കൊല്ലം: കാഴ്ചയിൽ സുമുഖൻ, പക്വതയുള്ള വർത്തമാനം, മാന്യമായ വേഷം.. രാജേഷ് ജോർജ്ജ് തട്ടിപ്പിന്റെ സുൽത്താനാണെന്ന് കണ്ടാൽ പറയില്ല. ആയിരം മുതൽ ലക്ഷങ്ങൾ വരെ പലരിൽ നിന്നും തട്ടിയെടുത്ത് 'മാന്യനായി' ജീവിച്ചുവരവെയാണ് പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്ത പൊലീസുകാർ ഞെട്ടി, തട്ടിപ്പ് നടത്തിയത് നൂറ്റമ്പതിൽപരം. പിടിക്കപ്പെട്ടിട്ടുമുണ്ട്. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലുമായി വിപുലമായ തട്ടിപ്പിന് പദ്ധതി തയ്യാറാക്കിയിരുന്നതുമാണ്.
രാജേഷ് ജോർജ്ജ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായതോടെ കസ്റ്റഡിയിൽ കിട്ടാനായി ഒട്ടുമിക്ക സ്റ്റേഷനുകളിൽ നിന്നും വിളിയെത്തുന്നുണ്ട്. ഇനി തട്ടിപ്പ് കഥകളുടെ ചുരുളഴിയാൻ തുടങ്ങുകയാണ്. പത്തനംതിട്ട മല്ലപ്പള്ളി വെസ്റ്റ് ആലുംമൂട്ടിൽ ജോർജ്ജ് കുട്ടിയുടെ മകനായ രാജേഷ് ജോർജ് (46) തട്ടിപ്പിന്റെ കുപ്പായമിട്ടിട്ട് പത്ത് വർഷത്തിലധികമാകുന്നു. പ്രീഡിഗ്രി പഠനത്തിന് ശേഷം വിവിധ ജോലികൾ ചെയ്തിരുന്നു. ഫീൽഡ് സ്റ്റാഫായും ജോലി ചെയ്തതിനാൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന രീതികളെപ്പറ്റിയും മനസിലാക്കാനായി. ചെറിയ തട്ടിപ്പുകൾ പിടിക്കപ്പെടാതെ വന്നതോടെ പിന്നെയത് ശീലമാക്കി.
രണ്ടാം ഭാര്യയ്ക്കൊപ്പം ജീവിതം
വീട്ടുകാരറിഞ്ഞ് നടത്തിയ വിവാഹ ജീവിതം ആദ്യഘട്ടത്തിൽ നല്ല രീതിയിലായിരുന്നു. എന്നാൽ ഭർത്താവിന്റെ തട്ടിപ്പ് കഥകൾ മനസിലാക്കിയതോടെ ഭാര്യ ബന്ധം തുടരേണ്ടെന്ന തീരുമാനത്തിലെത്തി. നിയമപരമായി ബന്ധം ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയ്ക്കൊപ്പം രാജേഷ് ജോർജ് താമസവും തുടങ്ങി. തട്ടിപ്പിലൂടെ കിട്ടുന്ന പണം പരസ്ത്രീ ബന്ധങ്ങൾക്കും ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ബൈക്കിലായിരുന്നു എപ്പോഴും യാത്ര. രാവിലെ വീട്ടിൽ നിന്നും ഇറങ്ങും. വൈകിട്ടോടെ ആരെയെങ്കിലും കബളിപ്പിച്ച പണവുമായി വീട്ടിലെത്തും. ലോക് ഡൗൺ കാലയളവിൽ വലിയ ബുദ്ധിമുട്ടിലായിരുന്നു. പ്രതീക്ഷിച്ചത്ര കളക്ഷൻ ലഭിച്ചില്ല.
സിനിമ പേരിലും തട്ടിപ്പ്
സിനിമ മേഖലയിൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ആണെന്ന് വിശ്വസിപ്പിച്ച് ആലപ്പുഴ കളർകോടുള്ള സ്വകാര്യ സ്ഥാപന ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് രാജേഷിനെ അറസ്റ്റ് ചെയ്തിരുന്നു. ജീവനക്കാരി മാത്രം ഉള്ളപ്പോൾ സ്ഥാപനത്തിലെത്തുകയും ഷൂട്ടിംഗ് ഇവിടെവച്ച് നടത്താമെന്ന് പറയുകയും ചെയ്തു. അഭിനയിക്കാൻ ചാൻസ് തരാമെന്ന് പറഞ്ഞിട്ട് കടന്നുപിടിക്കാൻ ശ്രമിച്ചതോടെ യുവതി കുതറിമാറി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലീസിൽ പരാതി നൽകി. മറ്റ് പലരോടും സിനിമയിൽ അഭിനയിക്കാൻ അവസരമൊരുക്കാമെന്ന് പറഞ്ഞ് പണം തട്ടിയതായും ലൈംഗിക അതിക്രമം നടത്തിയതായും പരാതികളുണ്ട്.
തട്ടിപ്പിന്റെ പുത്തൻ വഴി
സമയം 4.30, റോഡരികിലായി ബൈക്ക് നിർത്തി ഹെൽമറ്റ് ഊരി ഹാന്റിലിൽ തൂക്കി, ചിരിച്ച മുഖവുമായി രാജേഷ് ജോർജ്ജ് ഇറങ്ങി, ജീൻസിന്റെ പോക്കറ്റിൽ നിന്നും ചീപ്പെടുത്ത് മുടിയൊന്ന് ചീകി. പിന്നെ നടന്നുവരികയാണ്. വെളിയം കോളനി ജംഗ്ഷനിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരി ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അടുത്തേക്ക് വന്നു "ഹരികുമാർ എവിടെ?" എന്ന് ചോദിച്ചപ്പോൾ എവിടെ പോയതാണെന്ന് അറിയില്ലെന്നാണ് ജീവനക്കാരിയുടെ മറുപടി. മുഖത്ത് ഭാവ വ്യത്യാസമില്ലാതെന്നെ രാജേഷ് ജോർജ്ജ് മൊബൈൽ ഫോണെടുത്തു. "ഹരീ, ഞാനാടാ.. നിന്റെ കടയിൽ വന്നപ്പോൾ നീ ഇല്ലെന്ന് പറഞ്ഞു. പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ, ടാ. പിന്നെ എനിയ്ക്കൊരു രണ്ടായിരം രൂപ വേണം.. ആ പിന്നെ, ഇനി കാണുമ്പോൾ തിരിച്ചു തന്നേക്കാമെടാ..." ഇത്രയും പറയുന്നത് ജീവനക്കാരി കേട്ടുനിന്നു.
മുതലാളിയുടെ അടുത്ത സുഹൃത്താണെന്ന് മനസിലാക്കാൻ ഇതിനപ്പുറം വേറെ എന്താ വേണ്ടത്. ഹരികുമാർ ചോദിച്ച പ്രകാരം മേശയിൽ കളക്ഷൻ തുക എത്രയുണ്ടെന്ന് ആരാഞ്ഞു. 1200 എന്ന് മറുപടിയും പറഞ്ഞതാണ്.. ഫോൺ ഓഫ് ചെയ്തിട്ട് രണ്ടായിരം രൂപ തരാൻ പറഞ്ഞു. എങ്ങിനെയെങ്കിലും സംഘടിപ്പിക്കാൻ മുതലാളി പറഞ്ഞതല്ലേ എന്നോർത്ത് തന്റെ പഴ്സിൽ നിന്നും അഞ്ഞൂറ് രൂപ കൂടി എടുത്ത് ആയിരത്തി എഴുന്നൂറ് രൂപാ നൽകി. നന്ദി പറഞ്ഞ് ചിരിമായാത്ത മുഖവുമായി രാജേഷ് ജോർജ്ജ് ബൈക്കിൽ സ്ഥലം വിട്ടുപോയി. അധികം വൈകാതെ ഹരികുമാർ സ്ഥാപനത്തിലെത്തിയപ്പോഴാണ് കബളിപ്പിച്ച് പണം തട്ടിയ വിവരം വ്യക്തമായത്. തന്നെ ആരും ഫോൺ വിളിച്ചില്ലെന്നും പണം നൽകാൻ പറഞ്ഞില്ലെന്നും ഹരികുമാർ പറഞ്ഞപ്പോഴാണ് തനിയ്ക്ക് പറ്റിയ അബദ്ധം ജീവനക്കാരിക്ക് ബോദ്ധ്യപ്പെട്ടത്. കബളിപ്പിക്കപ്പെട്ട കാര്യം എല്ലാവരോടും പറഞ്ഞിട്ടും ആരും അത്രകണ്ട് വിശ്വസിച്ചുമില്ല. എന്നാലും പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. കേസ് അന്വേഷണം തുടരുമ്പോഴാണ് ഇപ്പോൾ കടയ്ക്കലിൽ നിന്നും രാജേഷ് ജോർജ്ജ് പിടിയിലായത്.
തടി വാങ്ങാനെത്തി 1.90 ലക്ഷം മോഷ്ടിച്ചു
എറണാകുളം തോപ്പുംപടിയിൽ ബേബി മറൈൻ റോഡിലെ തടിമില്ലിൽ നിന്നും 1.90 ലക്ഷം രൂപ അപഹരിച്ച കേസിൽ രാജേഷ് ജോർജ്ജ് നേരത്തെ അറസ്റ്റിലായിരുന്നു. തടി വാങ്ങാനെന്ന നിലയിലാണ് രാജേഷ് ഇവിടെ എത്തിയത്. ജീവനക്കാരുടെ ശ്രദ്ധ മാറിയ തക്കത്തിന് മേശവലിപ്പിൽ നിന്നും പണം കൈക്കലാക്കിയത് നിമിഷ നേരംകൊണ്ടാണ്. വീണ്ടും വരാമെന്ന് പറഞ്ഞ് രാജേഷ് മടങ്ങിപ്പോയപ്പോഴും ആർക്കും സംശയം തോന്നിയില്ല. പിന്നീട് മേശവലിപ്പിൽ പണം ഇല്ലാതെ വന്നപ്പോഴാണ് മോഷണ വിവരം വ്യക്തമായത്. പശ്ചിമകൊച്ചി, പള്ളുരുത്തി, മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി എന്നിവിടങ്ങളിൽ സമാനമായ കേസുകൾ നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |