ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ കുറിച്ചും. പോര്‍വിമാനങ്ങളെ ഇന്ത്യ വിന്യസിച്ചതിനെ കുറിച്ചുമൊക്കെ ആളുകള്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ ഈ വിമാനം മനസില്‍ ഒരു പക്ഷേ ആ പരസ്യ വാചകം ഓര്‍ക്കും, ഞാനുമൊരു വര്‍ണപട്ടമായിരുന്നു... കാരണം ഒരു കാലത്ത് ഇന്ത്യയുടെ അതിര്‍ത്തികള്‍ സംരക്ഷിച്ചതിലും, ശത്രു രാജ്യങ്ങളെ യുദ്ധത്തില്‍ തോല്‍പ്പിച്ചതിലുമെല്ലാം മിഗ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് നല്‍കിയ പങ്ക് ചെറുതല്ല. എന്നാല്‍ പ്രായാധിക്യത്താലും, പുതുതലമുറ പോര്‍ വിമാനങ്ങളെ പോലെ മെയ്‌വഴക്കം ഇല്ലാത്തതുമെല്ലാം മിഗ് 21 വിമാനങ്ങളെ കൈയ്യൊഴിയാന്‍ രാജ്യത്തെ പ്രേരിപ്പിച്ചു. കൂട്ടത്തില്‍ കുറച്ച് വിമാനങ്ങളെ അപ്‌ഗ്രേഡ് ചെയ്യുകയും ചെയ്തു.
ഒട്ടും ഉപയോഗിക്കാനാവാത്ത വിമാനങ്ങളെ പൊളിച്ചടുക്കി ആക്രി വസ്തുക്കളായി കണക്കാക്കി കൈയ്യൊഴിയുകയായിരുന്നു. അത്തരത്തില്‍ ഒരു മിഗ് വിമാനമാണ് ഇപ്പോള്‍ ഹരിയാനയില്‍ റോഹ്തക്-ദില്ലി ഹൈവേയിലെ 'മഹാരാജാ ധാബ'യ്ക്ക് മുന്നില്‍ കാണികളെ ആകര്‍ഷിക്കുന്നത്. ഹൈവേയിലൂടെ ചീറി പായുന്ന വാഹനങ്ങളിലുള്ളവര്‍ വിമാനത്തെ കാണുമ്പോള്‍ തന്നെ ബ്രേക്കില്‍ കാലമര്‍ത്തും, പിന്നെ സെല്‍ഫിയായി, ഫോട്ടോയായി കൂട്ടത്തില്‍ ഹോട്ടലിലേക്ക് കയറുമ്പോള്‍ മുതലാളിയും ഹാപ്പി. മിഗ് വിമാനത്തിന് ഇവിടെ രണ്ട് കൂട്ടുകാരും ഉണ്ട്, രണ്ട് ട്രാക്ടറുകളാണ് അവ, ജയ് ജവാന്‍ ജയ് കിസാന്‍ മുദ്രാവാക്യം പോലെ അടുത്തടുത്തായി ഇവയുണ്ട്.
2019 ല്‍ ഭക്ഷണശാല ഉദ്ഘാടനം ചെയ്തപ്പോള്‍ തന്നെ മിഗ് വിമാനത്തെ അതിഥിയായി ഇവിടെ എത്തിച്ചു, എഞ്ചിന്‍ നീക്കം ചെയ്ത ഈ വിമാനത്തെ പഠാന്‍കോട്ടില്‍ നിന്നുമാണ് ലേലത്തില്‍ പിടിച്ചതെന്ന് ഹോട്ടല്‍ മാനേജര്‍ കമല്‍ സോഡി പറഞ്ഞു. കഷ്ണങ്ങളായി പൊളിച്ച ശേഷം ഇവിടെ കൊണ്ടുവന്നു കൂട്ടിയോജിപ്പിക്കുകയായിരുന്നു. ഒരുകാലത്ത് സോവിയറ്റ് യൂണിയന്റെ അഭിമാനമായിരുന്ന മിഗ് 21 വിമാനം 1950കളിലാണ് നിര്‍മ്മാണം തുടങ്ങിയത്. ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്നായി ഇതിന് ഇപ്പോഴും പ്രശസ്തി ഉണ്ട്. അതേ സമയം ആക്രിയായി വിമാനങ്ങളെ പൊളിച്ച് വില്‍ക്കുമ്പോഴും പൂര്‍ണരൂപത്തിലാക്കുവാനുള്ള ഭാഗങ്ങള്‍ ഒന്നിച്ച് സേന വില്‍ക്കാറില്ലെന്ന് വ്യോമസേന ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നു. ഹോട്ടലിലെ വിമാനം മോഡിഫൈ ചെയ്തതാവാനാണ് സാദ്ധ്യത. രാജ്യത്തെ വിവിധ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ പരിശീലക കേന്ദ്രങ്ങളും ഇത്തരം വിമാനങ്ങള്‍ക്ക് വ്യോമസേനയ്ക്ക് അപേക്ഷ നല്‍കാറുണ്ട്. മോശമായി കേടായ വിമാനം മാത്രമേ മൊത്തത്തില്‍ നല്‍കാതെ ഭാഗങ്ങളായി സ്‌ക്രാപ്പായി വില്‍ക്കാന്‍ വ്യോമസേന തീരുമാനിച്ചിട്ടുള്ളുവെന്ന് മുന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫും മുന്‍ യുദ്ധവിമാന പൈലറ്റുമായ എയര്‍ മാര്‍ഷല്‍ എം മാതേശ്വരന്‍ (റിട്ട.) പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |