കൂത്തുപറമ്പ്: കണ്ണവം തൊടിക്കളത്ത് സി.പി.എം പ്രവർത്തകനായ യുവാവ് വെട്ടേറ്റ് മരിച്ചു. തൊടിക്കളം അമ്പലത്തിന് സമീപം രേഷ്മാ നിവാസിൽ വി.കെ.രാഗേഷ് (39) ആണ് കൊല്ലപ്പെട്ടത്. തൊടിക്കളം കുടുംബാരോഗ്യകേന്ദ്രത്തിന് സമീപത്തെ യു.ടി.സി കോളനിക്കടുത്ത് വച്ച് ഇന്നലെ പുലർച്ചെ 6.30 ഓടെയാണ് സംഭവം. കോളനി പരിസരത്തെത്തിയ രാഗേഷിനെ ഒരു സംഘം വെട്ടുകയായിരുന്നു. സമീപത്തെ റബർ തോട്ടത്തിനടുത്ത് ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിൽ യുവാവിനെ കണ്ടെത്തിയതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കണ്ണവം പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊതുരംഗത്ത് സജീവമായിരുന്ന രാഗേഷിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമല്ലെന്ന നിലപാടിലാണ് പൊലീസ്. തലശേരി ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പരേതനായ വി.കെ.രാഘവന്റെയും പത്മിനിയുടെയും മകനാണ്. ഭാര്യ: ഷിജി. മക്കൾ: അഞ്ജന, ചന്ദന. സഹോദരങ്ങൾ: രജീഷ്, രേഷ്മ. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സി.പി.എം കൂത്തുപറമ്പ് ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
രണ്ടുപേർ കസ്റ്റഡിയിൽ
സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയ കണ്ണവം പൊലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. തൊടിക്കളം യു.ടി.സി കോളനി സ്വദേശികളായ ബാബു, രവി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. സി.പി.എമ്മിന്റെ സജീവപ്രവർത്തകനായിരുന്ന രാഗേഷ് കണ്ണവത്തെ ആർ.എസ്.എസ് പ്രവർത്തകനായ ചിത്രാംഗദൻ വധക്കേസിൽ പ്രതിയുമായിരുന്നു. ഇതുമായി കൊലപാതകത്തിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകം നടന്നതിനു സമീപത്തായി അപകടാവസ്ഥയിൽ കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നുണ്ട്. സമീപത്തെ ഏതാനും വീടുകൾക്ക് ഭീഷണിയായ ക്വാറിക്കെതിരായ സമരത്തിലും രാഗേഷ് മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്നു. ഇക്കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |