കാഴ്ച, അനുഭവത്തിന്റെ അറിവിന്റെ അനന്തവിഹായസിലേക്കുള്ള വാതിലാണ്. പലകാരണങ്ങൾ കൊണ്ടും ആ ലോകം കൈയെത്തിപ്പിടിക്കാൻ കഴിയാതെ പോയ കുറേ പേരുണ്ട് നമുക്ക് ചുറ്റും. വായനയുടെ മധുരം അറിയാതെ പോയ, പത്രവായന വെറും സ്വപ്നം മാത്രമായിരുന്ന, അവയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന അറിവിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരുന്ന കാഴ്ച ഇല്ലാത്ത അനേകായിരങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പലപ്പോഴും അവരോട് സംവദിച്ചായിരുന്നില്ല തീരുമാനങ്ങളെന്നതും ആ അകലം കൂട്ടിയിട്ടുണ്ട്. ഇരുട്ട് ജീവിതമായവർക്ക് വാർത്തകളുടെ പ്രകാശമെത്തിക്കുന്നതിനായി ലോകത്ത് ആദ്യമായി ഒരു ഓഡിയോ ന്യൂസ് റൂം തന്നെ ഒരുക്കിയത് മലയാളികളുടെ മനസിലെ അക്ഷരനിലാവായ കേരളകൗമുദി ദിനപത്രമാണ്. കേരളകൗമുദി വികസിപ്പിച്ച 'കാഴ്ച" എന്ന മൊബൈൽ ആപ് വഴിയാണ് വാർത്തകൾ പ്രകാശം പരത്തുന്നത്. പൂർണ അന്ധർക്കും കാഴ്ച പരിമിതർക്കുമായി രൂപകൽപ്പന ചെയ്യപ്പെട്ട ലോകത്തെ തന്നെ ആദ്യ ദ്വിഭാഷാ മൊബൈൽ ന്യൂസ് റൂം ആയ 'കാഴ്ച" ആൻഡ്രോയ്ഡ് മൊബൈലുകളിലെ ടോക് ബാക്ക് സംവിധാനം വഴി നിർദ്ദേശങ്ങൾ കേട്ട് അനായാസം ഉപയോഗിക്കാവുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തത്. മലയാളികളുടെ പ്രിയനടൻ മോഹൻലാലാണ് കാഴ്ച ആപ് പ്രകാശനം ചെയ്തത്. കാഴ്ച ആപ്പ് ജീവിതത്തിൽ പ്രകാശം വിതറിയ കുറേ ജീവിതങ്ങൾ അക്ഷരങ്ങളിൽ തൊട്ട അനുഭവങ്ങൾ പങ്കുവയ്ക്കുന്നു...
നിസ്മ
(അദ്ധ്യാപക വിദ്യാർത്ഥിനി, കണ്ണൂർ )
പത്രവായന എങ്ങനെയാണെന്ന് ആദ്യമായി അറിഞ്ഞത് കേരളകൗമുദിയുടെ കാഴ്ച ആപ്ലിക്കേഷനിലൂടെയാണ്. ഒരു പത്രത്തിന്റെ ഘടന എന്താണ്, ഏതെല്ലാം വിഭാഗത്തിലുള്ള വാർത്തകളുണ്ടാകും എന്നൊക്കെ ജീവിതത്തിൽ ആദ്യമായി അറിഞ്ഞു. ജീവിതത്തിൽ പഠിക്കാൻ അടക്കം എല്ലാ കാര്യങ്ങൾക്കും മറ്റുള്ളവരുടെ സമയത്തെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. എന്നാൽ കാഴ്ച ആപ്പ് ഉപയോഗിച്ചതോടെ ഇതിൽ ചില മാറ്റങ്ങളുണ്ടായി. ദൃശ്യ,ശ്രവ്യ മാദ്ധ്യമങ്ങളെ അപേക്ഷിച്ച് അച്ചടി മാദ്ധ്യമങ്ങളിൽ വിവരങ്ങൾ കൂടുതലാണ്. പരിമിതികളുള്ളതിനാൽ തന്നെ മത്സരപരീക്ഷകൾ സംബന്ധിച്ച വാർത്തകൾ, പഠനത്തിന് ആവശ്യമായ വിവരങ്ങൾ തുടങ്ങിയവ പത്രത്തിൽ വരുന്നെങ്കിൽ അറിയിക്കണമെന്ന് ഒരുപാട് പേരോട് പറഞ്ഞുവയ്ക്കാറായിരുന്നു പതിവ്. ഇപ്പോൾ അതൊക്കെ ഒറ്റയ്ക്ക് ചെയ്യാമെന്നായി. ആവശ്യമായ വിവരങ്ങൾ കേരളകൗമുദി കാഴ്ചയിൽ തന്നെ ബുക്ക് മാർക്ക് ചെയ്തു വയ്ക്കും. ഒന്ന് കൂടി ആവർത്തിച്ച് കേൾക്കാൻ 'റീവൈൻഡ്" ചെയ്യാം. ഞങ്ങളുടെ നിർദേശങ്ങൾക്കനുസരിച്ച് കേരളകൗമുദി ആപ്പിൽ മാറ്റങ്ങൾ വരുത്താറുണ്ട്. ഒരുപാട് നന്ദി.
നന്ദു
(അഡ്വക്കേറ്റ്, പ്ലാമൂട് )
കാഴ്ച ആപ് ഉപയോഗിച്ചതിനുശേഷമാണ് ഒരു പത്രം എന്താണെന്ന് എനിക്ക് മനസിലായത്. അതിന് മുമ്പ് വരെ ഒരു പത്രത്തിന്റെ രൂപഭാവങ്ങൾ തികച്ചും അന്യമായിരുന്നു എന്നു തന്നെ പറയാം. വാർത്താചാനലുകൾ വഴിയും ഓൺലൈൻ ന്യൂസ് വഴിയുമായിരുന്നു അതുവരെയുള്ള ഞങ്ങളുടെ വായന. ഇപ്പോൾ എന്റെ ലോകം തന്നെ മാറിപ്പോയി. ഒരു പ്രിന്റഡ് പത്രം എന്താണെന്ന് ഇപ്പോൾ അറിയാമെന്നത് അഭിമാനവും സന്തോഷവും പകരുന്ന കാര്യമാണ്. എല്ലാ ജില്ലകളിലെയും വാർത്തകൾ അറിയാം. കേരളകൗമുദിയോടുള്ള നന്ദി പറഞ്ഞറിയിക്കാൻ കഴിയില്ല. ഈ ആപ്പ് ഡെവലപ്പ് ചെയ്തവരോടും ഞങ്ങളുടെ സന്തോഷം പങ്കുവയ്ക്കുകയാണ്. എഡിറ്റോറിയൽ പേജ് എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും അത് എന്താണെന്ന് ജീവിതത്തിൽ അറിഞ്ഞത് ഈ ആപ്പിലൂടെയാണ്. ഞങ്ങൾക്ക് നേരത്തെ വായിക്കാൻ കിട്ടുന്നവയിൽ പോലും ലേഖന സ്വഭാവത്തിലുള്ളവ കുറവായിരുന്നു. ഇപ്പോൾ കൂടുതൽ ഗൗരവപരമായ വാർത്തകളിലൂടെ കടന്നു പോകാൻ കഴിയുന്നു എന്നതു തന്നെ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭവമാണ്. ഞങ്ങളുടെ ഇഷ്ടങ്ങൾ കൂടി പരിഗണിച്ചാണ് ഇത് ചെയ്തിരിക്കുന്നത്.
മറിയുമ്മ
(വിദ്യാർത്ഥി, മലപ്പുറം)
ജീവിതത്തിൽ ഒരു സമയത്ത് പത്രവായന ഒരുപാട് ആഗ്രഹിച്ച ഒരാളാണ് ഞാൻ. കാഴ്ച ആപ്ലിക്കേഷൻ എനിക്കും ഏറെ സഹായകമായി. അത്രയും ആഗ്രഹിച്ച് കിട്ടിയ ഒന്നാണിത്. ഒരു കൊച്ചുകുട്ടിയുടെ കൈയിൽ ആദ്യം കിട്ടിയ കളിപ്പാട്ടം പോലെ അത്രയ്ക്ക് ത്രില്ലിലാണ് ഞാൻ. ആപ്പ് വന്നതോടെ എന്നും രാവിലെ നാല് മണിക്ക് എഴുന്നേൽക്കും. നമ്മുടെ നാട്ടിൽ നെറ്റ് പലപ്പോഴും സ്ലോയാണ്. എന്നാൽ രാവിലെ ആകുമ്പോൾ കുറച്ച് വേഗതയിൽ ലഭിക്കും. അതിനാൽ രാവിലെ എല്ലാം ഡൗൺലോഡ് ചെയ്തു വച്ചശേഷം പിന്നീട് എനിക്ക് സമയമുള്ളപോലെ കേൾക്കും. ആപ്പ് വരുന്നതിന് മുൻപ്, സ്കൂളിലും കോളേജുകളിലുമൊക്കെ കൂട്ടുകാരും മേട്രണും അദ്ധ്യാപകരുമൊക്കെയാണ് പത്രം വായിച്ച് തന്നിരുന്നത്. അന്ന് പക്ഷേ പ്രധാനപ്പെട്ട വാർത്തകൾ മാത്രമേ വായിച്ച് തരാറുണ്ടായിരുന്നുള്ളൂ. അപ്പോൾ ലേഖനങ്ങൾ ഒന്നും വായിച്ചിരുന്നില്ല. സത്യം പറഞ്ഞാൽ അവയെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. ഒരു വാർത്ത ഒരിക്കൽ കൂടി കേൾക്കണമെന്ന് തോന്നിയാലും വായിച്ച് കിട്ടാൻ തരമില്ല. ഇപ്പോൾ കാഴ്ച ആപ്പിലൂടെ വീണ്ടും വീണ്ടും കേൾക്കാം. ബുക്ക് മാർക്ക് ചെയ്തു വയ്ക്കാം. ആപ്പിൽ നന്നായി വായിച്ച് കേൾപ്പിക്കുന്ന റീഡർമാർക്കും ഒരുപാട് നന്ദി.
താഹിർ
(അദ്ധ്യാപകൻ, കണ്ണൂർ)
അറിഞ്ഞിടത്തോളം ലോകത്തിൽ തന്നെ ഇതൊരു പക്ഷേ ആദ്യത്തെ സംരംഭമാണ്. ഏതു സമയവും ഞങ്ങളെ പോലുള്ളവർക്ക് വായന എളുപ്പമാക്കുന്നുവെന്നതാണ് വലിയ സന്തോഷം. ഇതുവരെ പലരെയും ആശ്രയിച്ചാണ് പത്രവാർത്തകൾ അറിഞ്ഞുകൊണ്ടിരുന്നത്. ഇപ്പോൾ സ്വന്തമായി വായിക്കുന്നതു പോലെയാണ് തോന്നാറ്. മറ്റു ജോലികൾ ചെയ്യുന്നതിനിടയിൽ പോലും ഈ ആപ്ലിക്കേഷൻ വഴി വാർത്തകൾ കേൾക്കുന്നുണ്ട്. ചിലപ്പോൾ രാവിലെ മുഴുവൻ പത്രവാർത്തയും കേൾക്കാൻ സമയം കിട്ടിയെന്ന് വരില്ല. യാത്ര ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം വാർത്ത കേൾക്കുന്നതാണ് ഇപ്പോഴത്തെ രീതി. തുടങ്ങിയ സമയത്തുണ്ടായ ചില പ്രശ്നങ്ങളൊക്കെ കേട്ട് അത് പരിഹരിച്ച് തന്നതിന് ഈ മാദ്ധ്യമസ്ഥാപനത്തോട് വലിയ കടപ്പാടുണ്ട്. സ്ലീപ് ഓപ്ഷൻ ഇട്ടിട്ടാണ് ഇടയ്ക്ക് മറ്റാവശ്യങ്ങൾക്ക് പോകാറ്. തിരികെ വന്നാൽ ആ ഭാഗത്തിന്റെ ബാക്കി കേൾക്കാമെന്നത് വലിയൊരു സഹായമാണ്.
അമ്പിളി
(വീട്ടമ്മ, തിരുവനന്തപുരം )
ഞാൻ നേരത്തെ പത്രം വായിക്കാറില്ലായിരുന്നു. ഗ്രൂപ്പുകളിലും മറ്റും ആരെങ്കിലും വായിച്ച് ഇടുന്ന വാർത്തകൾ കേൾക്കാറായിരുന്നു പതിവ്. ഇല്ലെങ്കിൽ ആരെങ്കിലും വായിച്ചുതരാൻ കാത്തിരിക്കണം. എന്നാൽ ഇപ്പോൾ സ്ഥിരമായി രാവിലെ തന്നെ പത്രം വായിക്കാം. ആവശ്യമായ വാർത്തകൾ ബുക്ക് മാർക്ക് ചെയ്തു വീണ്ടും വായിക്കാം. വലിയ സഹായമാണ്, കേരളകൗമുദിയോട് കടപ്പാടുണ്ട്. വലിയ സന്തോഷം. ഇത് ഞങ്ങൾക്ക് അഭിമാനനിമിഷങ്ങളാണ്. മറ്റു മാദ്ധ്യമസ്ഥാപനങ്ങൾക്കും ഇതൊരു മാതൃകയാക്കാം.
പഴനിയപ്പൻ
(അദ്ധ്യാപകൻ, പാലക്കാട് )
ആരുടെയും സമയത്തിന് വേണ്ടി ഇപ്പോൾ കാത്തിരിക്കാറില്ല. നമ്മുടെ സമയത്തിന് അനുസരിച്ച് വാർത്ത കേൾക്കാൻ കഴിയുന്നത് വലിയൊരു കാര്യം തന്നെയാണ്. ഇതിന് മുന്നേ പല സംവിധാനങ്ങളും ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ ഇത്രയും എളുപ്പത്തിൽ പ്രവർത്തിപ്പിക്കുന്ന അല്ലെങ്കിൽ, ഇത്രയും വാർത്തകൾ ഒരുമിച്ച് കിട്ടുന്ന സാഹചര്യമുണ്ടായിരുന്നില്ല. ടെക്നോളജി വികസിച്ചപ്പോഴും കാഴ്ചപരിമിതർക്ക് വായനാനുഭവം കുറച്ചകലെ തന്നെയായിരുന്നു. അതിനൊരു മാറ്റം കൊണ്ടുവന്നത് കേരളകൗമുദി ആണെന്നത് വലിയ സന്തോഷം തന്നെയാണ്. നല്ല വായനയാണ്, വളരെ കൃത്യവും സ്പഷ്ടവുമായിട്ടാണ് ഓരോരുത്തരും വായിക്കുന്നത്. കാഴ്ച ആപ്ലിക്കേഷൻ ഏറെ സൗകര്യപ്രദമാണെന്ന കാര്യം കൂടി പറയണം. അടുത്ത സുഹൃത്തുക്കളോടൊക്കെ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
സുധീഷ്
(റിസോഴ്സ് അദ്ധ്യാപകൻ, കണ്ണൂർ )
വാക്കുകളില്ല പറയാൻ. അത്രയും വലിയൊരു സഹായമാണ് കേരളകൗമുദിയിൽ നിന്നും കിട്ടിയത്. സ്മാർട്ട് ഫോണുകൾ വരുന്നതുവരെ വാർത്തകളുടെ ലോകം അന്യമായിരുന്നുവെന്ന് വേണം പറയാൻ. അതിലെ സ്ക്രീൻ റീഡർ ഉപയോഗിച്ചായിരുന്നു ഇതുവരെയും വാർത്തകൾ കേട്ടിരുന്നത്. പലപ്പോഴും അതിന്റെ ഉച്ചാരണവും ക്ലാരിറ്റിയുമൊക്കെ വായനയുടെ സുഖം നഷ്ടപ്പെടുത്തിയിരുന്നു. പക്ഷേ മറ്റുവഴികളില്ലാത്തതുകൊണ്ട് സ്ക്രീൻ റീഡറിനെ തന്നെ ആശ്രയിക്കുമായിരുന്നു. കേരളകൗമുദിയുടെ കാഴ്ച ആപ്ലിക്കേഷൻ വന്നതോടെ ആ ബുദ്ധിമുട്ട് മാറി, തൊട്ടടുത്തുള്ള ഒരാൾ വായിച്ചു തരുന്നതു പോലെ അനുഭവപ്പെടാറുണ്ട്. ഇപ്പോൾ ഫോണിലുണ്ടായിരുന്ന മറ്റു ഓഡിയോ ആപ്പുകളൊക്കെ അൺഇൻസ്റ്റാൾ ചെയ്തു. ഇഷ്ടമുള്ള വാർത്തകൾ വേർതിരിച്ച് കേൾക്കാൻ കഴിയുന്നതുകൊണ്ട് സമയനഷ്ടവുമില്ല.
അനിൽകുമാർ
(ബാങ്ക് ഉദ്യോഗസ്ഥൻ, കായംകുളം )
കാഴ്ച പരിമിതർക്ക് വേണ്ടി പല കാലങ്ങളിലായി ഒരുപാട് പ്രോജക്ടുകളും സംരംഭങ്ങളുമൊക്കെ വന്നിട്ടുണ്ട്. പക്ഷേ പലതും തുടങ്ങി വയ്ക്കാറ് മാത്രമേയുള്ളൂ, മുന്നോട്ടുള്ള യാത്ര കുറവാണ്. സമൂഹവും സർക്കാരും പലപ്പോഴും അക്കാര്യത്തിൽ തോറ്റുപോകാറുണ്ട്. കേരളകൗമുദി പത്രം ഇതുപോലൊരു ആപ്ലിക്കേഷനിലൂടെ തങ്ങളുടെ സാമൂഹിക പ്രതിബദ്ധത ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്. ഇത് മറ്റുള്ളവർക്കും മാതൃകയാക്കാവുന്ന ഒരു പുതിയ പ്ലാറ്റ്ഫോമാണ്. ഞങ്ങൾക്ക് വേണ്ടിയുള്ളതാണ്, ഇതാണ് ഞങ്ങൾക്ക് വേണ്ടിയിരുന്നത് എന്ന് എവിടെയും അഭിമാനത്തോടെ പറയാൻ കഴിയുന്ന ഒന്നാണ്. ഓഫീസിൽ ഇരിക്കുമ്പോഴും മറ്റു ജോലികൾ ചെയ്യുമ്പോഴും ഇപ്പോൾ വാർത്ത കേൾക്കാറുണ്ട്. ഇതൊരു മൾട്ടി പർപ്പസ് ആണെന്ന് തീർച്ചയായും പറയാൻ കഴിയും.
സി.വി. നാരായണൻ മാഷ്
(അദ്ധ്യാപകൻ, കണ്ണൂർ )
കാഴ്ച പരിമിതരെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ഉദ്യമമാണ് കാഴ്ച എന്ന ആപ്പിലൂടെ കേരളകൗമുദി ചെയ്തിരിക്കുന്നത്. കേരളത്തിലെ കാഴ്ചപരിമിതരായ സുഹൃത്തുക്കളുടെ ചിരകാലാഭിലാഷമാണ് പൂവണിഞ്ഞിരിക്കുന്നത്. എന്റെയൊക്കെ കുട്ടിക്കാലത്ത് പത്രം വായിച്ച് കേൾക്കുകയെന്നത് ഒരു സ്വപ്നമായിരുന്നു. പലരോടും വായിച്ച് തരാൻ ആവശ്യപ്പെട്ടാൽ അവരുടെ സമയത്തിന് അനുസരിച്ച് അവരുടെ താത്പര്യമുള്ള വാർത്തകളാകും വായിച്ച് കേൾപ്പിക്കുക. കാഴ്ച പരിമിതരെ സഹായിക്കാൻ ഒട്ടേറെ പരിപാടികൾ പലരും ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും മിക്കപ്പോഴും അവയൊന്നും കാഴ്ചപരിമിതരുടെ കൂടി അഭിപ്രായം തേടിയാകില്ല ചെയ്യാറുള്ളത്. പലപ്പോഴും അവയൊന്നും ഉപകാരപ്രദവുമാകില്ല. കുറ്റമറ്റ ഒന്നാണ് കാഴ്ചയെന്ന് നിസംശയം പറയാം. കമ്പ്യൂട്ടറിൽ കൂടിയൊക്കെ പലപ്പോഴും വാർത്തകൾ കേൾക്കാറുണ്ടെങ്കിലും മനുഷ്യശബ്ദത്തിൽ കേൾക്കാൻ കഴിയുന്നത് കേൾവിയെ കൂടുതൽ രസിപ്പിക്കുന്നു. മറ്റ് മാദ്ധ്യമങ്ങൾക്കും കേരളകൗമുദിയുടെ ഈ ആശയം മാതൃകയാകട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്,ആശംസിക്കുന്നത്.
സി.കെ. അബൂബക്കർ
(റിട്ട. ഹെഡ് മാസ്റ്റർ, മട്ടന്നൂർ )
ഞങ്ങളുടെ കാഴ്ച തിരിച്ചു കിട്ടി എന്നു തന്നെ പറയാം. ഒരു പുതിയ ലോകമാണ് കേരളകൗമുദി ഞങ്ങൾക്ക് തുറന്നു തന്നത്. ഇതിന് മുമ്പ് പത്രങ്ങൾ വായിച്ചിട്ടുണ്ട്, പക്ഷേ കൃത്രിമമായ ശബ്ദത്തിലൂടെയാണ് ഞങ്ങൾ അത് കേട്ടുകൊണ്ടിരുന്നത്. ഇവിടെ മനുഷ്യ ശബ്ദമാണ് കേൾക്കുന്നത്. അത് വ്യക്തവും ജീവനുള്ളതുമാണ്. നേരത്തെ വാർത്ത വായിക്കുമ്പോൾ അത് പൂർണമായിരുന്നില്ല. ഇവിടെ അതല്ല സ്ഥിതി, ആപ് ഓൺ ചെയ്താൽ അവസാനവാർത്ത വരെ നമുക്ക് കേൾക്കാം, ഏതൊക്കെ കേൾക്കാം, കേൾക്കേണ്ട എന്ന് നമുക്ക് തീരുമാനിക്കാം. സാധാരണ കാഴ്ചയുള്ളയാൾ പത്രം വായിക്കുന്നതു പോലെ അവരവരുടെ അഭിരുചിയ്ക്കനുസരിച്ച് വായനയിലേക്ക് പോകാമെന്നത് പുതിയ അനുഭവം തന്നെയാണ്. പത്രവായനയിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത, ഏറ്റവും നവീനമായ മുന്നേറ്റം തന്നെയാണ് കേരളകൗമുദി ഞങ്ങൾക്ക് സമ്മാനിച്ചിരിക്കുന്നത്.
അജീഷ് തോമസ്
(ഐ.ബി.എം, ബാംഗ്ളൂർ )
കാഴ്ച ഉള്ളവർക്ക് ഒരുപാട് സാദ്ധ്യതകളുണ്ട് ചുറ്റിലും. നേരത്തെ എനിക്ക് കാഴ്ച ഉണ്ടായിരുന്നു, പിന്നീട് നഷ്ടപ്പെട്ടതാണ്. സ്ക്രീൻ റീഡർ വഴിയാണ് കാഴ്ച പരിമിതർക്കോ, കാഴ്ച പൂർണമായി നിലച്ചവർക്കോ വായന സാദ്ധ്യമാകുന്നത്. എന്നാൽ ഇത് എല്ലായിടത്തും പ്രായോഗികമല്ല. ഇത് പൂർണമായും തിരിച്ചറിഞ്ഞുകൊണ്ടാണ് കേരളകൗമുദി കാഴ്ച ഞങ്ങൾക്കുവേണ്ടി ഒരുക്കിയിരിക്കുന്നതെന്ന് നിസംശയം പറയാം. നമുക്കിത് എങ്ങനെയാണോ വേണ്ടത്, അതേ ആവശ്യം തിരിച്ചറിഞ്ഞാണ് ഈ ആപ് ഡിസൈൻ ചെയ്തത് എന്നതിലാണ് സന്തോഷം. പത്രം മുഴുവനായി വായിച്ചു തരികയാണ്. പ്ളേ ആൾ ഉണ്ട്, മൂവ് ചെയ്യാനുള്ള ഒാപ്ഷൻസ് ഉണ്ട്. നമ്മുടെ ജോലി ഇത് ഓൺ ചെയ്യുക എന്നതു മാത്രമാണ്. പിന്നെ വാർത്ത അറിഞ്ഞാൽ മാത്രം മതി. വിരൽത്തുമ്പിൽ എല്ലാ ഓപ്ഷൻസും തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യങ്ങളുമുണ്ട്. ഏതു പേജും വായിക്കാം, ഇഷ്ടപ്പെട്ട വാർത്തകളറിയാം, സ്പീഡ് കൂട്ടാം, കുറയ്ക്കാം, പഴയ വാർത്തകൾ പോലും വിരൽത്തുമ്പിലറിയാം. യൂസർ ഫ്രണ്ട്ലി എന്നു തന്നെ പറയാം. ഞങ്ങൾക്ക് മാത്രമല്ല, മുതിർന്ന പൗരൻമാരുമുൾപ്പെടെ, 'കാഴ്ച" വായിക്കുന്നവർക്കെല്ലാം സന്തോഷമായ അനുഭവം നൽകുമിതെന്ന് നൂറുശതമാനം ഉറപ്പാണ്. ഒരിക്കൽ ഉപയോഗിച്ചാൽ ഇത് ശീലമായി മാറും.
ഹാരൂൺ
(വിദ്യാർത്ഥി, മങ്കട ഗവ. ഹയർ സെക്കൻഡറി, സ്കൂൾ )
ഇംഗ്ളീഷ് പത്രങ്ങൾ ഇങ്ങനെ ഒരു സാങ്കേതിക വിദ്യയിൽ ഞങ്ങൾക്ക് ലഭ്യമാണ്. ഞാൻ ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെ വായിക്കുന്നുണ്ട്. പക്ഷേ, മലയാളത്തിൽ നമുക്കെല്ലാം വായിക്കാവുന്ന ഒരു സാദ്ധ്യത ഇതുവരെ തെളിഞ്ഞു വന്നിരുന്നില്ല. 'കാഴ്ച" ആപ് കൈയിൽ കിട്ടുന്നതുവരെ മലയാളം വായന എനിക്ക് അന്യമായിരുന്നു. ഇങ്ങനെ വായിക്കുമ്പോൾ ഒരു ദിവസത്തെ മുഴുവൻ വാർത്തകളും ഞാൻ അറിയുകയാണ്. ഞാനിപ്പോൾ ന്യൂയോർക്ക് ടൈംസ് വായിക്കുന്നു, ഇംഗ്ളീഷ് വാർത്തകളറിയുന്നു. അപ്പോഴും ഒരു മലയാളി മലയാള പത്രം വായിക്കുന്ന അനുഭവമാകുന്നില്ല. എനിക്ക് അവയിൽ നിന്നൊന്നും കേരളത്തെ കുറിച്ച് അറിയാൻ സാധിക്കില്ല. ഞാൻ ജീവിച്ചിരിക്കുന്ന ചുറ്റുപാടുകളെ കുറിച്ച് അറിയില്ല. ഈയൊരു സാദ്ധ്യതയാണ് ഞങ്ങൾക്ക് മുന്നിൽ കാഴ്ച എന്ന ആപ് തുറന്നിട്ടത്. ആ അനുഭവത്തിലോട്ട് എന്നെ കൊണ്ടു വന്നത് കേരളകൗമുദിയാണെന്ന് ഞാൻ അഭിമാനത്തോടെ പറയട്ടെ. ഏറ്റവും പുതിയ വാർത്തകൾ വായിക്കാൻ കഴിയുന്ന ടെക്സ്റ്റ് ഏരിയാഭാഗം വളരെ മനോഹരമായാണ് കേരളകൗമുദി ടീം ചെയ്തിരിക്കുന്നത്. ഇങ്ങനെ അറിയാൻ കഴിയുന്ന സാദ്ധ്യതകൾ വളരെ വിരളമായിരുന്നു. മലയാളത്തിൽ ഇല്ല എന്നു തന്നെ പറയാം. കേവലം ഓഡിയോ ന്യൂസുകൾ എന്നതിനപ്പുറം വെബ് സൈറ്റിൽ എന്തൊക്കെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു അതൊക്കെ ഞങ്ങൾക്കും വായിക്കാം. ഇതാണ് എന്നെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷം. ലോകത്തിൽ നടക്കുന്ന കാര്യങ്ങൾ അന്നന്നേരം അറിയുന്നതുവഴി ജോലി സാദ്ധ്യത കൂടിയാണ് വർദ്ധിക്കുന്നത്. കേരളകൗമുദിയുടെ 'കാഴ്ച" ആപ് നേടാൻ പോകുന്നത് ഈ അഭിമാന നിമിഷങ്ങളാണ്.
ഡോ. ഹബീബ്. സി
(അസി. പ്രൊഫസർ. ഫറൂഖ് കോളേജ് )
വായന മനുഷ്യന്റെ പരമപ്രധാനമായ അവകാശമായി അന്താരാഷ്ട്ര തലത്തിൽ തന്നെ അംഗീകരിച്ചിരിക്കുകയാണ്. കാഴ്ച ഇല്ലാത്തവർക്ക് കൂടി വായിക്കാൻ കഴിയുന്ന രീതിയിൽ വേണം പത്രമാദ്ധ്യമങ്ങൾ തയ്യാറാക്കേണ്ടത് എന്ന് പറയുമ്പോഴും അതൊന്നും പ്രായോഗികതലത്തിൽ ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. ആ സാഹചര്യത്തിലാണ് കേരളകൗമുദിയുടെ കാഴ്ച ആപ് ചരിത്രദൗത്യമാകുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായാവും ഒരു പത്രം അതേ പതിപ്പ് തന്നെ ഓഡിയോ രൂപത്തിൽ കാഴ്ച ഇല്ലാത്തവരിലേക്ക് എത്തിക്കുന്നത്. അപ്പപ്പോൾ ലോകം മാറുമ്പോൾ തന്നെ ആ വിവരങ്ങൾ ഞങ്ങളിലേക്കും എത്തിക്കുന്നു. കാഴ്ച ഇല്ലാത്തത് എന്നു പറയുന്നത് ഇന്ന് ജൈവിക പരിമിതിയേക്കാൾ കൂടുതൽ സാമൂഹിക പരിമിതി കൂടിയാണ്. ആ തിരിച്ചറിവിലാണ് ഭിന്നശേഷിക്കാരെ കൂടി ഉൾക്കൊണ്ട്, ശാക്തീകരിച്ച്, മുഖ്യധാരയിലെത്തിക്കുന്നതിനുള്ള ഇടം ഒരുക്കുക എന്ന രാഷ്ട്രീയം കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ടാണ് ആ ഉത്തരവാദിത്തം നിറവേറ്റുന്നതിന് വേണ്ടി കേരളകൗമുദി സധൈര്യം മുന്നോട്ടു വന്നിരിക്കുന്നത്. വായനക്കാരൻ എന്ന നിലയിലും കേരളഫെഡറേഷൻ ഒഫ് ദി ബ്ളൈന്റ്സ് സംഘടനയുടെ വൈസ് പ്രസിഡന്റ് എന്ന നിലയിലും എന്റെ ആഹ്ളാദം ഇവിടെ പങ്കുവയ്ക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |