ന്യൂഡൽഹി: രാജ്യത്തെ മൂന്നാമത്തെ വലിയ പൊതുമേഖലാ എണ്ണ വിതരണ കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി.പി.സി.എൽ) സ്വകാര്യവത്കരണത്തിന് മുന്നോടിയായി ജീവനക്കാർക്ക് സ്വയം വിരമിക്കാൻ അവസരം (വി.ആർ.എസ്) നൽകുന്നു. ഭാരത് പെട്രോളിയം വോളന്ററി റിട്ടയർമെന്റ് സ്‌കീം-2020ന് ജൂലായ് 23ന് തുടക്കമായി. ആഗസ്‌റ്ര് 13 വരെയാണ് സമയം. സെപ്‌തംബർ 30നകം സൂക്ഷ്‌മ പരിശോധന നടത്തി തുടർ നടപടിയെടുക്കും. സ്വകാര്യവത്കരിക്കപ്പെടുന്ന കമ്പനിയിൽ തുടരാൻ താത്പര്യമില്ലാത്തവർക്ക് വി.ആർ.എസ് തിരഞ്ഞെടുക്കാം.
സ്വകാര്യ മാനേജ്‌മെന്റിന് കീഴിൽ തൊഴിൽ, പദവി, തൊഴിലിടം, വേതനം എന്നിവ മാറുമെന്ന് ആശങ്കയുള്ള ജീവനക്കാരെ ലക്ഷ്യമിട്ടാണ് വി.ആർ.എസ് ഓഫർ. കേന്ദ്രസർക്കാരിന് 52.98 ശതമാനം ഓഹരി പങ്കാളിത്തമുള്ള ബി.പി.സി.എല്ലിൽ 20,000ഓളം ജീവനക്കാരുണ്ട്. അഞ്ചു മുതൽ 10 ശതമാനം വരെ ജീവനക്കാർ വി.ആർ.എസ് എടുത്ത് പിരിയുമെന്നാണ് കരുതുന്നത്. 45 വയസ് പൂർത്തിയായവർക്കേ വി.ആർ.എസ് എടുക്കാനാകൂ.
സ്‌പോർട്‌സ് ക്വാട്ടയിൽ നിയമനം നേടിയവരും ബോർഡ് ലെവലിൽ പ്രവർത്തിക്കുന്നവർക്കും വി.ആർ.എസ് എടുക്കാനാവില്ല. വി.ആർ.എസ് തിരഞ്ഞെടുക്കുന്ന ജീവനക്കാരൻ നഷ്‌ടപരിഹാരം, പുനരധിവാസ ചെലവ്, മെഡിക്കൽ ചെലവ് (പോസ്‌റ്ര് റിട്ടയർമെന്റ് മെഡിക്കൽ ബെനഫിറ്ര് സ്‌കീം) തുടങ്ങിയവയ്ക്ക് അർഹനായിരിക്കും. വി.ആർ.എസ് എടുക്കുന്നവർക്ക് പിന്നീട് കമ്പനിയിലോ കമ്പനിയുടെ സംയുക്ത സംരംഭത്തിലോ ജോലി നേടാനാവില്ല.
വിറ്രൊഴിയാൻ
സർക്കാർ
പൊതുമേഖലാ ഓഹരി വില്പനയുടെ ഭാഗമായി ബി.പി.സി.എല്ലിലെ സർക്കാരിന്റെ എല്ലാ ഓഹരികളും വിറ്റൊഴിയാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. താത്പര്യപത്രം സമർപ്പിക്കാനുള്ള അന്തിമതീയതി ജൂലായ് 31 ആണ്. 1,000 കോടി ഡോളർ അറ്റ ആസ്‌തിയുള്ള കമ്പനിക്കോ പരമാവധി നാലു കമ്പനികൾ ചേർന്ന കൺസോർഷ്യത്തിനോ ആണ് താത്പര്യപത്രം സമർപ്പിക്കാൻ യോഗ്യത.
₹97,247 കോടി
ബി.പി.സി.എല്ലിന്റെ മൊത്തം മൂല്യം നിലവിൽ 97,247 കോടി രൂപയാണ്. 52.98 ശതമാനമാണ് കേന്ദ്രസർക്കാരിന്റെ ഓഹരി പങ്കാളിത്തം. ഇതു വിറ്റഴിച്ചാൽ കിട്ടുക 51,500 കോടി രൂപ. ഓഹരി ഏറ്റെടുക്കുന്ന കമ്പനി ഓപ്പൺ ഓഫറിലൂടെ മറ്ര് ഓഹരി ഉടമകളിൽ നിന്ന് 26 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കണമെന്ന് നിബന്ധനയുണ്ട്.
₹2.1 ലക്ഷം കോടി
നടപ്പുവർഷം (2020-21) പൊതുമേഖലാ ഓഹരി വില്പനയിലൂടെ സർക്കാരിന്റെ ലക്ഷ്യം 2.1 ലക്ഷം കോടി രൂപയുടെ സമാഹരണമാണ്.
15.3%
ബി.പി.സി.എൽ ഓഹരികൾ നേടുന്ന കമ്പനിക്ക് ഇന്ത്യയുടെ മൊത്തം എണ്ണ റിഫൈനറി ശേഷിയുടെ 15.3 ശതമാനമാണ് ലഭിക്കുക. ഇന്ധന വിപണിയുടെ 22 ശതമാനം വിഹിതവും. 38.3 മില്യൺ ടണ്ണാണ് ബി.പി.സി.എൽ റിഫൈനറികളുടെ മൊത്തം ശേഷി.
4 റിഫൈനറികൾ
ബി.പി.സി.എല്ലിന് നാല് റിഫൈനറികളുണ്ട്.
1. മുംബയ്
2. കൊച്ചി (കൊച്ചിൻ റിഫൈനറി)
3. ബിന (മദ്ധ്യപ്രദേശ്)
4. നുമാലിഗഢ് (അസാം)
16,309 പെട്രോൾ പമ്പുകൾ, 6113 എൽ.പി.ജി ഡിസ്‌ട്രിബ്യൂട്ടർ ഏജൻസികൾ, 51 എൽ.പി.ജി ബോട്ടിലിംഗ് പ്ളാന്റുകൾ, 256 വ്യോമ ഇന്ധന സ്‌റ്റേഷനുകൾ എന്നിവയും ബി.പി.സി.എല്ലിനുണ്ട്. നുമാലിഗഢ് റിഫൈനറി ഒഴികെയുള്ളവയാണ് വിറ്റഴിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |