പാറശാല:വസ്തു തർക്കത്തിനിടെ സംഘംചേർന്ന് ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. ചെങ്കൽ ആറയൂർ ചാരക്കവിള പുത്തൻ വീട്ടിൽ സുജിത്ത് (29) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 18 ന് വൈകിട്ട് 5 മണിക്ക് മര്യാപുരം ആർ.സി.ചർച്ചിന് സമീപം കാളിവിളാകം ലക്ഷം വീട് കോളനിക്ക് സമീപത്തുള്ള വിൻസന്റ് എന്ന ആളുടെ കുടുംബവക വസ്തു അളക്കുന്നതിനിടെയാണ് സംഭവം. വിൻസെന്റിനെ സംഘം ചേർന്ന് ദേഹോപദ്രവം ഏൽപ്പിക്കുകയും വിൻസെന്റിന്റെ മരുമകളെയും പഴയഉച്ചക്കട സ്വദേശി മനോജ് എന്നയാളെയും ഇഷ്ടിക കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്തു. ഒന്നാംപ്രതി അഖിൽരാജും മൂന്നും നാലും പ്രതികളും ഒളിവിലാണ്. പാറശാല സബ് ഇൻസ്‌പെക്ടർ ശ്രീലാൽ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ.രതീഷ് കുമാർ, സി.പി.ഒ ഗിരീഷ്, റെജിൻ, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.