കൊച്ചി: നടനും രാജ്യസഭാ അംഗവുമായ സുരേഷ് ഗോപിയുടെ 250ആം ചിത്രത്തിന് വിലക്ക് കൽപ്പിച്ച് എറണാകുളം ജില്ലാ കോടതി. സുരേഷ് ഗോപി 'കടുവാക്കുന്നേൽ കുറുവച്ചൻ' എന്ന കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിന് നടൻ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ' എന്ന ചിത്രവുമായി സാമ്യമുണ്ടെന്ന് കാണിച്ച് 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
പകർപ്പവകാശ ലംഘന നിയമപ്രകാരമാണ് ജിനു കോടതിയിൽ ഹർജി സമർപ്പിച്ചത്. താന്‍ കടുവയ്ക്കായി എഴുതിയ കഥാപാത്രവുമായും രംഗങ്ങളുമായും സുരേഷ് ഗോപി ചിത്രത്തിന് സാദൃശ്യം തോന്നിയതു കൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും അത്തരത്തിലുള്ള പകർപ്പവകാശലംഘനങ്ങളില്ലെങ്കിൽ ചിത്രവുമായി മുന്നോട്ടു പോകുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും ജിനു എബ്രഹാം പ്രതികരിച്ചു.
കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച രേഖകളും കോടതിയിൽ ഹാജരാക്കി. ഇവ പരിഗണിച്ചാണ് ഹർജിയിൽ കോടതി നടപടി സ്വീകരിച്ചത്. സുരേഷ്‌ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ്, സമൂഹ മാധ്യമങ്ങളിലുൾപ്പടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞാണ് കോടതി നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |