ഒറ്റപ്പാലം: തെരുവുനായ കുറുകെ ചാടിയുണ്ടായ അപകടത്തിൽപ്പെട്ട് മരിച്ച വാഹനയാത്രക്കാരന്റെ കുടുംബത്തിന് നഗരസഭ 18.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ഒമ്പത് വർഷം മുമ്പ് മരിച്ച ഈസ്റ്റ് ഒറ്റപ്പാലം കുന്നത്ത് സെയ്തലവിയുടെ കുടുംബത്തിനാണ് സുപ്രീം കോടതി നിയോഗിച്ച സിരിജഗൻ സമിതിയുടെ ഉത്തരവ് പ്രകാരം നഷ്ടപരിഹാരം ലഭിക്കുക.
സെയ്തലവിയുടെ ഭാര്യയും മുൻ നഗരസഭാ കൗൺസിലറുമായിരുന്ന ഫാത്തിമ നഷ്ടപരിഹാരത്തിനായി ഇൻഷ്വറൻസ് കമ്പനിയെ സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. തുടർന്ന് 2016ൽ ഫാത്തിമ സിരിജഗൻ സമിതിയെ സമീപിച്ചു. വാദം കേട്ട സമിതി 2016 മുതലുള്ള പലിശയടക്കം 18.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നഗരസഭയോട് നിർദ്ദേശിക്കുകയായിരുന്നു. തെരുവ് നായ്ക്കളെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്കായതിനാൽ നഷ്ടപരിഹാരം നൽകാൻ നഗരസഭയ്ക്ക് ബാദ്ധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ആലോചിച്ചെങ്കിലും സർക്കാർ നിർദ്ദേശത്തെ തുടർന്ന് നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞ ദിവസം കൂടിയ കൗൺസിൽ തീരുമാനിക്കുകയായിരുന്നു. തനത് ഫണ്ടിൽ നിന്ന് തുക കണ്ടെത്തി സെയ്തലവിയുടെ കുടുംബത്തിന് കൈമാറുമെന്ന് നഗരസഭാ ചെയർമാൻ എൻ.എം.നാരായണൻ നമ്പൂതിരി പറഞ്ഞു.
2011 ഫെബ്രുവരി ആറിന് പുലർച്ചെ പാലക്കാട് - കുളപ്പുള്ളി സംസ്ഥാന പാതയിൽവച്ചാണ് വസ്ത്ര വ്യാപാരിയായിരുന്ന സെയ്തലവി അപകടത്തിൽപെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |