വാഷിംഗ്ടൺ : ലോകത്ത് ആദ്യമായി കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നത് ഏത് രാജ്യമാണോ അവർക്കൊപ്പം സഹകരിക്കാൻ തന്റെ ഭരണകൂടം തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അത് ചൈനയാണെങ്കിൽ പോലും സഹകരിക്കുമെന്ന് ട്രംപ് പറഞ്ഞു. ലോകത്ത് ആദ്യമായി കൊവിഡ് 19 വാക്സിൻ വികസിപ്പിക്കുന്നത് ചൈനയാണെങ്കിൽ അവരുമായി സഹകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ട്രംപ്.
കൊവിഡ് 19 ചികിത്സയും വാക്സിൻ വികസന പ്രക്രിയയും യു.എസിൽ മികച്ച രീതിയിൽ പുരോഗമിക്കുന്നതായും ട്രംപ് പറഞ്ഞു.
യു.എസിൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ തന്നെ വാക്സിൻ എത്തുമെന്നും യു.എസ് മിലിട്ടറിയുടെ നേതൃത്വത്തിൽ വാക്സിൻ വിതരണം വേഗത്തിലാക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ചൈനയിലെ വുഹാനിൽ ഉത്ഭവിച്ച കൊവിഡ് ചൈനയുടെ സൃഷ്‌ടിയാണെന്ന് ട്രംപ് നേരത്തെ വിമർശിച്ചിരുന്നു. ചൈനയ്ക്കുള്ളിൽ തന്നെ നിയന്ത്രിക്കാമായിരുന്ന വൈറസിനെ ലോകാരോഗ്യ സംഘടനയുടെ അറിവോടെ ചൈന മഹാമാരിയാക്കി മാറ്റുകയായിരുന്നെന്നും കൊവിഡിന് കാരണമായ കൊറോണ വൈറസ് ചൈനീസ് ലാബിൽ നിർമിച്ചതാണെന്നും ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ട്രംപ് നേരത്തെ ചൈനയ്ക്ക് നേരെ ഉന്നയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |