കോലഞ്ചേരി: ഐക്കരനാട് പാങ്കോട്ട് പട്ടികജാതിക്കാരിയായ എഴുപത്തിയഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് മാരകമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പെരുമ്പാവൂർ സ്വദേശിയായ ലോറി ഡ്രൈവർ മുഹമ്മദ് ഷാഫി (38), ഇയാൾക്ക് വൃദ്ധയെ എത്തിച്ചുനൽകിയ പാങ്കോട് ആശാരിമൂലയിൽ ഓമന (60) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. വൃദ്ധയുടെ നെഞ്ച് മുതൽ സ്വകാര്യഭാഗം വരെ മുറിവേറ്റിട്ടുണ്ട്. മൂത്രസഞ്ചി ഉൾപ്പെടെ ആന്തരികാവയവങ്ങൾക്കും സാരമായ പരിക്കേറ്റു.. കോലഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി.
ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. സമീപത്തെ കമ്പനിയിൽ ലോറിയിൽ ലോഡുമായെത്തുന്ന പ്രതിക്ക് അനാശാസ്യത്തിന് വീട്ടിൽ സൗകര്യമൊരുക്കിയിരുന്നത് ഓമനയും സഹോദരിയുമാണ്. വീട്ടിൽ നിന്നിറങ്ങി നടക്കുന്ന സ്വഭാവവും ഓർമ്മക്കുറവുമുള്ള വൃദ്ധ സംഭവദിവസം വീടിന് സമീപമുള്ള കടയിൽ പുകയില ചോദിച്ചെത്തിയപ്പോൾ, സമീപം ലോട്ടറി ടിക്കറ്റ് വിറ്റുകൊണ്ടിരുന്ന ഓമന പുകയില തരാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി തന്റെ വീട്ടിലെത്തിച്ചു. തുടർന്നായിരുന്നു ക്രൂരപീഡനം . ചെറുക്കാൻ ശ്രമിച്ചപ്പോൾ അക്രമത്തിലൂടെ ലോറി ഡ്രൈവർ മുഹമ്മദ് ഷാഫി കീഴ്‌പ്പെടുത്തി. വൈകിട്ട് ഓട്ടോറിക്ഷയിൽ വൃദ്ധയെ വീട്ടിലെത്തിച്ച് ഓമന മുങ്ങി. അമ്മ അവശയായി കിടക്കുന്നത് കണ്ട മകൻ, വസ്ത്രത്തിൽ ചോരപ്പാടുകൾ കണ്ട് ഉടനെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പരിക്ക് ഗുരുതരമായതിനാൽ രാത്രി തന്നെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ വച്ചാണ് പീഡനവിവരം പുറത്തായത്. ആശുപത്രി അധികൃതരാണ് പുത്തൻകുരിശ് പൊലീസിനെ അറിച്ചത്.ഇന്നലെ വൈകിട്ട് നാല് മണിയോടെ മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ് ആശുപത്രിയിലെത്തി വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി. തീവ്രപരിചരണ വിഭാഗത്തിലുള്ള വൃദ്ധയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |