ജയ്പൂർ: രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെയും അദ്ദേഹത്തിനൊപ്പമുളള 18 എം.എൽ.എമാരെയും അയോഗ്യരാക്കിയ സ്പീക്കർ സി.പി ജോഷിയുടെ നടപടി ചോദ്യം ചെയ്തു കൊണ്ടുളള ഹർജി നാളെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. നാളെ ഉച്ചയ്ക്ക് ഒരു മണിയോടു കൂടിയാണ് കേസ് പരിഗണിക്കുക. ഇന്ന് സിംഗിൾ ബെഞ്ച് കേസ് പരിഗണിച്ചിരുന്നെങ്കിലും നിയമങ്ങളിലെ ഭേദഗതി ചോദ്യം ചെയ്തുകൊണ്ടുളള ഹർജിയായതിനാൽ കേസ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു.മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവേ, മുകുൾ റോഹ്തഗി എന്നിവരുടെ നേതൃത്വത്തിലുള്ള നിയമസംഘമാണ് പൈലറ്റിന് വേണ്ടി വാദിക്കുന്നത്.
കേസിൽ വാദം കേൾക്കണമെന്ന് കോൺഗ്രസ് ചീഫ് വിപ്പും കോടതിയോട് ആവശ്യപ്പെട്ടു. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്‌വിയാണ് കോടതിയിൽ കോൺഗ്രസിന് വേണ്ടി വാദിക്കുക.സച്ചിൻ പെെലറ്റ് കോൺഗ്രസ് അദ്ധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായിരുന്നപ്പോൾ തന്നെ കോൺഗ്രസിന് എതിരായി ബി.ജെ.പിക്ക് ഒപ്പം നിന്നു പ്രവർത്തിച്ചുവെന്നും നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു.എന്നാൾ ഈ ആരോപണങ്ങൾ സച്ചിൻ പൈലറ്റും ബി.ജെ.പിയും നിഷേധിച്ചു. പാർട്ടിക്കുളളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ വിളിച്ചു ചേർത്ത രണ്ടു യോഗങ്ങളിലും സച്ചിൻ പൈലറ്റ് പങ്കെടുക്കാതിരുന്നതിനെ തുടർന്നാണ് ഇദ്ദേഹത്തെ പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തു നിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കോൺഗ്രസ് മാറ്റിയത്. രാജസ്ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധിക്ക് നിർണായകമായേക്കാവുന്ന കോടതിയുടെ ഇടപെടലിനായി കാത്തിരിക്കുകയാണ് രാഷ്‌ട്രീയ നിരീക്ഷകർ.
അതേസമയം സച്ചിൻ പൈലറ്റ് വിമതനീക്കം നടത്തിവരുന്നതിനിടയിൽ മുതിർന്ന ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ അശോക് ഗെലോട്ട് സർക്കാരിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയതായി എൻ.ഡി.എ ഘടക കക്ഷി ആരോപിച്ചു. വസുന്ധര രാജെ അടുപ്പമുള്ള കോൺഗ്രസ് എം.എൽ.എമാരെ വിളിച്ച് ഗെലോട്ടിനെ പിന്തുണക്കാൻ ആവശ്യപ്പെട്ടതായി ലോക്സഭാ എംപി ഹനുമാൻ ബെനിവാൾ പറഞ്ഞു. ട്വിറ്ററിലൂടെയായണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിക്കുന്ന തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |