ന്യൂഡൽഹി: രാജ്യത്തെ രക്ഷിക്കാൻ എന്ത് ത്യാഗത്തിനും തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്ക് ഇന്ത്യൻ ജനതയുടെ സ്വാഭിമാനത്തിന്റെ പ്രശ്‌നമാണ്. വലിയ വെല്ലുവിളികൾക്കിടയിലും നിങ്ങൾ രാജ്യത്തെ സംരക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു. 11,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ലഡാക്കിലെ അതിർത്തി പോസ്റ്റായ നിമുവിൽ കരസേന, വ്യോമസേന, ഐ.ടി.ബി.പി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്രാജ്യത്വ വാദികളുടെ കാലം കഴിഞ്ഞു. വികസനവാദികളുടെ കാലമാണിത്. ഇന്ത്യ ശക്തിയിൽ നിന്ന് ശക്തിയിലേക്ക് കുതിക്കുകയാണ്. ജവാന്മാരുടെ കൈയ്യിൽ രാജ്യം സുരക്ഷിതമാണ്. സമാധാനം കൊണ്ടുവരാൻ ധീരതയാണ് ആവശ്യം. ഇന്ത്യയുടെ ശക്തി എന്താണെന്ന് ലോകത്തിനറിയാം. ഇന്ത്യ സമാധാനത്തിന് വേണ്ടിയാണ് നിലനിൽക്കുന്നത്. സൈനികരുടെ ധൈര്യം മലനിരകളെക്കാൾ ഉയരത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ശത്രുക്കളുടെ കുടില ശ്രമങ്ങളൊന്നും വിജയിക്കുകയില്ല. ഭാരത മാതാവിന്റെ സുരക്ഷക്കായി എന്നും സൈനികർക്കൊപ്പം നിൽക്കും. ഇന്ത്യയുടെ എല്ലാ ഭാഗത്തും നിന്നുള്ള സൈനികരാണ് രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചത്. രാജ്യഭക്തരുടെ നാടാണ് ലഡാക്ക്. ദുർബലർക്ക് ഒരിക്കലും സമാധാനം കൊണ്ടുവരാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏതു വെല്ലുവിളികളെയും നേരിട്ട് ഇന്ത്യ വിജയിക്കും. ഇന്ത്യൻ സൈന്യത്തിന്റെ ദൃഢനിശ്ചയത്തെ ലോകത്താർക്കും തോൽപ്പിക്കാനാവില്ല. രാജ്യത്തിന് മുഴുവൻ സൈന്യത്തിന്റെ കഴിവിൽ പൂർണവിശ്വാസമുണ്ട്. സ്വയംപര്യാപ്തമാകാനുള്ള രാജ്യത്തിന്റെ പരിശ്രമത്തിന് സൈന്യം മാതൃകയാണ്. ഇന്ത്യ അതിർത്തിയിലെ പശ്ചാത്തലസൗകര്യങ്ങൾ മൂന്നിരട്ടി വർദ്ധിപ്പിച്ചിട്ടുണ്ട്.
ഇന്ത്യ സൈനിക ശേഷിയും കരുത്തും കൂട്ടുന്നത് മനുഷനന്മയ്ക്കാണ്. ദുർബലർക്ക് സമാധാനമുണ്ടാക്കാൻ കഴിയില്ല. കരുത്തുണ്ടെങ്കിലെ ശാന്തിയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. ഭൂവിസ്തൃതി കൂട്ടാൻ ശ്രമിക്കുന്നവർ ലോകസമാധാനത്തിന് ഭീഷണിയാണ്. അത്തരം ശക്തികൾ മണ്ണടിയും. അതാണ് ലോകത്തിന്റെ അനുഭവമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗൽവാനിൽ വീരമൃത്യുവരിച്ച എല്ലാ സൈനികർക്കും വീണ്ടും ആദരാഞ്ജലി അർപ്പിക്കുന്നു.അടുത്തിടെ നിങ്ങൾ കാണിച്ച ധൈര്യം ഇന്ത്യയുടെ ശക്തിയെക്കുറിച്ചു ലോകമെമ്പാടും സന്ദേശം നൽകി. നിങ്ങളുടെ ഇച്ഛാശക്തി ഹിമാലയം പോലെ ശക്തവും ഉറച്ചതുമാണ്. രാജ്യം മുഴുവൻ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു. ലോക മഹായുദ്ധമായാലും സമാധാനമായാലും നിർണായകഘട്ടങ്ങളിൽ നമ്മുടെ സൈന്യകരുടെ വിജയവും സമാധാനത്തിലേക്കുള്ള അവരുടെ ശ്രമങ്ങളും ലോകം കണ്ടു.
തന്റെ മുന്നിൽ വനിതാ സൈനികരെ കാണുന്നുവെന്നും അതിർത്തിയിലെ യുദ്ധക്കളത്തിൽ ഈ കാഴ്ച പ്രചോദനകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പുല്ലാങ്കുഴൽ വായിക്കുന്ന ശ്രീകൃഷ്ണനെ ആരാധിക്കുന്ന ആളുകളാണ് നമ്മൾ. എന്നാൽ സുദർശന ചക്രത്തെ വഹിക്കുന്ന അതേ ശ്രീകൃഷ്ണനെയും നമ്മൾ ആരാധിക്കുകയും പിന്തുടരുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്യുന്നതിനിടെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |