
നാഗ്പൂർ: ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങളിൽ ഒന്നാം വജ്രം (ഡയമണ്ട്). മണ്ണിനടയിൽ നിന്ന് ഖനനം ചെയ്‌തെടുക്കുന്ന വജ്രത്തെ പ്രത്യേക ആകൃതിയിലാണ് നിർമിക്കുന്നത്. ഈ ആകൃതി വജ്രത്തിന്റെ തിളക്കത്തിനും മൂല്യത്തിനുമപ്പുറം ശ്രദ്ധപിടിച്ചുപറ്റാൻ സഹായിക്കുന്നുണ്ട്. ഇത്രയും വിലയേറിയ ഡയമണ്ടും ഇന്ത്യൻ റെയിൽവേയുമായി ഒരു ബന്ധമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.
അടുത്തിടെ ഒരു കണ്ടന്റ് ക്രിയേറ്റർ ഒരു വീഡിയോ പങ്കുവച്ചതോടെ ഡയമണ്ടും ഇന്ത്യൻ റെയിൽവേയുമായുള്ള ബന്ധം കൂടുതൽ വ്യക്തമായിരിക്കുകയാണ്. നാഗ്പൂരിലെ ഡയമണ്ട് ക്രോസിംഗ് എന്നറിയപ്പെയുന്ന റെയിൽപാതകളുടെ വീഡിയോകളാണ് കണ്ടന്റ് ക്രിയേറ്റർ പങ്കുവച്ചിരിക്കുന്നത്. റെയിൽവേ ട്രാക്കിലെ രണ്ട് റെയിൽവേ പാതകൾ മുറിച്ചുകടന്ന് ഡയമണ്ട് ആകൃതി ഉണ്ടാക്കുന്ന പോയിന്റിനെയാണ് ഡയമണ്ട് ക്രോസിംഗ് എന്നുപറയുന്നത്. മറ്റൊരു വശത്തുനിന്ന് നോക്കിയാൽ ഇതൊരു സമചതുരമായും കാണാനാകും. രാജ്യത്ത് ഇത്തരത്തിൽ ആകെ രണ്ട് സ്ഥലങ്ങളിൽ മാത്രമാണ് ഡയമണ്ട് ക്രോസിംഗ് ഉള്ളതെന്നാണ് കണ്ടന്റ് ക്രിയേറ്റർ പറയുന്നത്. നാഗ്പൂരിലും ഡൽഹിയിലുമാണ് ഈ വിചിത്ര കാഴ്ചകളുള്ളത്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്നത് നാഗ്പൂരിലെ റെയിൽവേ ക്രോസിംഗിനെയാണ്. ബ്രിട്ടീഷുകാർ ഇന്ത്യയുടെ ഭൂമിശാസ്ത്ര കേന്ദ്രമായാണ് നാഗ്പൂരിനെ കണക്കാക്കിയിരുന്നത്. അതായത് ഇന്ത്യയുടെ വടക്ക്-തെക്ക്-കിഴക്ക്- പടിഞ്ഞാറ് റെയിൽവേ പോയിന്റുകൾ സംഗമിക്കുന്ന ഇടം. നേരത്തെ ധൻബാദിലും എറണാകുളം ടെർമിനസിലും ഡയമണ്ട് ക്രോസിംഗ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇത് പ്രവർത്തനക്ഷമമല്ല. നാഗ്പൂരിലെ ഡയമണ്ട് കോസിംഗ് കാണാനായി ഒട്ടേറെ വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. മിക്ക സമയത്തും ഈ വഴി ട്രെയിൻ കടന്നുപോകുന്നതുകൊണ്ട് കാഴ്ച്ചക്കാർക്ക് അധികസമയം ഈ റെയിൽവേ ക്രോസിംഗിന് അടുത്ത് സമയം ചെലവഴിക്കാൻ സാധിക്കില്ല.
നാഗ്പൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലൂടെ മൂന്ന് പ്രധാന റെയിൽ ലൈനുകൾ മാത്രമാണ് കടന്നുപോകുന്നത്. കിഴക്ക് ഗോണ്ടിയയിൽ നിന്ന് ഹൗറ - റൂർക്കേല - റായ്പൂർ ലൈൻ, വടക്ക് ഡൽഹിയിൽ നിന്ന് വരുന്ന ഒരു ലൈൻ. അവസാനത്തേത് കിഴക്ക് നിന്നും പടിഞ്ഞാറും നിന്നും വന്ന് തെക്കോട്ട് പോകുന്നവയാണ്. ഒരു ലൈൻ നാഗ്പൂർ ചരക്ക് യാർഡിൽ നിന്നുള്ള ഒരു സർവീസ് ബ്രാഞ്ച് മാത്രമാണ്. ഇത് പാസഞ്ചർ പ്ലാറ്റ്‌ഫോമുകൾക്ക് സമാന്തരമായി കിടക്കുന്നു. ഇതൊരു മെയിൻ ലൈൻ അല്ല. അപ്പോൾ ഈ നാല് ലൈനുകൾ കൂടിച്ചേർന്നാണ് നാഗ്പൂരിൽ ഡയമണ്ട് ക്രോസിംഗ് ഉണ്ടാക്കുന്നത്.
ഡയമണ്ട് ക്രോസിംഗാണ് എല്ലാ ദിശകളിൽ നിന്നും ട്രെയിനുകൾ വരുന്ന പോയിന്റ് എന്നാണ് പലരും കരുതുന്നത്. എന്നാലെപ്പോഴും ഡയമണ്ട് കോസിൽ ഇത് സംഭവിക്കണമെന്നില്ല. വടക്കും തെക്കും കിഴക്കും പടിഞ്ഞാറും കൂടിച്ചേരുന്ന സ്ഥലം മദ്ധ്യപ്രദേശിലെ ഇറ്റാർസി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലാണ്. വടക്ക് (ആഗ്ര - ഡൽഹിയിലേക്ക്), തെക്ക് (നാഗ്പൂർ), കിഴക്ക് (ജബൽപൂർ - അലഹബാദ്, തുടർന്ന് ഹൗറ), പടിഞ്ഞാറ് (ഖണ്ഡ്വ - മുംബയ്) എന്നിവിടങ്ങളിൽ നിന്നുള്ള ലൈനുകൾ ഇറ്റാർസിയിൽ കൂട്ടിമുട്ടുന്നുണ്ട്. ഇത് ഡയമണ്ട് ക്രോസിംഗ് ആയി കണക്കാക്കുന്നില്ല.
ഈ ക്രമീകരണങ്ങളിൽ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ ദശലക്ഷകണക്കിന് യാത്രക്കാരുടെ ജീവൻ അപകടത്തിലായേക്കാമെന്നും കണ്ടന്റ് ക്രിയേറ്റർ വീഡിയോയിൽ പറയുന്നു. വീഡിയോയ്ക്ക് വിവിധ തരത്തിലുള്ള അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലർ സംശയത്തോടെ ഇവിടെ ഡയമണ്ടുണ്ടോയെന്ന് ചോദിക്കുന്നു. മറ്റുള്ളവർ ഇതൊരു എഞ്ചിനീയറിംഗ് അത്ഭുതമെന്നും പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |