചതും മൂലം ഏജൻസി ബിസിനസ്സിൽ അടി തെറ്റി നിൽക്കുന്ന സംസ്ഥാനത്തെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർ ഈ സാമ്പത്തിക നഷ്ടം കൂടി ആകുമ്പോൾ തകർന്ന് പോകും.
ഗവർണ്ണർ, കേന്ദ്ര മന്ത്രിമാർ സംസ്ഥാന സർക്കാർ, എം പി മാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ മുഖേന കേന്ദ്ര സർക്കാരിനെ ഈ പരിഷ്കാരം നടപ്പിലാക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഭഗീരഥപ്രയത്നം നടത്തി വരികയാണ് സംസ്ഥാനത്തെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |