തിരുവല്ല: ഒരേദിവസം രണ്ട് മത്സ്യവ്യാപാരികൾക്ക് ഉറവിടമറിയാതെ കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവല്ലയിൽ ആശങ്കയോറി. 49കാരനായ കുറ്റപ്പുഴ സ്വദേശിക്കും 59കാരനായ തിരുവല്ല സ്വദേശിക്കുമാണ് കൊവിഡ്. ഇവർ ചങ്ങനാശേരി, പായിപ്പാട് മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ട് കച്ചവടം നടത്തുന്നവരാണ്. കഴിഞ്ഞദിവസം ചങ്ങനാശേരി ചന്തയിലെത്തിയ ഒട്ടേറെപ്പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിലൂടെയാകാം ഇവർക്ക് രോഗബാധ ഉണ്ടായതെന്ന പ്രാഥമിക നിഗമനത്തിലാണ് ആരോഗ്യവകുപ്പ് .
കഴിഞ്ഞദിവസങ്ങളിൽ ചങ്ങനാശേരിയിൽ ഇവർ ആന്റിജൻ പരിശോധനയ്ക്ക് വിധേയരായിരുന്നു. ചൊവ്വാഴ്ചയാണ് ഫലം പുറത്തുവന്നത്. ഒരാൾ മത്സ്യത്തിന്റെ മൊത്തക്കച്ചവടം നടത്തിയിരുന്നയാളാണ്.അതിനാൽ വിൽപ്പനയ്ക്ക് പുറത്തുപോയിട്ടില്ല.
കിഴക്കൻമുത്തൂർ നാട്ടുകടവിലും മത്സ്യവ്യാപാരിയായ യുവാവിന് രോഗം സംശയിക്കുന്നു. തിരുവല്ല നഗരത്തിലും മുത്തൂർ,കുറ്റപ്പുഴ,കിഴക്കൻമുത്തൂർ,പായിപ്പാട് പ്രദേശങ്ങളിലും മത്സ്യവില്പന നടത്തിയതായും പറയുന്നു. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 38 പേരുണ്ട്. തുടർച്ചയായി മത്സ്യവ്യാപാരികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മത്സ്യവിൽപ്പനയേയും സാരമായി ബാധിച്ചിട്ടുണ്ട്.
----------
@ സൗദിയിൽ നിന്നെത്തിയ മഞ്ഞാടി സ്വദേശിയായ യുവാവിനും കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച മഞ്ഞാടി ഹോളി സ്പിരിറ്റ് കോൺവെന്റിലെ കന്യാസ്ത്രീകൾക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് പുഷ്പഗിരി, ആഞ്ഞിലിമൂട്, തിരുമൂലപുരം ഈസ്റ്റ് എന്നിവിടങ്ങൾ കണ്ടൈൻമെൻറ് സോണാക്കിയിരുന്നു. ഒരാഴ്ച പിന്നിട്ടതോടെ മറ്റിടങ്ങളിലേക്ക് രോഗവ്യാപനം ഉണ്ടാകാതിരുന്നതിനാൽ പുഷ്പഗിരി,ആഞ്ഞിലിമൂട് പ്രദേശങ്ങൾ കണ്ടൈൻമെൻറ് സോണിൽ നിന്നൊഴിവാക്കി.
@ തിരുമൂലപുരം ഈസ്റ്റ് ഇപ്പോഴും കണ്ടൈൻമെൻറ് സോണായി തുടരുകയാണ്. രോഗബാധിതരായ പ്രായമുള്ള നാല് കന്യാസ്ത്രീകളെ ചികിത്സയ്ക്കായി പത്തനംതിട്ടയിലേക്ക് മാറ്റി. മറ്റുള്ള ഇരുപതിലധികം കന്യാസ്ത്രീകളെയും മഠത്തിൽത്തന്നെ ഒരുക്കിയ ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ താമസിപ്പിച്ചിരിക്കുകയാണ്.
@ രണ്ടാഴ്ചമുമ്പ് തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറിയുമായി തിരുവല്ല ചന്തയിലെത്തിയ ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചത് കൂടുതൽ ആശങ്കയുണ്ടാക്കിയിരുന്നു. ഇവിടെയും കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇവിടെ ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ ആർക്കും കൊവിഡ് സ്ഥിരീകരിക്കാതിരുന്നത് ആശ്വാസം പകർന്നു.
--------------
മടങ്ങിയെത്തിയ അന്യസംസ്ഥാന തൊഴിലാളിക്ക് കൊവിഡ്
ചുമത്രയിലെ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണത്തിനെത്തിച്ച 55 തൊഴിലാളികളെ കരാറുകാരൻ നഗരസഭയുടെ അനുമതിയില്ലാതെ കിഴക്കൻ മുത്തൂരിൽ താമസിപ്പിച്ചത് പ്രതിഷേധത്തിനിടയാക്കി. ഇതിലൊരാൾക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കി. 20പേർക്ക് മാത്രം താമസിക്കാൻ സൗകര്യമുള്ള കെട്ടിടത്തിലാണ് തൊഴിലാളികളെ കൂട്ടത്തോടെ പാർപ്പിച്ചിരിക്കുന്നതെന്നും പരാതിയുണ്ട്. തൊഴിലാളികൾ മുമ്പ് താമസിച്ചിരുന്ന പായിപ്പാട് താമസിക്കാൻ എത്തിയെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നഗരത്തിലെ ഹോട്ടലിലാണ് രണ്ടുദിവസം താമസിപ്പിച്ചത്. കൂടുതൽ തുക ചെലവായതിനാൽ ഇവരെ പിന്നീട് കിഴക്കൻമുത്തൂരിലെ വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുകയായിരുന്നു. നഗരസഭാ കൗൺസിൽ യോഗത്തിൽ വാർഡ് കൗൺസിലർ ഈവിഷയം ഉന്നയിച്ചു. ഇതേതുടർന്ന് പ്രശ്‌നം മന്ത്രി രാജുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |