ബാങ്കോക്ക്: കൊറോണ വൈറസിനെതിരെയുള്ള വാക്‌സിൻ മനുഷ്യനിൽ പരീക്ഷിക്കാൻ ഒരുങ്ങി തായ് ഗവേഷകർ. വരുന്ന നവംബറിൽ മനുഷ്യരിൽ പരീക്ഷിക്കാൻ കഴിയും വിധം പതിനായിരത്തോളം ഡോസുകൾ തയാറാകുമെന്ന് ബാങ്കോക്കിലെ ചുലലങ്കോൺ യൂണിവേഴ്സിറ്റിയിലെ വാക്സിൻ ഗവേഷകർ അറിയിച്ചു.
'നിലവിലെ പരീക്ഷണങ്ങൾ വിജയത്തിലേക്ക് കടന്നതോടെ മനുഷ്യരിൽ അവ പരീക്ഷിക്കാനുള്ള രീതിയിൽ ഡോസ് തയ്യാറാക്കുന്ന തിരക്കിലാണ് ഞങ്ങളുടെ ഗവേഷകർ. കൊവിഡ് പ്രതിരോധ മരുന്ന് അടുത്ത വർഷം അവസാനത്തോടെ വിപണിയിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും" യൂണിവേഴ്സിറ്റി ഡയറക്ടർ കിയാത് റക്സ്റംഗ്തം അറിയിച്ചു. മരുന്നിന്റെ ആദ്യ ഘട്ട പരീക്ഷണം ഒക്ടോബറിൽ പൂർത്തിയാകും. രണ്ടാം ഘട്ടം നവംബറിലും. അതിനു ശേഷമാകും മനുഷ്യരിലെ പരീക്ഷണത്തിനുള്ള കാര്യങ്ങൾ ആരംഭിക്കുക. 18 നും 60നും ഇടയിൽ പ്രായമുള്ള 5000 പേരിലാണ് പരീക്ഷണം നടത്താൻ ആലോചിക്കുന്നത്. ഇതിനായി തായ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ആന്റ് എത്തിക്സ് കമ്മിറ്റിയുടെ അനുമതി ലഭിക്കാനുണ്ട്. പരീക്ഷണം വിജയിച്ചാൽ അടുത്ത വർഷം പകുതി കഴിയുമ്പോഴേക്ക് മരുന്ന് വിപണിയിലെത്തിക്കുന്ന രാജ്യമാകും തായ്‌ലാൻഡെന്നും കിയാത് പറയുന്നു. കൊവിഡ് പ്രതിരോധ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിന് അംഗീകാരമായില്ലെങ്കിലും ചൈന ഉൾപ്പെടെ പല രാജ്യങ്ങളും ഇത്തരം പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുന്നുണ്ട്. നിലവിൽ 19 പേരാണ് ഇത്തരം പരീക്ഷണത്തിന് വിധേയരായിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |