കേരള ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ കള്ളക്കടത്ത് പിടികൂടിയതിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങള്‍ സര്‍ക്കാരിനെയാകെ പിടിച്ചുകുലുക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. കൊവിഡ് ഭീഷണിയില്‍ പ്രതിരോധം തീര്‍ക്കേണ്ടകാലത്തും, പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുവാന്‍ വിലപ്പെട്ട സമയം സര്‍ക്കാരിന് ഉപയോഗിക്കേണ്ടി വരുന്നു എന്നതും ആശങ്ക ഉയര്‍ത്തുന്നു. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കണ്ണികള്‍ ഓരോന്നായി പുറത്തു വരവേ മാസങ്ങള്‍ക്ക് മുന്‍പ് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പമേയത്തിന് എന്തിന് അനുമതി നല്‍കിയില്ല എന്ന ചോദ്യമുന്നയിക്കുകയാണ് വി.ടി ബല്‍റാം എം ല്‍ എ.
സംസ്ഥാനത്ത് സ്വര്‍ണ്ണ മാഫിയ പിടിമുറുക്കുന്നതായും കള്ളക്കടത്ത് വ്യാപകമാവുന്നതായും ചൂണ്ടിക്കാട്ടിയാണ് വി.ഡി സതീശന്‍ എം എല്‍ എ പ്രമേയം കൊണ്ടുവന്നത്. സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കുന്ന ഇത്തരം കള്ളക്കടത്തിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് അവതരണാനുമതി നിഷേധിച്ചതെന്തിനെന്ന് അദ്ദേഹം ചോദിക്കുന്നു. ഇക്കാര്യത്തില്‍ ഭരണപക്ഷത്തിന്റെ നിലപാട് ദുരൂഹമായിരുന്നു എന്നും കോണ്‍ഗ്രസ് എം എല്‍ എ ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇപ്പോഴത്തെ സാഹചര്യത്തില്‍ അതീവ ഗൗരവമേറിയതാണ് വി ഡി സതീശന്‍ എംഎല്‍എ മാസങ്ങള്‍ക്ക് മുന്‍പ് നിയമസഭയില്‍ നടത്തിയ ഈ പ്രസംഗം. സംസ്ഥാനത്ത് സ്വര്‍ണ്ണ മാഫിയ പിടിമുറുക്കുന്നതായും കള്ളക്കടത്ത് വ്യാപകമാവുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് രാജ്യത്ത് ജിഎസ്ടി നടപ്പായത്. മുന്‍പ് വാറ്റ് കാലത്ത് വര്‍ഷത്തില്‍ 750 കോടിയോളം രൂപ സ്വര്‍ണ്ണത്തില്‍ നിന്ന് നികുതിയായി ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ ജിഎസ്ടി നടപ്പിലാവുന്നതിലൂടെ ഏറ്റവും കുറഞ്ഞത് 3000 കോടി രൂപയാണ് യഥാര്‍ത്ഥത്തില്‍ സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ നിന്ന് വര്‍ഷം തോറും നികുതിയായി ഖജനാവിലേക്കെത്തേണ്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതോ അതിന്റെ പത്ത് ശതമാനമായ വെറും 300 കോടി മാത്രം! മാര്‍ക്കറ്റില്‍ സ്വര്‍ണ്ണത്തിന്റെ വില എത്ര ഉയര്‍ന്നാലും നികുതി വരുമാനം അതനുസരിച്ച് വര്‍ദ്ധിക്കുന്നതായി കാണുന്നില്ല. അതായത് ഓരോ വര്‍ഷവും 2500-2700 കോടിയുടെ നികുതിച്ചോര്‍ച്ചയാണ് അനധികൃത സ്വര്‍ണ്ണ വ്യാപാരം മൂലം സംസ്ഥാനത്തിനുണ്ടാവുന്നത്. ഈ നികുതി കൃത്യമായി ഖജനാവിലെത്തിക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിച്ചിരുന്നുവെങ്കില്‍ ഒരു ശമ്പള പിടിച്ചുപറിയും കടം വാങ്ങലുമില്ലാതെത്തന്നെ സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് നല്ല നിലയില്‍ ആശ്വാസം ആകുമായിരുന്നു.
റെയ്ഡ് നടത്താനും അനധികൃത സ്വര്‍ണ്ണത്തിനെതിരെ നടപടിയെടുക്കാനുമൊന്നും സംസ്ഥാനത്തിന് അധികാരമില്ല എന്ന ഒഴിവു കഴിവായിരുന്നു പതിവുപോലെ മറുപടി പറഞ്ഞ ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട്. എന്നാല്‍ സ്റ്റേറ്റ് ജിഎസ്ടി നിയമത്തില്‍ ഇതിനുള്ള വകുപ്പുകളും അധികാരങ്ങളും ഉണ്ടായിട്ടും സ്വര്‍ണ്ണ കള്ളക്കടത്ത് തടയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെറുവിരലനക്കുന്നില്ല എന്നാണ് വി ഡി സതീശന്‍ കൃത്യമായി ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന നികുതി വകുപ്പിനെ വരിഞ്ഞുമുറുക്കി പൂര്‍ണ്ണമായും നിഷ്‌ക്രിയമാക്കിയിരിക്കുകയാണ്. ഒരു റെയ്ഡ് പോലും ഈ സര്‍ക്കാര്‍ ഇതുവരെ വകുപ്പിനേക്കൊണ്ട് നടത്തിച്ചിട്ടില്ല. കേന്ദ്ര ഏജന്‍സികളായ കസ്റ്റംസ്, സെന്‍ട്രല്‍ എക്‌സൈസ് എന്നിവരുമായി സംസ്ഥാന GST വകുപ്പ് കൂടിയാലോചനകള്‍ നടത്തുകയും ഏകോപനമുണ്ടാക്കുകയും ചെയ്യണമായിരുന്നു. അങ്ങനെയുള്ള ഒരു ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല.
സംസ്ഥാനത്തിന്റെ സാമ്പത്തിക നിലനില്‍പ്പിനെപ്പോലും ബാധിക്കുന്ന വളരെയേറെ പ്രാധാന്യമുള്ള ഈ വിഷയം അടിയന്തര പ്രമേയമായി നിയമസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയിട്ടും ധനമന്ത്രിയുടെ എതിര്‍പ്പിനേത്തുടര്‍ന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു അന്ന്. ഈ വിഷയം സംസ്ഥാന നിയമസഭ ചര്‍ച്ച ചെയ്യുന്നത് ആരൊക്കെയാണ് ഭയപ്പെടുന്നത് എന്ന് വ്യക്തം.
സ്വര്‍ണ്ണ വ്യാപാര രംഗത്തെ മാഫിയകള്‍ക്ക് കയ്യയച്ച് സഹായം ചെയ്യുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ സമീപനം യാദൃച്ഛികമല്ല എന്നാണ് ഇപ്പോള്‍ ബോധ്യപ്പെടുന്നത്. സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് വരെ സ്വര്‍ണ്ണ കള്ളക്കടത്തുകാരുടെ അഭയകേന്ദ്രമാവുന്ന സ്ഥിതിവിശേഷം നാം കാണുന്നു. സര്‍ക്കാര്‍ ഒത്താശയില്‍ നടക്കുന്ന ഒരു വലിയ അഴിമതിയും സാമ്പത്തിക തട്ടിപ്പുമാണ് ഈ രംഗത്ത് അരങ്ങേറുന്നത്. ഖജനാവില്‍ പണമില്ലാത്തതിനേക്കുറിച്ച് നാഴികക്ക് നാല്‍പ്പത് വട്ടം വിലപിക്കുന്ന ധനമന്ത്രി ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം ദുരൂഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |