പത്തനംതിട്ട : പ്ലസ് വൺ പ്രവേശനത്തിന് ഇക്കുറിയും ജില്ലയിൽത്തന്നെ സീറ്റുറപ്പിക്കാം. ഹയർ സെക്കൻഡറിയിൽ പതിമൂവായിരത്തോളം സീറ്റുകൾ ജില്ലയിലുണ്ട്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ആയിരത്തോളം സീറ്റുകളും. എസ്എസ്എൽസിയിൽ 10,363 പേരാണ് ഇത്തവണ ഉപരിപഠന യോഗ്യത നേടിയിരിക്കുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്താംക്ലാസ് വിജയിച്ചവരിൽ പലരും സംസ്ഥാന ഹയർ സെക്കൻഡറി ബാച്ചുകളിലേക്കെത്തും. ഇവരെക്കൂടി ഉൾക്കൊള്ളാൻ കഴിയുമെന്നാണ് പ്രതീക്ഷ. പോളിടെക്നിക്, ഐടിഐ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രവേശനം നേടാം.
പ്രവേശന നടപടികൾ 24നാരംഭിക്കും. ആഗസ്റ്റ് മൂന്നുവരെയാണ് സമയപരിധി. ഓൺലൈൻ സംവിധാനങ്ങളിലൂടെയാണ് പ്രവേശനം. അപേക്ഷാഫീസായി 25 രൂപ അപേക്ഷയോടൊപ്പം ഓൺലൈനായി അടയ്ക്കാൻ ക്രമീകരണമുണ്ട്. സർട്ടിഫിക്കറ്റുകൾ നിശ്ചിത സമയപരിധിയിൽ രക്ഷാകർത്താവ് നേരിട്ട് സ്‌കൂളിൽ ഹാജരാക്കണം. ജില്ലയിൽ സർക്കാർ എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി 83 ഹയർ സെക്കൻഡറി സ്‌കൂളുകളുണ്ട്. രണ്ട് ടെക്നിക്കൽ സ്‌കൂളുകൾ, രണ്ട് സ്പെഷ്യൽ സ്‌കൂളുകൾ എന്നിവ ഇതിൽപ്പെടും. ഹയർ സെക്കൻഡറി വകുപ്പിന്റെ പട്ടികയിൽ ജില്ലയിൽ 87 സ്‌കൂളുകളിലുകളിലായി 17421 സീറ്റുകളാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ ചില സ്‌കൂളുകളിൽ രണ്ട് വർഷമായി പ്രവേശനമില്ല. കുട്ടികൾ കുറയുന്നതാണ് കാരണം.
പ്രവേശനത്തിനായി വിദ്യാഭ്യാസ ഉപജില്ലകൾ കേന്ദ്രീകരിച്ചുള്ള സെല്ലുകൾ:
അടൂർ ഫോൺ 8304986552, 9495112375. പന്തളം 9947567071, 9447594207, പത്തനംതിട്ട 9447333445, 949520488. കോന്നി 94956380168, 9846079435. റാന്നി 9447730338, 9387924155,. തിരുവല്ല 8113842343, 9495120685. ആറന്മുള 8281003522, 9745909164. വെണ്ണിക്കുളം 7902523126, 8113834397. പുല്ലാട് 9447565128, 9847192493. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ 7560933187. *
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |