
ആലപ്പുഴ: കേരളത്തിലെ ആരോഗ്യരംഗത്തെ പ്രകീർത്തിച്ച് സ്‌പെയിനിൽ നിന്നുള്ള സോളോ ട്രാവലർ വെറോനിക്ക. ആലപ്പുഴയിലെ ജനറൽ ആശുപത്രിയിലെത്തിയ അനുഭവമാണ് യുവതി വീഡിയോ ആയി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
'സത്യത്തിൽ ഇതെനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു സർക്കാർ ആശുപത്രി ഇത്തരത്തിൽ പ്രവർത്തിക്കുന്നു എന്നത് എന്നെ സംബന്ധിച്ച് അവിശ്വസനീയമായ കാര്യമാണ്. ഇന്ത്യയിൽ മുഴുവൻ സ്ഥലത്തും ഇത്തരത്തിലാണോ എന്നെനിക്ക് അറിയില്ല. എന്റെ നാടായ സ്‌പെയിനിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണണമെങ്കിൽ ഏകദേശം എട്ട് മാസത്തോളം കാത്തിരിക്കണം. എന്നാൽ, ഇന്ത്യയിൽ നേരത്തേ ബുക്ക് ചെയ്യേണ്ട. നേരെ ആശുപത്രിയിലേക്ക് എത്തിയാൽ മതി. അപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം. പത്ത് മിനിട്ടിൽ താഴെ മാത്രം കാത്തിരുന്നാൽ മതി. ഇതെല്ലാം ഒരു സർക്കാർ ആശുപത്രിയിലാണ് സംഭവിച്ചത് എന്നതാണ് ഏറ്റവും വലിയ കാര്യം' - വെറോനിക്ക വീഡിയോയിൽ പറഞ്ഞു.
ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് വെറോനിക്കയുടെ വീഡിയോ കണ്ടത്. നിരവധി മലയാളികൾ വീഡിയോ പങ്കുവച്ചു. കേരളത്തിലെ സർക്കാർ ആശുപത്രിയിൽ നിന്നുണ്ടായ അനുഭവം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രതീക്ഷിക്കരുത് എന്നാണ് ഭൂരിഭാഗംപേരും കമന്റിട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്‌തുവരികയാണ് വെറോനിക്ക. കേരളത്തിൽ വീണ്ടും വരണമെന്നാണ് വീഡിയോയ്‌ക്ക് താഴെ വന്നിരിക്കുന്ന കമന്റുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |