തൃശൂർ: ബാപ്പയുടെ ഓർമ്മദിനത്തലേന്ന് മുനവറലി തങ്ങൾ പാടി..... 'ദിൽ കെ അർമാം ആസുഓം മേ ബെഹഗയേ, ഹം വഫ കർകേ ബി തൻഹ രഹ ഗയേ.....'
ഹൃദയത്തിന്റെ കണ്ണുനീർ കണ്ണീരിൽ മങ്ങുന്നു, വിശ്വാസമുണ്ടായിട്ടും ഞങ്ങൾ ഏകാന്തതയിലായിരുന്നു എന്ന അർത്ഥത്തിലുള്ള ഗാനം സൃഹൃത്തുക്കളുടെ വാട്ട്‌സ്ആപ്പിലൂടെ അതിവേഗം വൈറലായി.
യശ്ശശരീരനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകൻ മുനവറലി തങ്ങൾ പാടിയ മുഹമ്മദ് റാഫിയുടെ ഈ ഗാനം ബാപ്പയ്ക്കുള്ള സ്മരണാഞ്ജലിയുമായി. ആദ്യമായാണ് മുനവറലി ആലപിച്ച ഗാനം വാട്ട്‌സ്ആപ്പിലൂടെ പുറത്തുവന്നതെന്ന് പാണക്കാട് കുടുംബത്തിന്റെ ഉറ്റ സുഹൃത്തും റവാബി ട്രാവൽസ് എം.ഡിയുമായ അബ്ദുൽ സത്താർ ഇരിക്കൂർ പറഞ്ഞു. ബാപ്പയുടെ സുഹൃത്ത് അഹമ്മദ് ഹാജിയുടെ മകൻ മായിന്റെ വീട്ടിൽ ഒന്നിച്ച് കൂടിയപ്പോഴാണ് ഗാനമാലപിച്ചത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷനായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വിടപറഞ്ഞിട്ട് 11 വർഷം കഴിയുന്നു.
''എന്റെ ബാപ്പ നല്ലൊരു സംഗീതാസ്വാദകനായിരുന്നു. മുഹമ്മദ് റാഫി പാടിയ ഗാനങ്ങൾ ഏറെ ഇഷ്ടമായിരുന്നു. റാഫി ഗാനങ്ങളുടെ നല്ല ശേഖരമുണ്ടായിരുന്നു ബാപ്പയ്ക്ക്. എന്റെ സ്‌കൂൾ, കോളേജ് കാലലട്ടങ്ങളിൽ സുഹൃത്തുക്കൾ പാടുമ്പോൾ അവരോടൊപ്പം ചേർന്ന് പാടാൻ ശ്രമിക്കുമായിരുന്നു.
- പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ
കൗമുദി ഇവന്റിന്റെ ഓർമ്മയിൽ
13 വർഷങ്ങൾക്കു മുമ്പ് 2007 മേയിൽ മലപ്പുറത്ത് നടന്ന കേരളകൗമുദിയുടെ ഇവന്റ് ഉദ്ഘാടനം ചെയ്യാൻ പാണക്കാട് സെയ്ത് മുഹമ്മദലി ശിഹാബ് തങ്ങളെ ക്ഷണിക്കാൻ കൗമുദി ടീം പാണക്കാട്ടെത്തി. സമൂഹത്തിലെ പല പ്രശ്‌നങ്ങളും ചർച്ച ചെയ്യുന്ന കൂട്ടത്തിൽ സംഗീതവും കടന്നു വന്നു. മുഹമ്മദ് റാഫിയുടെ ഗാനങ്ങളെ കുറിച്ചും ആ ഗാനങ്ങളുടെ ശേഖരത്തെക്കുറിച്ചുമൊക്കെ ചർച്ചയായി. റാഫി ഗാനങ്ങൾ ആലപിച്ച് പ്രശസ്തനായ മുഹമ്മദ് അസ്‌ലമിന്റെ സംഗീത വിരുന്ന് കൗമുദിയുടെ അന്നത്തെ കലാ സായാഹ്നത്തിൽ ഇടം പിടിച്ചതിന്റെ കാരണം ശിഹാബ് തങ്ങൾക്ക് അതിനോടുള്ള പെരുത്ത ഇഷ്ടം തന്നെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |