ലക്നൗ: ഉത്തർപ്രദേശിലെ അലിഗഡ് മുസ്ളിം യൂണിവേഴ്സിറ്റി കാമ്പസിൽ സ്ഥാപിച്ചിട്ടുളള എയർഫോഴ്സിന്റെ മിഗ് വിമാനം ഓൺലൈൻ വില്പന സൈറ്റായ ഒ എൽ എക്സിൽ പ്രത്യക്ഷപ്പെട്ടത് വിവാദമായി. കഴിഞ്ഞ ദിവസമാണ് പത്തു കോടിരൂപയ്ക്ക് വിമാനം വിൽക്കാനുണ്ട് എന്ന പരസ്യം സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ നിരവധിപേർ അന്വേഷണവുമായി സമീപിച്ചു. അപ്പോഴാണ് യൂണിവേഴ്സിറ്റി അധികൃതർ സംഭവത്തെക്കുറിച്ചറിയുന്നത്.
തങ്ങളുടെ അറിവോടെയല്ല പരസ്യം പ്രത്യക്ഷപ്പെട്ടതെന്ന് വ്യക്തമാക്കിയ യൂണിവേഴ്സിറ്റി അധികൃതർ വിമാനം വിൽക്കാൻ ആലോചിച്ചിട്ടില്ലെന്നും യൂണിവേഴ്സിറ്റിയെ മനപൂർവം അപകീർത്തിപ്പെടുത്താൻ വേണ്ടി ആരോ കരുതിക്കൂട്ടി ശ്രമിച്ചതാണെന്നും പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട ചിലരാണ് ഇതിനുപിന്നിലെന്നും സംശയമുണ്ട്. ഇതിനിടെ വിവാദ പരസ്യം സൈറ്റിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.
2009ലാണ് യൂണിവേഴ്സിറ്റി കാമ്പസിൽ മിഗ് വിമാനം സ്ഥാപിച്ചത്. തങ്ങളുടെ അടയാളമെന്ന നിലയിൽ ഇന്ത്യൻ എയർഫോഴ്സാണ് ഡി കമ്മിഷൻ ചെയ്ത വിമാനം യൂണിവേഴ്സിറ്റിക്ക് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |