കാസർകോട്: ഉദുമയിൽ സ്വർണ്ണവ്യാപാരിയെ അക്രമിച്ച് 2,15,000 രൂപ കൊള്ളയടിച്ച കേസിൽ മൂന്നുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടിക്കുളം സ്വദേശികളായ അബ്ദുൽസലാം(45), മുഹമ്മദ് സഫീർ(25), നെല്ലിക്കട്ടയിലെ സുജിത്(28) എന്നിവരെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കാസർകോട് താലൂക്ക് ഓഫീസ് ജംഗ്ഷന് സമീപം പഴയ സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ട കടയുടെ ഉടമസ്ഥനായ തളങ്കര സ്വദേശിയും പാക്യാര ബദരിയ നഗറിൽ താമസക്കാരനുമായ ഹനീഫയുടെ പണമാണ് സംഘം തട്ടിയെടുത്തത്. ജൂൺ 24 ന് രാത്രി ഏഴുമണിയോടെയാണ് സംഭവം. ഹനീഫ സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ ഹനീഫയെ പാക്യാര കുന്നിൽ രക്തേശ്വരി ക്ഷേത്രത്തിന് സമീപം വെള്ളസ്വിഫ്റ്റ് കാറിലെത്തിയ സംഘം തടഞ്ഞ് അക്രമിച്ച ശേഷം പണം തട്ടിയെടുത്ത് സ്ഥലംവിടുകയായിരുന്നു.
ഹനീഫയുടെ പരാതിയിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. പ്രതികളെ പിടികൂടുന്നതിനായി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം പി വിനോദിന്റെ മേൽനോട്ടത്തിൽ പ്രത്യേക സ്‌ക്വാഡിന് നേതൃത്വം നൽകിയിരുന്നു. . ബേക്കൽ സി.ഐ പി. നാരായണൻ, എസ്.ഐ പി. അജിത്കുമാർ, എ.എസ്.ഐ അബൂബക്കർ, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജിത്, റോഷൻ എന്നിവരാണ് സ്‌ക്വാഡ് അംഗങ്ങൾ. രണ്ട് വർഷം മുമ്പും ഹനീഫയെ അക്രമിച്ച് ഒന്നേകാൽ ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഈ കേസിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. അന്നത്തെ സംഭവവുമായി പുതിയ കേസിലെ പ്രതികൾക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |