ജീവിതശൈലിയിൽ മാത്രമല്ല കാലങ്ങളായി പിന്തുടരുന്ന ആചാരാനുഷ്ഠാനങ്ങളിൽപ്പോലും കൊവിഡ് - 19 എന്ന സൂക്ഷ്മാണു സങ്കല്പാതീതമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഏറെ
വൈമനസ്യത്തോടെയാണെങ്കിലും ആചാരവിരുദ്ധമായ പലതും മനസില്ലാമനസോടെ സ്വീകരിക്കാൻ മനുഷ്യർ നിർബന്ധിതരാകുന്നു. മാസങ്ങളായി അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങൾ എല്ലാ വിഭാഗം ജനങ്ങളുടെയും വലിയ ദുഃഖമായി മാറിയിരിക്കുന്നു. ജീവനാണ് വലുത് എന്ന ബോദ്ധ്യത്തിനു മുന്നിൽ മറ്റെല്ലാം ത്യജിക്കാൻ മനുഷ്യർ സന്നദ്ധരാകുന്നു. നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങൾ മാറ്റിവയ്ക്കേണ്ടിവരുന്നു. ബന്ധുമിത്രാദികളെ ഒഴിവാക്കി ഏതാനും പേരെ മാത്രം ഒപ്പം കൂട്ടി വിവാഹച്ചടങ്ങുകൾ നടത്തേണ്ടിവരുന്നു. മരിച്ചാൽ പോലും അവസാനമായി ഒന്നു കാണാൻ എന്തെല്ലാം വിലക്കുകൾ. കൊവിഡ് പിടിപെട്ടു മരിക്കുന്നവരുടെ സംസ്കാര കർമ്മത്തിന് ബന്ധുക്കൾ അനുഭവിക്കേണ്ടിവരുന്ന യാതന പറയാതിരിക്കുകയാകും ഭേദം. ശവസംസ്കാരം തടഞ്ഞ സംഭവങ്ങൾ വരെ അങ്ങിങ്ങ് ഉണ്ടായി. മരണത്തെ പുൽകിയ ഹതഭാഗ്യർ ഇതൊന്നും അറിയുന്നില്ലെങ്കിലും വീട്ടുകാരും ബന്ധുക്കളും ഇതേത്തുടർന്ന് അനുഭവിക്കേണ്ടിവരുന്ന ഹൃദയവേദന എന്തായിരിക്കും. തിരുവനന്തപുരത്തും കോട്ടയത്തുമൊക്കെ സെമിത്തേരികളിൽ ശവസംസ്കാരം തടഞ്ഞ സംഭവങ്ങളുണ്ടായി. മഴക്കാലം കൂടി തുടങ്ങിയതോടെ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ആഴത്തിൽ കുഴിയെടുക്കാനാകാത്ത അവസ്ഥയാണ് പലേടത്തുമുള്ളത്. ആറടി കുഴിക്കുമ്പോഴേ വെള്ളം കണ്ടു തുടങ്ങും. കുഴിക്ക് പന്ത്രണ്ടടിയെങ്കിലും ആഴം വേണമെന്നതാണ് പ്രോട്ടോക്കോൾ ചട്ടം. ഇതു പാലിക്കാനാകാതെ വന്നപ്പോൾ ആലപ്പുഴയിലും കൊച്ചിയിലുമൊക്കെ ക്രിസ്തീയ സഭാധികൃതർ ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മൃതദേഹം ദഹിപ്പിക്കാനുള്ള അനുമതി നൽകുകയാണ്. ആലപ്പുഴയിൽ ഈ അടുത്ത ദിവസം കൊവിഡ് മൂലം മൃതിയടഞ്ഞ രണ്ട് വയോവൃദ്ധകൾക്ക് സെമിത്തേരിയിൽ ചിതയൊരുങ്ങിയത് അങ്ങനെയാണ്. ആലപ്പുഴ രൂപതയുടെ മാതൃകാപരമായ ഈ തീരുമാനം അനുകരിക്കാൻ മറ്റു രൂപതകളും മുന്നോട്ടുവന്നുകാണുന്നത് അങ്ങേയറ്റം സ്വാഗതാർഹമാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ കാക്കനാട്ട് കൊവിഡ് ബാധിച്ചു മരണമടഞ്ഞ വൃദ്ധയുടെ ജഡം സെന്റ് മൈക്കിൾസ് ചർച്ച് വക ശ്മശാനത്തിൽ ദഹിപ്പിക്കുകയാണു ചെയ്തത്. ആചാരപ്രകാരമുള്ള സംസ്കാരം അസാദ്ധ്യമായതോടെയാണ് ഇങ്ങനെയൊരു മാറ്റം വേണ്ടിവന്നത്. താഴ്ന്ന പ്രദേശമായതിനാൽ ആഴത്തിൽ കുഴി എടുക്കാനാവില്ല. ദഹനശേഷം ചിതാഭസ്മം ശേഖരിച്ച് സെമിത്തേരിയിലെ കല്ലറയിൽ സൂക്ഷിക്കും. സാഹചര്യങ്ങൾ ഇത്തരത്തിലൊരു മാറ്റം അനിവാര്യമാക്കുന്നതു തടയാൻ ആർക്കുമാവില്ലെന്ന യാഥാർത്ഥ്യം ശേഷിക്കുന്നു. അത് ഉൾക്കൊള്ളാൻ മനസു തുറന്നു തയ്യാറാകുന്നിടത്താണ് സാഹചര്യത്തിനനുസൃതമായി ജീവിക്കാനുള്ള മനുഷ്യന്റെ ഹൃദയവിശാലത പ്രകടമാകുന്നത്. ആലപ്പുഴയിലെ മാരാരിക്കുളത്ത് ആദ്യമായി പള്ളിപ്പറമ്പിൽ ചിത ഉയർന്നത് പുതിയൊരു മാറ്റത്തിന്റെ തുടക്കമായി പരക്കെ വാഴ്ത്തപ്പെട്ടു. ആലപ്പുഴ രൂപതാ ബിഷപ്പ് ജയിംസ് ആനാപറമ്പിൽ അധികൃതരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഇത്തരത്തിലൊരു മാറ്റത്തിന് നടപടി എടുത്തത്. ആചാരങ്ങൾ മനുഷ്യനു വേണ്ടിയുള്ളതാണെന്ന മഹാസത്യം കൂടി ഉൾക്കൊള്ളുന്നതാണ് ക്രിസ്തീയ സഭകളെ സംബന്ധിച്ച് വിപ്ളവകരമായ ഈ തീരുമാനം. അനിവാര്യമായ സാഹചര്യങ്ങളിൽ ജഡം ദഹിപ്പിക്കുന്നതിനും ക്രിസ്തീയ സഭ അനുമതി നൽകുന്നുണ്ട്. ഇതുവരെ അത് പ്രയോജനപ്പെടുത്തേണ്ടിവന്നിരുന്നില്ല എന്നു മാത്രം.
ആലപ്പുഴ, എറണാകുളം രൂപതകൾക്കു പിന്നാലെ സീറോ മലബാർ സഭയുടെ തൃശൂർ രൂപത കുറച്ചുകൂടി മൂർത്തമായ തീരുമാനവുമായി മുന്നോട്ടുവന്നതായി കാണുന്നു. കൊവിഡ് മഹാമാരി നിലനില്ക്കുന്നതിനാൽ സഭയുടെ വകയായി ഒരു ക്രിമിറ്റോറിയം സ്ഥാപിക്കാനുള്ള അനുമതിക്കായി രൂപത അപേക്ഷ നൽകിയിരിക്കുകയാണ്. സഭയ്ക്കു കീഴിലുള്ള ഒട്ടുമിക്ക സെമിത്തേരികളിലും ആഴത്തിൽ കുഴിയെടുത്ത് ജഡം മറവുചെയ്യാൻ കഴിയാത്ത സ്ഥിതിയുള്ളതിനാലാണ് ക്രിമിറ്റോറിയം എന്ന ആശയത്തിലേക്ക് തിരിഞ്ഞത്. ഇതു മാത്രമല്ല കൊവിഡ് പിടിപെട്ടു മരിക്കുന്നവരുടെ ഭൗതിക ദേഹം സെമിത്തേരിയിൽ അടക്കം ചെയ്യുന്നതിനെതിരെ ഇടവകക്കാരിൽത്തന്നെ എതിർപ്പു വരുന്നുണ്ട്. സീറോ - മലബാർ സഭാ ഇടവകയുടെ അപേക്ഷ സത്വരമായി പരിഗണിച്ച് ഉടൻ നടപടി എടുക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. ക്രിമിറ്റോറിയത്തിനായി ഒരേക്കർ സ്ഥലവും ഇടവക കണ്ടെത്തിയിട്ടുണ്ട്. പള്ളിയിൽ വച്ചു ചടങ്ങുകളെല്ലാം പൂർത്തിയാക്കിയ ശേഷമാകും ദഹിപ്പിക്കാനായി ക്രിമിറ്റോറിയത്തിലേക്കു കൊണ്ടുപോവുക. തീരപ്രദേശങ്ങളിലുള്ള എല്ലാ ക്രിസ്തീയ ദേവാലയങ്ങളും നേരിടുന്ന പൊതുവായ പ്രശ്നമാണിത്. ആ പ്രദേശങ്ങൾക്കായി ഇതുപോലുള്ള ക്രിമിറ്റോറിയങ്ങൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ബന്ധപ്പെട്ട സഭകൾ ആലോചിക്കേണ്ടതാണ്.
ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവർ മാത്രമല്ല മഴക്കാലത്ത് ശവസംസ്കാര കർമ്മങ്ങൾക്കായി പ്രയാസം അനുഭവപ്പെടുന്നവർ. താഴ്ന്ന പ്രദേശങ്ങളിലും ദ്വീപുകളിലും മറ്റും കഴിയുന്നവർ എല്ലാക്കാലത്തും നേരിടുന്ന ദുരിതങ്ങളിലൊന്നാണിത്. കുട്ടനാടു പോലുള്ള പ്രദേശങ്ങളിൽ വെള്ളത്തിനു മുകളിൽ പൊങ്ങുതടികൾ നിരത്തി അതിനു മുകളിൽ ചിതയൊരുക്കുന്നത് മഴക്കാലത്ത് സാധാരണ കാഴ്ചയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇങ്ങനെയുള്ള പ്രദേശങ്ങളിൽ ജനങ്ങളെ സഹായിക്കാനായി മുന്നോട്ടു വരേണ്ടത്. അന്ത്യനിദ്രയ്ക്കു ഇടമില്ലാത്തതിനാൽ താമസിക്കുന്ന കൂരയുടെ ഒരു ഭാഗം പൊളിച്ച് ചിത ഒരുക്കേണ്ടിവന്ന എത്രയോ കുടുംബങ്ങൾ സംസ്ഥാനത്തുണ്ട്. കുടുംബങ്ങൾ വിഭജിക്കപ്പെടുന്നതോടെ രണ്ടും മൂന്നും സെന്റിൽ കിടപ്പാടമുണ്ടാക്കി കഴിയുന്ന പാവങ്ങളെ സംബന്ധിച്ചിടത്തോളം ജീവിതം പോലെ അന്ത്യയാത്രയും യാതനാനിർഭരം തന്നെയാണ്. അധികൃതർ മനസുവച്ചാലേ ഈ ദുഃസ്ഥിതിക്കു പരിഹാരം കാണാനാകൂ.
കൊവിഡ് മഹാമാരി ഒഴിഞ്ഞാലും ക്രിസ്തീയ സഭകൾക്ക് ആവശ്യമെന്നു കണ്ടാൽ സ്വീകരിക്കാവുന്നതാണ് ദഹനമെന്ന മരണാനന്തര ക്രിയ. പുതിയ സെമിത്തേരികൾക്ക് അനുയോജ്യമായ സ്ഥലം ലഭ്യമല്ലാത്ത ഇടങ്ങളിൽ പ്രായോഗികമായ ബദലാണ് ക്രിമിറ്റോറിയങ്ങൾ. മരിക്കുമ്പോൾ ആറടി മണ്ണു മതിയെന്നാണ് പറയാറുള്ളത്. എന്നാൽ ഈ കൊവിഡ് കാലത്ത് ആറടി മണ്ണുകൊണ്ടു മാത്രം കാര്യമില്ലെന്ന് തെളിയുകയാണ്. അതിനാലാണ് ഭൗതികദേഹം സംസ്കരിക്കാൻ പുതുവഴി തേടേണ്ടിവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |