കോങ്ങാട്: പഞ്ചായത്ത് 15-ാം വാർഡിലെ വെള്ളരത്തോട്ടം നിവാസികൾ ഓരോ ദിവസവും തള്ളിനീക്കുന്നത് ഏറെ ആശങ്കയോടെ. റോഡിന്റെ പാർശ്വഭിത്തി തകർന്ന് മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് ഭീതിയാണ് പ്രദേശവാസികൾക്ക്. വെള്ളരത്തോട്ടം മലയമ്പാടം റോഡിനിരുവശവും സമീപത്തായും 25 കുടുംബങ്ങളാണ് റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞു വീടിന് മുകളിലേക്ക് പതിക്കുമെന്ന ഭീതിയിൽ കഴിയുന്നത്. തെക്കുവശത്തായി റോഡ് നിരപ്പിൽ നിന്നും ഒമ്പതടിയോളം താഴ്ന്ന സ്ഥലത്താണ് നെല്ലശ്ശേരി വീട്ടിൽ ശ്രീനിവാസനും കുടുംബവും കഴിയുന്നത്. ഇവിടെ റോഡ് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.
മൂന്നുമുതൽ നാലടിയോളം മണ്ണിടിഞ്ഞു വീണിരിക്കുകയാണ്. റോഡിനു സംരക്ഷണഭിത്തി കെട്ടി സുരക്ഷിതമാക്കാത്തതാണ് മണ്ണിടിച്ചിലിനു കാരണം. അരകിലോമീറ്റർ മാത്രം ദൈർഘ്യമുള്ള റോഡ് തകർന്ന് ഏറെ ശോചനീയാവസ്ഥയിലാണ്. കാൽനടയാത്ര പോലും ദുസ്സഹമായ റോഡിലൂടെ വാഹന ഗതാഗതം ഏറെ ദുഷ്കരമാണ്. 30ഓളം വീടുകളുള്ള അത്തിക്കുണ്ട് ഹരിജൻ കോളനിയിലേക്കുള്ള പ്രധാന മാർഗ്ഗം കൂടിയാണ്.
പഞ്ചായത്ത് റോഡായി കണക്കാക്കിയിട്ടുണ്ടെങ്കിലും യാതൊരു നിലവാരവുമില്ല. വർഷങ്ങളായി ഒരു അറ്റകുറ്റ പണികളും നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇത്തരത്തിൽ തകർന്ന റോഡിലൂടെ ഭാരം കയറ്റിയ ടിപ്പർ ലോറികൾ ഉൾപ്പടെ കടന്നുപോകുമ്പോൾ മണ്ണിടിഞ്ഞു വിഴുന്നത് പതിവാണ്. കഴിഞ്ഞ വർഷത്തെ കനത്ത മഴയിലും പ്രളയത്തിലും മണ്ണ് ഇടിഞ്ഞുവീണ് എറെ ദുരിതം നേരിട്ടതായും ഇത്തവണ മഴ ശക്തി പ്രാപിക്കുന്നതോടെ ഏതുനിമിഷവും അപകടം സംഭവിച്ചേക്കാമെന്ന ഭീതിയിലാണ് ഓരോ കുടുംബങ്ങളും കഴിയുന്നതെന്ന് ശ്രീനിവാസൻ പറയുന്നു.
റോഡ് ഇടിഞ്ഞുവീണ് തങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടങ്ങൾ സംഭവിക്കാതിരിക്കാനും അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് വെള്ളരത്തോട്ടം നിവാസികൾ നിവേദനം നൽകി എട്ടുമാസം പിന്നിട്ടിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടർന്ന് ജില്ലാ കളക്ടർ, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകി കാത്തിരിക്കുകയാണിവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |