തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിൽ 2017 ബാച്ച് മുതലുള്ള എം.ബി.ബി.എസ് വിദ്യാർത്ഥികളിൽ നിന്ന് 12 ലക്ഷം രൂപ വരെ വാർഷിക ഫീസ് ഈടാക്കാനുള്ള മാനേജ്മെന്റുകളുടെ നീക്കത്തിന് തടയിടാൻ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ച ഫീസ് 4.60ലക്ഷം മുതൽ 7.19 ലക്ഷം വരെയാണ്. അത് 12 ലക്ഷമാക്കണമെന്ന സ്വാശ്രയലോബിയുടെ ഹർജിയിൽ ഫീസ് പുനർനിർണയിക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കഴിഞ്ഞ ദിവസമാണ് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. അപ്പീൽ അടുത്തമാസം പരിഗണിക്കും.
അവസാനവർഷക്കാർ ഉൾപ്പെടെ മൂന്ന് ബാച്ചിലെ കുട്ടികളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്.
രാജേന്ദ്രബാബു സമിതി നിശ്ചയിച്ച 2017ലെ ഫീസ് 4.60-5.66 ലക്ഷമാണ്. കഴിഞ്ഞ വർഷം 5.85 - 7.19ലക്ഷം ആയിരുന്നു ഫീസ്. ഇത് 12 ലക്ഷമാക്കണമെന്നും എൻ.ആർ.ഐ ഫീസ് 25 ലക്ഷം വേണമെന്നുമാണ് മാനേജ്മെന്റുകളുടെ ആവശ്യം. കുറഞ്ഞ ഫീസ് കോളേജ് നടത്തിപ്പിനും വികസനത്തിനും മതിയാവില്ലെന്നാണ് വാദം. അതിനാൽ കോളേജുകളുടെ വരവ്-ചെലവ് രേഖകൾ പരിശോധിച്ച് ഫീസ് പുനർനിശ്ചയിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത് ഫീസ് നിർണയസമിതിയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നാണ് സർക്കാർ വാദം.
വരവ്-ചെലവ്, ഭൂമി വില, അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം, കോളേജ് നടത്തിപ്പ്, വികസനച്ചെലവ് എന്നിവയെല്ലാം കണക്കാക്കിയാണ് സമിതി ഫീസ് നിർണയിച്ചതെന്ന് സർക്കാർ പറയുന്നു. എല്ലാ കോളേജുകൾക്കും പത്ത് ശതമാനം വാർഷിക വർദ്ധനയുമുണ്ട്.
ആഡംബരക്കാറിന്റെ ഭാരവും കുട്ടികൾക്ക്
പ്രിൻസിപ്പലിന് ആഡംബരകാർ വാങ്ങിയതിന്റെയും അഞ്ചു കോടി ആദായനികുതി പിഴയടച്ചതിന്റെയും വക്കീൽ ഫീസിന്റെയും കണക്കുകൾ കോളേജിന്റെ ചെലവായി കാണിച്ച് ചില മാനേജ്മെന്റുകൾ ഫീസ് വർദ്ധന ആവശ്യപ്പെട്ടിരുന്നു. സേവനപ്രവർത്തനങ്ങൾക്കായി 19.20കോടി രൂപ കൊടുത്തെന്ന കണക്കാണ് ഒരു കോളേജ് ഹാജരാക്കിയത്. അതിനാൽ കോളേജുകളുടെ രേഖകളിൽ ക്രമക്കേടുകളുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു. നിലവിലെ ഫീസ് ഹൈക്കോടതി റദ്ദാക്കാതിരുന്നത് അനുകൂലമാണെന്നും സർക്കാർ വിലയിരുത്തുന്നു.
ഇരട്ടിയിലേറെ ഫീസുയർത്തി കുട്ടികളെ കൊള്ളയടിക്കാൻ അനുവദിക്കില്ല. കോഴ്സ് കഴിയാറായ കുട്ടികളുടെ ഫീസ് കൂട്ടാനാവില്ല. കുട്ടികൾ ആശങ്കപ്പെടേണ്ടതില്ല.
-ആരോഗ്യമന്ത്രിയുടെ ഓഫീസ്
''ഈ ഫീസിൽ പഠിപ്പിക്കാൻ പറ്റില്ല. 11ലക്ഷമെങ്കിലും കിട്ടണം. കോളേജുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്''
-ഡോ.കെ.എം.നവാസ്
സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷൻ
സ്വാശ്രയക്കാരുടെ കണക്ക്
60കോടി
പ്രതിവർഷ നടത്തിപ്പ് ചെലവ്
4ലക്ഷം
റേഡിയോളജി പ്രൊഫസറുടെ ശമ്പളം
70ലക്ഷം
ജലഅതോറിട്ടിക്ക്
50ലക്ഷം
കെട്ടിടനികുതിക്ക്
10കോടി
മാത്രമാണ് ആശുപത്രി വരുമാനം, കൊവിഡ് കാരണം രോഗികളില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |