ന്യൂഡൽഹി: രാജ്യത്തിന്റെ മണ്ണിൽ കണ്ണുവയ്‌ക്കുന്നവർക്കു നേരെ ഡിജിറ്റൽ ആക്രമണം നടത്താനും കഴിവുണ്ടെന്ന് 59 ചൈനീസ് മൊബൈൽ ആപ്പുകൾ നിരോധിച്ചതിലൂടെ ഇന്ത്യ തെളിയിച്ചെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
രാജ്യത്തിന്റെ മൊത്തം സുരക്ഷയ്‌ക്കും പരമാധികാര സംരക്ഷണത്തിനും ഡിജിറ്റൽ സുരക്ഷയും പ്രധാനമാണെന്നും പശ്‌ചിമ ബംഗാളിലെ ബി.ജെ.പി പ്രവർത്തകർക്കായി സംഘടിപ്പിച്ച വീഡിയോ കോൺഫറൻസ് റാലിയിൽ അദ്ദേഹം വ്യക്തമാക്കി.
നമ്മുടെ അതിർത്തിയിൽ കണ്ണുവയ്‌ക്കുന്നവരുടെ കണ്ണിലേക്ക് എങ്ങനെ നോക്കണമെന്ന് നമുക്കറിയാം. പൗരൻമാരുടെ സംരക്ഷണത്തിന് വേണ്ടിവന്നാൽ ഡിജിറ്റൽ ആക്രമണം നടത്തുമെന്നും നാം തെളിയിച്ചു. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതും പുൽവാമ, ഉറി ഭീകരാക്രമണങ്ങൾക്ക് ഇന്ത്യ മറുപടി നൽകിയതും മന്ത്രി ഓർമ്മിപ്പിച്ചു.
ഇന്ത്യ സമാധാനം നിലനിറുത്താനും തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനും ആഗ്രഹിക്കുന്നു. എന്നാൽ ആരെങ്കിലും ഗൂഢലക്ഷ്യവുമായി വന്നാൽ ഉചിതമായി മറുപടി കൊടുത്തിരിക്കും. നമ്മുടെ 20 ജവാൻമാരുടെ ജീവത്യാഗത്തിന് പകരമായി ഇരട്ടി സൈനികരെ അവർക്ക് നഷ്‌ടമായി. കൃത്യമായ എണ്ണം പറയാൻ പോലും അവർക്ക് കഴിയുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |