
തൊടുപുഴ: സംസ്ഥാനത്തിന്റെ 10 തനത് ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കി, 'കേരള ബ്രാൻഡ് " എന്ന പേരിൽ ആഗോള വിപണിയിൽ എത്തിക്കുന്ന പദ്ധതിയിലുൾപ്പെട്ട തേയിലയിൽ 30 ശതമാനവും തമിഴ്നാടൻ. കേരള ബ്രാൻഡിൽ ഇറക്കുന്ന തേയിലപ്പൊടിയുടെ 30 ശതമാനം വരെ പുറത്തു നിന്നുള്ള തേയില കലർത്താൻ സർക്കാർ അനുമതി നൽകിയതാണ് ഇടുക്കിയിലെയും വയനാട്ടിലെയും ചെറുകിട തേയില കർഷകർക്ക് ഇരുട്ടടിയായത്. ഇതോടെ നിലവാരം കുറഞ്ഞ തമിഴ്നാടൻ തേയില വ്യാപകമായി അതിർത്തി കടന്നെത്തും.
ടീ ബോർഡിന്റെ വിലക്ക് വകവയ്ക്കാതെ വർഷങ്ങളായി തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കേരളത്തിലെ ഫാക്ടറികളിലേക്ക് പച്ചക്കൊളുന്ത് കടത്തുന്നുണ്ട്. പ്രധാനമായും ഊട്ടിയടക്കമുള്ള സ്ഥലങ്ങളിൽ നിന്നുള്ള തേയിലയാണ് കൊളുന്ത് വ്യാപാരികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി നാട്ടിലെ ഫാക്ടറികളിലെത്തിക്കുന്നത്.
ചെറുകിട കർഷകരുടെ വയറ്റത്തടിച്ച് സർക്കാർ
മൂന്നാറടക്കമുള്ള കേരളത്തിലെ തോട്ടങ്ങളിൽ ഉത്പാദിപ്പിക്കുന്ന തേയിലയുടെ നാലിലൊന്ന് പോലും ഗുണമേന്മയില്ലാത്തവയാണ് അതിർത്തി കടന്നെത്തുന്നത്. താരതമ്യേന ഇടുക്കിയിൽ നിന്ന് ലഭിക്കുന്ന കൊളുന്തിനേക്കാൾ വില കുറവായതിനാൽ ഫാക്ടറി ഉടമകൾക്ക് ഇവയോടാണ് പ്രിയം. സംസ്‌കരണവേളയിൽ ഇവ നാടൻ തേയിലയ്‌ക്കൊപ്പം കലർത്തി കമ്പനികൾ കൊള്ളലാഭം കൊയ്യുകയാണ്. സർക്കാർ ഈ കടത്തിന് അനുമതി നൽകിയതോടെ ഇനി വൻതോതിൽ തമിഴ്നാടൻ തേയില കേരളത്തിലേക്ക് എത്തും. ഇതോടെ ഇവിടത്തെ പച്ചക്കൊളുന്ത് ഫാക്ടറികൾക്ക് വേണ്ടാതാകും. വ്യവസായികളുടെ സമ്മർദ്ദത്തെ തുടർന്നാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് സൂചന. ചെറുകിട തേയില കർഷകർക്ക് ഗുണകരമാകുമെന്ന് പറഞ്ഞ് സർക്കാർ കൊണ്ടുവന്ന കേരള ബ്രാൻഡ് ഇതോടെ കർഷകന്റെ അന്തകനാകുമെന്നാണ് ആശങ്ക.
കേരള ബ്രാൻഡ്
സംസ്ഥാനത്തിന്റെ തനത് ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കി ആഗോള വിപണിയിൽ എത്തിക്കാൻ ലക്ഷ്യമിട്ടാണ് 'കേരള ബ്രാൻഡ്' പദ്ധതിക്ക് രൂപം കൊടുത്തത്. തുടക്കത്തിൽ വെളിച്ചെണ്ണയും പിന്നീട് കാപ്പി, തേയില, തേൻ, നെയ്യ്, കുപ്പിവെള്ളം, പ്ലൈവുഡ്, പാദരക്ഷകൾ, പി.വി.സി പൈപ്പുകൾ, സർജിക്കൽ റബ്ബർ ഗ്ലൗസ്, കന്നുകാലിത്തീറ്റ എന്നിവയുമാണ് 'കേരള ബ്രാൻഡ് " ലേബലിലുള്ള പത്ത് ഉത്പന്നങ്ങൾ. തേയിലയൊഴികെയുള്ള ബാക്കി ഒമ്പത് ഉത്പന്നങ്ങളും പൂർണമായും കേരളത്തിൽ ഉത്പാദിപ്പിച്ചതാണ്.
20,000 കർഷകർ
ചെറുകിട തേയില കർഷക ഫെഡറേഷന്റെ കണക്കനുസരിച്ച് ഇടുക്കി ജില്ലയിൽ മാത്രം ഏകദേശം ഇരുപതിനായിരത്തിലധികം ചെറുകിട തേയില കർഷകരുണ്ട്. പീരുമേട്, ദേവികുളം, ഇടുക്കി തുടങ്ങിയ പ്രദേശങ്ങളിലാണ് ചെറുകിട തേയില കൃഷിക്കാർ കൂടുതലുള്ളത്.
കേരള ബ്രാൻഡ് തേയിലയിൽ പുറത്തു നിന്നുള്ള തേയില കലർത്താൻ അനുമതി നൽകിയത് ചെറുകിട തേയില കർഷകരുടെ വയറ്റത്തടിയ്ക്കുന്ന നടപടിയാണ്. സർക്കാർ തീരുമാനത്തിനെതിരെ ചെറുകിട കർഷകർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
വൈ.സി. സ്റ്റീഫൻ
ചെറുകിട തേയില കർഷക ഫെഡറേഷൻ പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |