തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധന കൂട്ടിയെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. പരിശോധനകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒമ്പത് സർക്കാർ ലാബുകൾക്കുകൂടി അനുമതി നൽകി. പ്രതിദിന കൊവിഡ് പരിശോധനകളിൽ കേരളം രാജ്യത്ത് മൂന്നാംസ്ഥാനത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ 0.31 ശതമാനമാണ് മരണനിരക്ക്. ഇതു കഠിനപ്രയത്‍നത്തിന്റെ ഗുണഫലമാണ്. മരണസംഖ്യ അമ്പതായി. ചിലരുടെ ആക്ഷേപം വേണ്ടത്ര പരിശോധന നടത്തുന്നില്ല എന്നാണ്. കൊവിഡ് പരിശോധനകൾ വർദ്ധിപ്പിക്കാൻ വലിയ സൗകര്യമാണ് ഒരുക്കിയത്. തുടക്കത്തിൽ ആലപ്പുഴ എൻ.ഐ.വിയിൽ മാത്രം ഉണ്ടായിരുന്ന ആർ.ടി പി.സി.ആർ കൊവിഡ് പരിശോധന ഇപ്പോൾ 15 സർക്കാർ ലാബുകളിലും എട്ട് സ്വകാര്യലാബിലും ഉണ്ട്.
ട്രൂനാറ്റ് പരിശോധന 19 സർക്കാർ ലാബിലും 15 സ്വകാര്യ ലാബിലും സിബിനാറ്റ് പരിശോധന ആറ് സർക്കാർ ലാബിലും ഒമ്പത് സ്വകാര്യ ലാബിലും നടക്കുന്നു. ആശുപത്രികളിലേയും വിമാനത്തവാളത്തിലേയും പരിശോധനയ്ക്ക് എട്ട് ലാബുകൾ വേറെയുമുണ്ട്. ഇനി ഒമ്പത് ലാബുകളിൽ കൂടി ഉടൻ പരിശോധന സൗകര്യം ലഭ്യമാക്കും. ഇതോടൊപ്പം അക്രഡിറ്റേഷനുള്ള ലാബുകളിലും ഉടൻ കൊവിഡ് പരിശോധന വരും.
തുടക്കത്തിൽ നൂറിൽ താഴെയായിരുന്ന പ്രതിദിന പരിശോധന 25,000 വരെ ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 25,160 സാംപിളുകൾ പരിശോധിച്ചു. ഇതുവരെ ആകെ 6,35,272 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ടെസ്റ്റ് പരിശോനയുടെ കാര്യത്തിൽ ടെസ്റ്റ് പെർ മില്യൺ ബൈ കേസ് ബൈ മില്യൺ എന്ന് ശാസ്ത്രീയ മാർഗം നോക്കുമ്പോൾ കേരളം മൂന്നാം സ്ഥാനത്താണെന്നായിരുന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.
ടെസ്റ്റ് പോസിറ്റിവിറ്റി 2.6 ശതമാനമാണ് സംസ്ഥാനത്ത്. പരിശോധനകൾ വച്ച് അഞ്ച് ശതമാനത്തിന് താഴെ മാത്രമാണ് കേസെങ്കിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് ലോകാര്യോഗസംഘടന പറയുന്നത്. മുപ്പത് ദിവസത്തേക്ക് വേണ്ട പരിശോധന കിറ്റുകൾ നിലവിൽ ലഭ്യമാണ്. അതുകൊണ്ട് പരിശോധന കുറവെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. രോഗികൾ കൂടുന്ന അവസ്ഥയിലാണ് പ്രാഥമിക ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇതുവരെ 3,38,038 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 9,185 സാമ്പിളുരളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി 1,09,635 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 1,05,433 സാമ്പിളുകൾ നെഗറ്റീവ് ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |