മാള: പി.എസ്.സിയുടെ പല റാങ്ക് പട്ടികകളിൽ ഇടംപിടിക്കുന്നവർ താല്പര്യമില്ലാത്തവയിൽ നിന്ന് ഒഴിവായി മറ്റുള്ളവർക്ക് അവസരം ഒരുക്കാനുള്ള നടപടി ലളിതമാക്കണമെന്ന മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശം കടലാസിലൊതുങ്ങി. ഇതുകാരണം താഴത്തെ റാങ്കിലുള്ള പലർക്കും നിയമനാവസരം നഷ്ടമാവുകയോ, വൈകുകയോ ചെയ്യുന്നു.
അനുയോജ്യമായവ തിരഞ്ഞെടുത്ത് സ്വയം ഒഴിയാനുള്ള നടപടി ഓൺലൈൻ വഴിയാക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരിയാണ് നിർദ്ദേശം നൽകിയത്. പാലക്കാട് പനയൂർ സ്വദേശി കെ.കെ. റിജു നൽകിയ പരാതിയിൽ കഴിഞ്ഞ ഫെബ്രുവരി 11നായിരുന്നു ഉത്തരവ്. നിയമനം വേണ്ടെന്നുവയ്ക്കുന്നതിനുള്ള സമ്മതപത്രം അവരുടെ പി.എസ്.സി പ്രൊഫൈൽ വഴി സ്വീകരിച്ച് പരിഹാരം കാണാനായിരുന്നു നിർദ്ദേശം. റാങ്ക് പട്ടികയിൽ ഉൾപ്പെടുന്നയാൾ, രേഖാമൂലം അഭ്യർത്ഥിക്കുന്നതിലൂടെ നടപടിക്രമം റൂൾ 18(2)ലെ വ്യവസ്ഥകൾക്ക് വിധേയമായാണ് നിയമനങ്ങളിൽ നിന്ന് ഒഴിവാകുക. നോട്ടറി സാക്ഷ്യപ്പെടുത്തി നൽകിയാൽ മാത്രമേ, ഉദ്യോഗാർത്ഥി സമർപ്പിക്കുന്ന അപേക്ഷയ്ക്ക് സ്വീകാര്യതയുണ്ടാകൂവെന്നാണ് പി.എസ്.സി സെക്രട്ടറി മറുപടി നൽകിയത്. പ്രൊഫൈൽ വഴി സ്വീകരിക്കണമെന്ന നിർദ്ദേശം പരിശോധിക്കുമെന്നും കമ്മിഷനെ അറിയിച്ചിരുന്നു.
പലപ്പോഴും താഴത്തെ റാങ്കുകളിലുള്ളവർ ഉയർന്ന റാങ്കുള്ള, ജോലി വേണ്ടാത്തവരെ കണ്ടെത്തി അവരുടെ സമ്മതപത്രം വാങ്ങി പി.എസ്.സിക്ക് നൽകിയാണ് നിയമനത്തിന് അവസരം ഒരുക്കുന്നത്.
........................
മറ്റു ജോലി ലഭിച്ച റാങ്ക് ലിസ്റ്റിലുള്ളവരെ കണ്ടെത്തി സമ്മതപത്രം വാങ്ങുക പലപ്പോഴും ശ്രമകരമാണ്. മുദ്രപ്പത്രം നോട്ടറി സാക്ഷ്യപ്പെടുത്തുന്നതിനും ചെലവുണ്ട്. യാത്രാച്ചെലവും വേറെ വരും. ഇപ്പോഴത്തെ സാഹചര്യത്തിൽ ജോലി കിട്ടിയ ഒരാളെ തേടി പോകാൻ കഴിയാത്ത അവസ്ഥയാണ്.
എസ്. ശരത് കുമാർ
സംസ്ഥാന പ്രസിഡന്റ്,
ഫെഡറേഷൻ ഒഫ് വേരിയസ് പി.എസ്.സി
റാങ്ക് ഹോൾഡേഴ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |