ന്യൂഡൽഹി: ഗൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സേനയും ചെെനീസ് സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ ഇരു രാജ്യങ്ങളും പ്രശ്നപരിഹാരത്തിനായി നയതന്ത്ര ചർച്ചകൾ നടത്തിയിരുന്നു. സൈനിക തല ചർച്ചകൾ ഉൾപ്പെടെ നടത്തിയിട്ടും പരിഹാരം കാണാനായില്ല. വിവിധ രാഷ്‌ട്രങ്ങളും വിഷയത്തിൽ പ്രതികരണവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജാപ്പനീസ് അംബാസിഡർ സതോഷി സുസുക്കി ഇന്ത്യക്ക് അനുകൂല നിലപാടുമായി രംഗത്തെത്തിയത്. യഥാർത്ഥ നിയന്ത്രണ രേഖയിൽ ഏകപക്ഷീയമായി സ്ഥിതിഗതികൾ മാറ്റാനുള്ള ശ്രമത്തെ ജപ്പാൻ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ലയുമായുള്ള സംഭാഷണത്തെ തുടർന്ന് തന്റെ ഔദ്യോഗിക ട്വീറ്റലൂടെയാണ് സതോഷി സുസുക്കി ഈ കാര്യം അറിയിച്ചത്.
”ഹർഷ് വർധൻ ശൃംഗ്ലയുമായി നല്ല സംഭാഷണം നടത്തി. സമാധാനപരമായ പരിഹാരം പിന്തുടരാനുള്ള ജി ഒ ഐയുടെ നയം ഉൾപ്പെടെ എൽ എസി യി ലെ സാഹചര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ അഭിനന്ദിക്കുന്നു. ചർച്ചകളിലൂടെ പരിഹാരമുണ്ടാകുമെന്ന് ജപ്പാൻ പ്രതീക്ഷിക്കുന്നു. സ്ഥിതിഗതികൾ മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാൻ എതിർക്കുന്നു, ”സുസുക്കി ട്വീറ്റ് ചെയ്തു.അതിർത്തിയിൽ വീരചരമം പ്രാപിച്ച ധീര ജവാൻമാർക്ക് അനുശോചനം അറിയിച്ചു ജൂൺ 19 ന് സുസുക്കി ട്വീറ്റ് ചെയ്തിരുന്നു. ഗൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായി മുഖാമുഖം ഏറ്റുമുട്ടി മരിച്ച ഇന്ത്യൻ സൈനികരെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞിരുന്നത്.
അതിർത്തിയിലെ സംഘർഷങ്ങൾക്കിടയിൽ ജപ്പാൻ മാരിടൈം സ്വയം പ്രതിരോധ സേനയുടെ പരിശീലന കപ്പലുകൾ ജൂൺ 27 ന് ഇന്ത്യൻ മഹാസമുദ്രത്തിൽ രണ്ട് ഇന്ത്യൻ യുദ്ധക്കപ്പലുകളുമായി അഭ്യാസം നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള 15- മത്തെ അഭ്യാസമാണിത്. ഇന്ത്യൻ നാവികസേനയുമായി പരസ്പര ധാരണയും വിശ്വാസവും വളർത്തുന്നതിനുള്ള ഒരു നല്ല പരിശീലനമാണിതെന്നും ന്യൂഡൽഹിയിലെ ജാപ്പനീസ് മിഷന്റെ ഡെപ്യൂട്ടി ചീഫ് തോഷിഹൈഡ് ആൻഡോ പറഞ്ഞു.
കിഴക്കൻ ചൈനാ സമുദ്രത്തിലെ തർക്കമുള്ള സെൻകാക്ക് ദ്വീപുകൾക്ക് സമീപം ചൈനയുടെ രണ്ട് കോസ്റ്റ് ഗാർഡ് കപ്പലുകൾ ജാപ്പനീസ് പ്രദേശത്തേക്ക് കടന്നതിനെതിരെ ജപ്പാൻ വെള്ളിയാഴ്ച ചൈനയോട് ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ- ചെെന വിഷയത്തിൽ ഇന്ത്യക്ക് അനുകൂല നിലപാടുമായി ജാപ്പനീസ് അംബാസിഡർ സതോഷി സുസുക്കി രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |