തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതി ചേർക്കപ്പെട്ട സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പിൽ നിയമിച്ചത് സംബന്ധിച്ച് സംസ്ഥാനതലത്തിൽ അന്വേഷണം നടക്കുമെന്ന് സൂചന. നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കണമെന്ന് സി.പി.എമ്മിൽ ധാരണയായെന്നാണ് സൂചന. സംസ്ഥാന സർക്കാർ ഉടൻ തന്നെ അന്വഷണത്തിന് ഉത്തരവിടുമെന്നും സൂചനയുണ്ട്. സംസ്ഥാന സർക്കാരിന് സമ്പൂർണമായും രക്ഷകവചം തീർക്കാനാണ് പാർട്ടി തീരുമാനം.
സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നവരുടെ ഗൂഢലക്ഷ്യങ്ങൾ വിവരിച്ച് സി.പി.എം. സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കിയതും ഇത് മുൻനിർത്തിയാണ്. കേന്ദ്ര അന്വേഷണം രാഷ്ട്രീയമായി സർക്കാരിനെതിരെ ഉപയോഗിക്കുമോയെന്ന കാര്യവും പാർട്ടി സൂക്ഷ്മമായി വിലയിരുത്തും. കള്ളക്കടത്ത്, സാമ്പത്തിക ഇടപാട് എന്നീ തലങ്ങളിൽ നിന്ന് കേസ് മാറിപോകാതിരിക്കാനുള്ള കരുതലായിരിക്കും സി.പി.എം സ്വീകരിക്കുക.
മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ കേസിനെപറ്റി വിശദീകരിക്കുന്നത് അല്ലാതെ സർക്കാർ പ്രതിനിധികളാരും ഇനി രാഷ്ട്രീയ പ്രതിരോധത്തിനിറങ്ങില്ല. രോഗപ്രതിരോധവും ജനക്ഷേമ ഇടപെടലും ഉറപ്പാക്കി മുഖം മെച്ചപ്പെടുത്താനുള്ള ശ്രമമാകും ഇനിയുണ്ടാവുക. ഇതിന് പാർട്ടി തലത്തിൽ പൂർണ പിന്തുണ നൽകാനാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |