തിരുവനന്തപുരം: മോഹൻലാലിന്റെ കടുത്ത ആരാധകനായ പോളിടെക്നിക് വിദ്യാർത്ഥി അരുൺ 'സ്ഫടികം' സിനിമ കണ്ടത് അൻപതിലേറെ തവണ. കൂളിംഗ് ഗ്ലാസും ചുവന്ന ബനിയനും ധരിച്ച് മീശ പിരിച്ച് ലാലേട്ടൻ ലോറി ഓടിച്ചു വരുന്ന സീൻ കണ്ടപ്പോഴൊക്കെ ആ ലോറിയോട് എന്തെന്നില്ലാത്ത ഇഷ്ടം അരുണിന് തോന്നി. ലോക്ക്ഡൗൺ കാലത്ത് സ്ഫടികം വീണ്ടും കണ്ടു. അതോടെ അരുൺ ഒരുകാര്യം തീരുമാനിച്ചു, ഇതുപോലൊരു ലോറി എന്റെ വീട്ടിൽ വേണം.
പക്ഷേ, ഒരു ലോറി വാങ്ങാനുള്ള വരുമാനമൊന്നും വിദ്യാർത്ഥിയായ തനിക്കിലില്ല. എന്നാൽ, തലയിൽ കയറിപ്പറ്റിയ മോഹത്തെ ആ കാരണംകൊണ്ട് പറഞ്ഞുവിടാനുമാവില്ല. പിന്നെ എന്താണൊരു വഴി. അതാണ് മിനിയേച്ചർ ലോറി എന്ന ആശയത്തിലേക്ക് അരുണിനെ കൊണ്ടെത്തിച്ചത്. കാർഡ് ബോർഡും ഫെവിക്കോളും ഉപയോഗിച്ച് അതിനായി ഒരു ശ്രമം നടത്തി. അത്തരം നിർമിതിയിൽ മുൻപരിചയമൊന്നും ഇല്ലെങ്കിലും മോഹൻലാലിനെ മനസിൽ 'ധ്യാനിച്ച് ' അരുൺ തന്റെ ശ്രമം പൂർത്തിയാക്കി. അതുകണ്ട് വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ ഞെട്ടി. ഇവൻ ആള് കൊള്ളാമല്ലോ..! സ്ഫടികം സിനിമയിൽ കണ്ടതുപോലെ അഴകൊത്തൊരു ലോറിയുടെ രൂപം.
പഴയ ചെരുപ്പ്, സാമ്പിൾ ബോട്ടിൽ
നെടുമങ്ങാട് ഇരിഞ്ചയം താന്നിമൂട് സ്വദേശിയായ അരുൺ പതിനഞ്ച് ദിവസമെടുത്താണ് സ്ഫടികം ലോറി നിർമിച്ചത്. കാർഡ് ബോർഡിൽ ലോറി നിർമിച്ച ശേഷം ഫിനിഷിംഗിനായി മാസ്കിംഗ് ടേപ്പ് പുറമെ ഒട്ടിച്ചു. ടയർ ഉണ്ടാക്കാനായി പഴയ ചെരുപ്പ് വെട്ടിയെടുത്തു. സാമ്പിൾ ബോട്ടിലിൽ കിട്ടുന്ന പെയിന്റ് തേച്ചതോടെ ഒറിജിനലിനെ വെല്ലുന്ന ലോറിയായി.
പിന്നീട് അതൊരു ഹരമായി. യൂ ട്യൂബ് വീഡിയോകൾ കണ്ട് ഇത്തരം നിർമാണത്തിന്റെ കൂടുതൽ രീതികൾ പഠിച്ചു. സമാനമായി ഇത്തരം നിർമാണം നടത്തുന്ന പലരുടെയും നമ്പറുകൾ ശേഖരിച്ച് അവരുമായി സംസാരിച്ചു. കാർഡ് ബോർഡിന് പകരം ഉപയോഗിക്കാൻ കഴിയുന്ന ഫോറെക്സ് ഷീറ്റിനെക്കുറിച്ച് മനസിലാക്കി. പെർഫെക്ഷൻ കിട്ടാൻ ഇതാണ് കൂടുതൽ നല്ലതെന്ന് അറിഞ്ഞതോടെ പിന്നെ ആ വഴിക്കായി ശ്രമം. പിന്നീട് 'കൊമ്പൻ' എന്ന ടൂറിസ്റ്റ് ബസ്, കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഫാസ്റ്റ് ബസ് എന്നിവയുടെ മോഡൽ നിർമിച്ചു. എല്ലാം ഒന്നിനൊന്ന് മെച്ചമെന്ന് നാട്ടുകാരുടെ സാക്ഷ്യം. നഗരസഭാ വാർഡ് കൗൺസിലറും ഇടവക വികാരിയുമെല്ലാം അനുമോദനവുമായെത്തി.
അടുത്തത് 'നരസിംഹം'
ഏകദേശം 1500 രൂപയോളം മുടക്കിയാണ് അരുൺ ഓരോ വാഹനവും നിർമിക്കുന്നത്. രാവും പകലും നിർമാണത്തിന് ചെലവഴിച്ചാലും പൂർത്തിയായി കഴിയുമ്പോൾ മനസിന് സന്തോഷമുണ്ടെന്ന് അരുൺ പറയുന്നു. നരസിംഹം സിനിമയിലെ ജീപ്പും കെ.എസ്.ആർ.ടി.സിയുടെ ആദ്യകാല ബസും നിർമിക്കുകയാണ് അരുണിന്റെ ഇനിയുള്ള ഏറ്റവുംവലിയ ആഗ്രഹം. കഴിയുമെങ്കിൽ ലോറിയും ജീപ്പും ലാലേട്ടനെ കാണിക്കണമെന്നും ആഗ്രഹമുണ്ട്. അത് നടന്നില്ലെങ്കിലും ലാലേട്ടൻ സിനിമയിലെ നിരവധി വാഹനങ്ങൾ ഇനിയും ഈ വീട്ടിൽ ഉണ്ടാകുമെന്ന് അരുൺ പറയുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങര പോളിടെക്നിക്കിലെ എ.സി. മെക്കാനിക് വിദ്യാർത്ഥിയാണ് അരുൺ. കൂലിപ്പണിക്കാരനായ അച്ഛൻ മര്യാദാസിന്റെയും അമ്മ ശശികലയുടേയും പ്രോത്സാഹനമാണ് അരുണിന്റെ പ്രചോദനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |