ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങിയ റാഫേൽ യുദ്ധ വിമാനത്തെയും ചൈനയുടെ ജെ-20 യുദ്ധ വിമാനത്തെയും താരതമ്യം ചെയ്‌ത് ഇരു രാജ്യങ്ങൾക്കുമിടയിൽ വാക് പോര്. റാഫേൽ വന്നതോടെ കളിമാറുമെന്നും ജെ-20 അടുത്തെങ്ങും വരില്ലെന്നുമുള്ള വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ബി.എസ് ധനോവയുടെ പ്രസ്‌താവനയെ തള്ളിയ ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടി മുഖപത്രം ഗ്ളോബൽ ടൈംസ് തങ്ങളുടെ വിമാനം മികച്ചതാണെന്ന് അവകാശപ്പെട്ടു. ഇതിന് മറുപടിയുമായി ധനോവയും രംഗത്തെത്തി.
മൂന്നാം തലമുറയിലെ മുന്തിയ ഇനമായ റാഫേൽ ഇന്ത്യയുടെ കൈവശമുള്ള സുഖോയ് 30 പോലുള്ള വിമാനങ്ങളെക്കാൾ അല്പം മെച്ചപ്പെട്ടതാണെങ്കിലും, നാലാം തലമുറ വിമാനമായ അത്യാധുനിക ജെ - 20ന്റെ അടുത്തെത്തില്ലെന്ന് പ്രതിരോധ വിദഗ്ദ്ധനെ ഉദ്ധരിച്ച് ഗ്ളോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഈ വാർത്ത തള്ളിയ എയർചീഫ് മാർഷൽ ബി.എസ് ധനോവ രണ്ടു ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ചൈനയുടെ അവകാശവാദം ശരിയാണെങ്കിൽ നാലാം തലമുറയിലുള്ള യു.എസിന്റെ എഫ് 22, എഫ് 35, റഷ്യയുടെ സുഖോയ് 57 എന്നീ വിമാനങ്ങളിൽ റഡാർ സിഗ്‌നലുകൾ തടയാൻ സഹായിക്കുന്ന ചെറിയ ചിറകായ കനാർഡ്, ജെ - 20ൽ ഇല്ലാത്തതെന്തെന്ന് അദ്ദേഹം ചോദിച്ചു.
ഈ ചെറിയ ചിറകില്ലാത്ത ജെ-20 റഡാറുകളിൽ പതിയുമെന്നും റാഫേലിലെ ദീർഘദൂര മെറ്റിയോർ മിസൈലുകൾ ഉപയോഗിച്ച് തകർക്കാമെന്നും ധനോവ വിശദീകരിച്ചു.
അധിക എൻജിനില്ലാതെ സൂപ്പർസോണിക് വേഗത കൈവരിക്കാനുള്ള അത്യാധുനിക സാങ്കേതിക വിദ്യ ജെ-20ന് ഉണ്ടോ എന്നതാണ് രണ്ടാമത്തെ ചോദ്യം. സൂപ്പർസോണിക് ശക്തിയുള്ള റാഫേൽ റഡാറിൽ പതിയാതെ പറക്കാൻ ശേഷിയുള്ള ലോകത്തെ മികച്ച വിമാനങ്ങളിലൊന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |