കൊച്ചി: ലോക്ക്ഡൗൺ മൂലം നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ കേരളത്തിന് നഷ്‌ടം 80,000 കോടി രൂപ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആസൂത്ര ബോർഡ് തയ്യാറാക്കിയ ത്വരിതപരിശോധനാ റിപ്പോർട്ടിലാണ് ഈ കണക്കുള്ളത്. സമാന സാഹചര്യം തുടരുന്നതിനാൽ നഷ്‌ടത്തിന്റെ തോത് വർദ്ധിക്കും.
കേരളം നേരത്തേ നേരിട്ട പ്രതിസന്ധികളെല്ലാം പ്രകൃതിക്ഷോഭം പോലെയുള്ള താത്കാലികവും നിശ്ചിതസമയത്തിനുള്ളിൽ മറികടക്കാവുന്നതും ആയിരുന്നു. കൊവിഡ് പ്രതിസന്ധി അങ്ങനെയല്ലെന്ന് റിപ്പോർട്ടിലുണ്ട്. 2020ൽ ആഗോളവ്യാപാരം 32 ശതമാനം വരെ കുറയുമെന്നാണ് ലോക വ്യാപാര സംഘടനയുടെ വിലയിരുത്തൽ. കയറ്റുമതി അധിഷ്ഠിതമായ നാണ്യവിളകളെയും പ്രവാസിപ്പണത്തെയും കൂടുതൽ ആശ്രയിക്കുന്ന കേരളത്തിന് മാന്ദ്യം തിരിച്ചടിയാകും.
കേരള സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസിപ്പണമൊഴുക്ക് 5.5 ശതമാനം വളരുമെന്നാണ് നേരത്തേ പ്രതീക്ഷിച്ചത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇതു 2.6 ശതമാനമായി താഴും. കൊവിഡിന് മുമ്പേ, 2020 ജനുവരി - ഫെബ്രുവരിയിൽ പ്രവാസിപ്പണമൊഴുക്ക് 2,400 കോടി രൂപ ഇടിഞ്ഞിരുന്നു.
നഷ്‌ടക്കണക്ക്
(പ്രധാന മേഖലകളുടെ നഷ്‌ടം - കോടിയിൽ)
കൃഷി, തോട്ടവിളകൾ, മൃഗസംരക്ഷണം : ₹1,952
മത്സ്യമേഖല : ₹1,371
വിനോദസഞ്ചാരം : ₹20,000
ഗതാഗതം : ₹9,600
ഐ.ടി : ₹4,500
വ്യവസായം : ₹15,000
ഉത്പാദനം : ₹8,000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |