മോസ്കോ : ചൈനയിലും മംഗോളിയയിലും പുതുതായി ബ്യുബോണിക് പ്ലേഗ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഏറെ ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. എന്നാൽ ഇതൊരു മുന്നറിയിപ്പായി കണ്ട് ജനങ്ങൾ തങ്ങളുടെ രീതികൾ മാറ്റണമെന്നും അല്ലെങ്കിൽ കൊവിഡിന് പിന്നാലെ മറ്റൊരു ദുരന്തത്തിന് കൂടി സാക്ഷിയാകേണ്ടി വരുമെന്നുമാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.
ബാക്ടീരിയ രോഗമായ പ്ലേഗിന്റെ മൂന്ന് രൂപങ്ങളിൽ ഒന്നാണ് ബ്യുബോണിക് പ്ലേഗ്. പനി, ശരീരവേദന, ചുമ, വിറയൽ തുടങ്ങിയവയാണ് ബ്യുബോണിക് പ്ലേഗിന്റെ ലക്ഷണങ്ങൾ. എലി, അണ്ണാൻ, മാർമറ്റ് തുടങ്ങിയ കരണ്ടു തീനികളിൽ കാണപ്പെടുന്ന ചെള്ളുകളാണ് മനുഷ്യരിൽ ബ്യുബോണിക് പ്ലേഗ് ഉണ്ടാകാനുള്ള പ്രധാന കാരണം. ചിലപ്പോൾ ഈച്ചകൾ വഴിയും രോഗം പകരാൻ സാദ്ധ്യതയുണ്ട്.
ഇപ്പോൾ റിപ്പോർട്ട് ചെയ്ത കേസുകൾ മാർമറ്റുകളിൽ നിന്നാണ് പടർന്നതെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. മാർമറ്റുകളുടെയും മറ്റും മാംസം ഭക്ഷിക്കുന്നത് പൂർണമായും ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ചൈന, മംഗോളിയ പ്രദേശങ്ങളിൽ മാർമറ്റ് മാംസം ഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്.
ചൈനയിലും പടിഞ്ഞാറൻ മംഗോളിയയിലും ബ്യുബോണിക് പ്ലേഗ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് റഷ്യയും. ചൈനയും മംഗോളിയയുമായി അതിർത്തി പങ്കിടുന്ന റഷ്യൻ പ്രദേശങ്ങളിലെ ജനങ്ങൾ മാർമറ്റുകളെ വേട്ടയാടുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്നാണ് നിർദ്ദേശം. പടിഞ്ഞാറൻ മംഗോളിയയിലെ ഖോവ്ദ് പ്രവിശ്യയിൽ 2 പേർക്ക് ബ്യുബോണിക് പ്ലേഗ് സ്ഥിരീകരിച്ചതായി റഷ്യൻ വാർത്താ ഏജൻസി അറിയിച്ചിരുന്നു. വലിയ അണ്ണാന്റെ വകഭേദമായ മൂഷിക വർഗത്തിൽപ്പെട്ട മാർമറ്റുകൾ വഴി മംഗോളിയയിൽ നേരത്തെ ബ്യൂബോണിക് പ്ലേഗ് പടർന്നിട്ടുണ്ട്.
മദ്ധ്യകാലഘട്ടത്തിൽ ' ബ്ലാക്ക് ഡെത്ത് ' എന്ന അപരനാമത്തിൽ ലോകത്തെ വിറപ്പിച്ചതാണ് ബ്യുബോണിക് പ്ലേഗ്. യൂറോപ്പിൽ മാത്രം ഏകദേശം 50 ദശലക്ഷത്തോളം പേരുടെ ജീവനാണ് ബ്ലാക്ക് ഡെത്ത് കവർന്നത്. അതായത്, യൂറോപ്പിന്റെ അന്നത്തെ ജനസംഖ്യയുടെ പകുതിയോളം ബ്ലാക്ക് ഡെത്ത് തുടച്ചു നീക്കിയിരുന്നു. എന്നാൽ ഇപ്പോൾ ശരിയായ ചികിത്സയിലൂടെ ജീവൻ രക്ഷിക്കാൻ സാധിക്കും.
മംഗോളിയ തങ്ങളുടെ റഷ്യൻ അതിർത്തി പ്രദേശത്തെ കഴിഞ്ഞാഴ്ച തന്നെ ക്വാറന്റൈനിലാക്കിയിരുന്നു. മാർമറ്റ് മാംസം ഭക്ഷിച്ച രണ്ട് പേർക്ക് ബ്യുബോണിക് പ്ലേഗ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു ഇത്. രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ട 146 പേരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കിയതായി മംഗോളിയയിലെ നാഷണൽ സെന്റർ ഫോർ സൂണോട്ടിക് ഡിസീസ് അറിയിച്ചിരുന്നു.
ഖോവ്ദ് പ്രവിശ്യയിൽ തന്നെ സെക്കന്ററി കോൺടാക്ട് ലിസ്റ്റിൽപ്പെട്ട 504 പേരെയും ഐസൊലേറ്റ് ചെയ്തതായി മംഗോളിയൻ അധികൃതർ പറയുന്നു. 2019ൽ മാർമറ്റ് മാംസം ഭക്ഷിച്ച ദമ്പതികൾ ബ്യുബോണിക് പ്ലേഗ് ബാധിച്ച് മരിച്ചിരുന്നു.
ഇപ്പോൾ സ്ഥിതി പൊതുവെ ആശങ്കാജനകമല്ലെന്നാണ് വിലയിരുത്തൽ.
ചൈനയിലെ ഇന്നർ മംഗോളിയ പ്രവിശ്യയിലെ ബെയന്നൂർ നഗരത്തിലും പ്ലേഗ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |