തിരുവനന്തപുരം : രാജ്യത്ത് കൊവിഡ് കേസുകള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിരുന്നു, ഒരു ഘട്ടത്തില്‍ എറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും കേരളത്തിലായിരുന്നു. തുടര്‍ന്ന് ബ്രേക്ക് ദ ചെയിന്‍ കാമ്പയിനുള്‍പ്പടെയുള്ള പരിപാടികളിലൂടെ കൊവിഡ് വ്യാപനം തടയുന്നതിനുള്ള സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള പരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു. സോപ്പ്, സാനിറ്റൈസര്‍ ഉപയോഗിച്ചുള്ള കൈകഴുകല്‍, സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങിയ സന്ദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ടം 'തുപ്പല്ലേ തോറ്റുപോകും' എന്ന പേരിലാണ് സംസ്ഥാനമൊട്ടാകെ പ്രചരിപ്പിച്ചത്.
എന്നാല്‍ ഇപ്പോള്‍ കൊവിഡ് വ്യാപനം സമ്പര്‍ക്കത്തിലൂടെ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ജീവന്റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യമാണ് ഈ ഘട്ടത്തില്‍ കൊണ്ടുവന്നിട്ടുളളത്. സംസ്ഥാനത്തെ കൊവിഡ് രോഗികളില്‍ അറുപത് ശതമാനവും പ്രകടമായ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ല. അതിനാല്‍ തന്നെ ആരില്‍ നിന്നും രോഗം പടരാം എന്ന ജാഗ്രതാ സന്ദേശമാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. പ്രതിദിന കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രോഗലക്ഷമുള്ളവരെ നമുക്ക് തിരിച്ചറിയാനാവും എന്നാല്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തയാളുകളിലും കൊവിഡ് കണ്ടെത്തുന്ന സാഹചര്യത്തില്‍ ആരില്‍ നിന്നും രോഗം പടരാം എന്ന് മനസിലാക്കാം.മാര്‍ക്കറ്റുകള്‍, തൊഴിലിടങ്ങള്‍, വാഹനങ്ങള്‍, ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയഇടങ്ങളില്‍നിന്ന്ആരില്‍നിന്നും ആര്‍ക്കും രോഗം വരാം. ഒരാളില്‍നിന്ന് ചുരുങ്ങിയത് രണ്ട് മീറ്റര്‍ അകലം പാലിച്ചുകൊണ്ട് സ്വയം സുരക്ഷിതരായിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ അകലത്തില്‍ നില്‍ക്കുമ്പോഴും മാസ്‌ക്ക് ധരിക്കുകയും കൈകള്‍ സോപ്പും, സാനിറ്റൈസറും ഉപയോഗിച്ച് അണുവിമുക്തമാക്കണം. ജാഗ്രതയുണ്ടെങ്കില്‍ മാത്രമേ മരണനിരക്ക് കുറയ്ക്കാനാവു, അതിനാല്‍ ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |