ന്യൂഡൽഹി: ഭക്ഷ്യോത്പന്നങ്ങളുടെ വില ഉയർന്നെങ്കിലും കഴിഞ്ഞമാസം മൊത്തവില (ഹോൾസെയിൽ) സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം നെഗറ്രീവ് 1.81 ശതമാനത്തിലേക്ക് താഴ്‌ന്നു. കഴിഞ്ഞവർഷം ജൂണിൽ ഇത് പോസിറ്റീവ് 2.02 ശതമാനവും ഇക്കഴിഞ്ഞ മേയിൽ നെഗറ്റീവ് 3.21 ശതമാനവുമായിരുന്നു. ഇന്ധന, വൈദ്യുതി വിലകൾ താഴ്‌ന്നതാണ് ജൂണിലും മൊത്തവില നാണയപ്പെരുപ്പം നെഗറ്റീവ് തലത്തിൽ തുടരാൻ കാരണമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം വ്യക്തമാക്കി.
ഇന്ധന, വൈദ്യുതി വിലനിലവാരം മേയിലെ 19.83 ശതമാനത്തിൽ നിന്ന് ജൂണിൽ 13.60 ശതമാനത്തിലേക്ക് താഴ്‌ന്നു. എന്നാൽ, ഭക്ഷ്യോത്പന്ന വിലനിലവാരം (ഭക്ഷ്യവിലപ്പെരുപ്പം) ജൂണിൽ 2.04 ശതമാനമാണ്; മേയിലിത് 1.13 ശതമാനമായിരുന്നു. മാനുഫാക്‌ചറേഡ് ഉത്‌പന്നങ്ങളുടെ വിലനിലവാരം മേയിലെ നെഗറ്രീവ് 0.42 ശതമാനത്തിൽ നിന്ന് പോസിറ്രീവ് 0.08 ശതമാനമായി ഉയർന്നു. ഏപ്രിലിൽ മൊത്തവില നാണയപ്പെരുപ്പം 1.57 ശതമാനമായിരുന്നു.
അതേസമയം, ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ നാണയപ്പെരുപ്പം ജൂണിൽ 6.09 ശതമാനമായി ഉയർന്നുവെന്ന് കഴിഞ്ഞദിവസം കേന്ദ്രം വ്യക്തമാക്കിയിരുന്നു. 2019 ജൂണിൽ ഇത് 3.18 ശതമാനമായിരുന്നു. പലയിടത്തും ലോക്ക്ഡൗൺ തുടരുന്നതിനാൽ ജൂണിലേത് ഭാഗിക കണക്കുമാത്രമാണെന്നും സർക്കാർ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |