കൊല്ലം: ചന്ദനത്തിരി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് എക്സൈസിന്റെ പിടിയിലായി. എഴുകോൺ കൊട്ടേകുന്നം മേരി ഭവനത്തിൽ സ്റ്റീഫൻ ഫെർണാണ്ടസ്(41) ആണ് രണ്ട് കിലോ കഞ്ചാവുമായി കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ കുണ്ടറയിൽ വച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സ്റ്റീഫനെ എക്സൈസ് സക്വാഡ് വളഞ്ഞു. തമിഴ് നാട്ടിൽ നിന്നും ചന്ദനത്തിരി പുൽതൈലം എന്നിവ കൊണ്ട് വന്നു കച്ചവടം നടത്തുന്നയാളാണെന്നും കൈവശമുള്ള സഞ്ചിയിൽ അവയാണെന്നും പറഞ്ഞ് എക്സൈസ് ഉദ്യോഗസ്ഥരെ കബളിപ്പിക്കാൻ ശ്രമിച്ചു. നേരത്തെ കഞ്ചാവ് കേസിൽ പിടിയിലായിട്ടുള്ളതിനാൽ ഉദ്യോഗസ്ഥർക്ക് സ്റ്റീഫനെ മുഖപരിചയം ഉണ്ടായിരുന്നു. ബാഗ് വാങ്ങി പരിശോധിച്ചപ്പോൾ മുകൾ ഭാഗത്ത് ചന്ദനത്തിരി കവറുകൾ അടുക്കി വെച്ചിട്ട് അടിയിൽ കഞ്ചാവ് ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു. ഒന്നര കിലോയോളം കഞ്ചാവ് കടത്തിയ കേസിൽ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ തന്നെ പിടിയിലായി റിമാൻഡിൽ കഴിഞ്ഞ സ്റ്റീഫൻ രണ്ട് മാസം മുൻപാണ് പുറത്തിറങ്ങിയത്. സ്റ്റീഫൻ തെങ്കാശിയിൽ പോയി 60000 രൂപക്ക് രണ്ടു കിലോ കഞ്ചാവ് വാങ്ങിയ ശേഷം പച്ചക്കറി വണ്ടിയിൽ കയറിയാണ് കുണ്ടറയിൽ എത്തിയത്. ആഴ്ചയിൽ 4 ദിവസം തെങ്കാശിയിൽ പോയി ഇതുപോലെ കഞ്ചാവ് കൊണ്ട് വന്നു ചെറുകിട കച്ചവടക്കാർ ക്ക് വിതരണം ചെയ്തു വരികയായിരുന്നുവെന്ന് പ്രതി പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദ്, ഇൻസ്പെക്ടർ ടി. രാജീവ് പ്രിവന്റീവ് ഓഫീസർ ശ്യാം കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നഹാസ് ക്രിസ്റ്റി, ഗോപകുമാർ, ശരത് ,വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |