ന്യൂയോർക്ക് : പതിറ്റാണ്ടിലേറെയായി ടെന്നീസ് കളിത്തിൽ നിറഞ്ഞുനിൽക്കുന്ന അമേരിക്കൻ വനിതാതാരം സെറീന വില്ല്യംസിന് കളിക്കളത്തിൽ പുതിയ കൂട്ടുകാരിയായി മകൾ അലെക്സിസ് ഒളിമ്പ്യ ഒഹാനിയൻ ജൂനിയർ.
രണ്ടു വയസ്സുകാരിയായ അലെക്സിസ് ഒളിമ്പ്യ റാക്കറ്റേന്തി ടെന്നീസ് കോർട്ടിൽ തനിക്കൊപ്പം ടെന്നീസ് കളിക്കുന്ന ചിത്രം സെറീന തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പങ്കുവെച്ചത്. നിമിഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് ആരാധകരുടെ സ്നേഹം പിടിച്ചുപറ്റി കുഞ്ഞു ഒളിമ്പ്യ. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ഇരുവരും കോർട്ടിൽ കളിക്കാനെത്തിയത്.
പോയിന്റ് നേടിയപ്പോൾ മകൾക്കൊപ്പം സന്തോഷം പങ്കുവെയ്ക്കുന്ന ചിത്രവും സെറീന പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം അമ്മ മകൾക്ക് ഹൈ ഫൈവ് നൽകുന്ന വീഡിയോയും കാണാം.
23 ഗ്രാൻസ്ലാം കിരീടം സ്വന്തമായുള്ള സെറീന റെക്കോഡിന് അരികിലാണ്. ഓഗസ്റ്റ് 31-ന് തുടങ്ങുന്ന യു.എസ് ഓപ്പണിൽ കിരീടം നേടിയാൽ സെറീന, മാർഗരറ്റ് കോർട്ടിന്റെ 24 ഗ്രാൻസ്ലാം കിരീടമെന്ന നേട്ടത്തിനൊപ്പമെത്തും. കഴിഞ്ഞ ഫെബ്രുവരിയിൽ വാഷിങ്ടൺ ഫെഡ് കപ്പ് ക്വാളിഫയറിലാണ് സെറീന അവസാനം കളിച്ചത്. പിന്നീട് കോവിഡ് വ്യാപനത്തെ തുടർന്ന് കോർട്ടുകൾ നിശ്ചലമായതോടെ സെറീനയ്ക്കും റാക്കറ്റേന്താനായില്ല.
2017 നവംബർ 16-നാണ് സെറീന അമേരിക്കയിലെ സോഷ്യൽ ന്യൂസ് കമ്പനിയായ റെഡിറ്റിന്റെ സഹസ്ഥാപകനായ അലെക്സിസ് ഒഹാനിയനെ വിവാഹം ചെയ്തത്. 2015-ൽ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലായിരുന്നു. 2016 ഡിസംബറിൽ ഒഹാനിയൻ സെറീനയെ ജീവിതത്തിലേക്ക് ക്ഷണിച്ചു. 2017 സെപ്റ്റംബറിൽ ഇരുവർക്കും കുഞ്ഞ് പിറക്കുകയും നവംബറിൽ വിവാഹിതരാകുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |