ന്യൂഡൽഹി: ആറ് ദശാബ്ദത്തിലേറെ ജമ്മുകാശ്‌മീരിന് പ്രത്യേക അധികാരം നൽകിയ ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ നരേന്ദ്രമോദി സർക്കാരിന്റെ ഐതിഹാസിക തീരുമാനത്തിന് ഇന്ന് ഒരു വയസ്. ജമ്മുകാശ്‌മീരിനെ, ജമ്മുകാശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി മാറ്റിയതിനെ പാകിസ്ഥാനും ചൈനയും എതിർത്തെങ്കിലും മറ്റ് ലോകരാജ്യങ്ങൾ പിന്തുണച്ചത് സർക്കാരിന് ആശ്വാസമായി. പ്രതിപക്ഷത്തെയും മാദ്ധ്യമങ്ങളെയും മുക്കുകയറിട്ടും ഇന്റർനെറ്റ് സേവനങ്ങൾ തടഞ്ഞുമുള്ള നിയന്ത്രണങ്ങൾ ജമ്മുകാശ്‌മീരിൽ തുടരുകയാണ്.
2019 ആഗസ്‌റ്റ് അഞ്ചിന് നാടകീയമായാണ് ഭരണഘടനയിൽ മാറ്റം വരുത്താൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന 370 (1) വകുപ്പ് പ്രകാരം പ്രത്യേക പദവി റദ്ദാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാവിലെ വിജ്ഞാപനമിറക്കിയത്. ജമ്മുകാശ്മീരിനെ വിഭജിക്കുന്ന ബില്ല് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ പാസാക്കിയെടുത്തു. തൊട്ടടുത്ത ദിവസം ലോക്‌സഭയും ബിൽ പാസാക്കി. തീരുമാനം നടപ്പാക്കും മുമ്പ് ജമ്മുകാശ്‌മീരിലുടനീളം സൈന്യത്തെ വിന്യസിക്കുകയും മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ജമ്മുകാശ്മീർ പീപ്പിൾ കോൺഫറൻസ് നേതാക്കളായ സജ്ജാദ്ദ് ലോൺ, ഇമ്രാൻ അൻസാരി തുടങ്ങിയ നേതാക്കളെ തടങ്കലിലാക്കുകയും ചെയ്‌തിരുന്നു.
നിയമം പ്രാബല്യത്തിൽ വന്നതോടെ ഇരട്ട പൗരത്വം, പ്രത്യേക പതാക, സാമ്പത്തിക അടിയന്തരാവസ്ഥ, മറ്റ് സംസ്ഥാനക്കാർക്ക് ഭൂമിയുംസ്വത്തുക്കളും വാങ്ങാനുള്ള വിലക്ക് എന്നിവ ഇല്ലാതാകുകയും
മറ്റു സംസ്ഥാനങ്ങളിലേതു പോലെ നിയമങ്ങൾ പ്രാബല്യത്തിൽ വരികയും ചെയ്‌തു.ഫറൂഖ് അബ്‌ദുള്ള അടക്കമുള്ള നേതാക്കളെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചെങ്കിലും ജമ്മുകാശ്‌മീരിൽ പ്രതിപക്ഷത്തിന് ഇപ്പോഴും സ്വാതന്ത്ര്യമില്ല. സമാധാനം സ്ഥാപിക്കാൻ കഴിയാത്തതിനാൽ ഇതുവരെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ലെഫ്റ്റനന്റ് ഗവർണർക്ക് കീഴിലുള്ള കേന്ദ്രഭരണപ്രദേശമായി മാറിയ ലഡാക് മാറ്റത്തിന്റെ പാതയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |