കോഴിക്കോട്: യാത്രാ ട്രെയിനുകൾ ഏറെയും ഓടിക്കാനാവാത്ത സാഹചര്യത്തിൽ വൻനഷ്ടം നികത്താൻ കൂടുതൽ ചരക്ക് നീക്കത്തിനുള്ള സാദ്ധ്യത തേടി ബിസിനസ് ഡെവലപ്പ്മെന്റ് യൂണിറ്റുകളുമായി റെയിൽവേ. ചരക്ക് നീക്കത്തിന്റെ വിഹിതം ഗണ്യമായി വർദ്ധിപ്പിച്ച് വരുമാനം ഉയർത്താൻ സോൺ - ഡിവിഷൻ തലങ്ങളിൽ ഈ യൂണിറ്റുകൾക്ക് രൂപം നൽകാനാണ് റെയിൽവേ ബോർഡിന്റെ നിർദ്ദേശം. പരമാവധി വേഗത്തിലും കുറഞ്ഞ നിരക്കിലും ചരക്ക് നീക്കം സാദ്ധ്യമെന്നു കണ്ടാൽ വ്യവസായ വാണിജ്യ മേഖല റെയിൽവേയെ കൈവിടില്ലെന്നാണ് പ്രതീക്ഷ.
വ്യവസായ - വാണിജ്യ മേഖലയെ റെയിൽവേയുമായി കൂടുതൽ അടുപ്പിക്കുകയാണ് ആദ്യ ദൗത്യം. ഇതിന്റെ ഭാഗമായി വ്യവസായ - വാണിജ്യ സ്ഥാപനങ്ങളുമായി നിരന്തരം ബന്ധപ്പെടും. ചെറുകിട ചരക്കുകളും അവഗണിച്ചുകൂടെന്ന് റെയിൽവേ ബോർഡിന്റെ നിർദ്ദേശത്തിൽ ഓർമ്മിപ്പിക്കുന്നുണ്ട്.
ഇടപാടുകാർക്ക് എന്തെങ്കിലും വിഷമമുണ്ടായാൽ ഉടൻ പരിഹരിക്കും. ഇതിനായി സോൺ തലത്തിൽ ചീഫ് ഫ്രൈറ്റ് ട്രാൻസ്‌പോർട്ടേഷൻ മാനേജർ ചെയർമാനായും സീനിയർ ഓപ്പറേറ്റിംഗ് മാനേജർ കൺവീനറായും കമ്മിറ്റിയുണ്ട്. പരാതിക്കാർക്ക് കമ്മിറ്റിയെ സമീപിക്കാം.
യാത്രാട്രെയിനുകൾ നല്ലൊരു പങ്കും സർവീസ് പുന:രാരംഭിച്ചിട്ടില്ലെന്നിരിക്കെ, പ്രധാന റൂട്ടുകളിലൊക്കെയും തിരക്കില്ലെന്നതിനാൽ ഗുഡ്സ് ട്രെയിനുകൾ കൃത്യനിഷ്ഠത പാലിക്കുന്നുണ്ട്. ഉദ്യോഗസ്ഥതലത്തിൽ ഫലപ്രദമായ ഇടപെടലുണ്ടായാൽ ചരക്ക് നീക്കത്തിന്റെ കുത്തക സ്വന്തമാക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് റെയിൽവേ ബോർഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |