കോട്ടയം: നന്നായി ഉറങ്ങുക, നന്നായി പഠിക്കുക. സിവിൽ സർവീസ് പരീക്ഷയിൽ 40-ാം റാങ്കും കേരളത്തിൽ രണ്ടാം സ്ഥാനക്കാരിയുമായ ഡോ. അശ്വതി ശ്രീനിവാസിന്റെ പോളിസിയാണിത്. ഹൗസ് സർജൻസിക്ക് ശേഷം സിവിൽ സർവീസ് മോഹം തലയിലുദിച്ചു. ഒടുവിൽ നാലാം ശ്രമത്തിൽ ലക്ഷ്യത്തിലെത്തി.കൊല്ലം കടപ്പാക്കട ഭാവനയിൽ റിട്ട. കെ.എസ്.ഇ.ബി എൻജിനിയർ പി.ശ്രീനിവാസിന്റെയും ഡോ.ലീനയുടെ ഇളയ മകളായ അശ്വതിക്ക് സഹോദരി അപർണയെപോലെ ഡോക്ടറാകാനായിരുന്നു ആഗ്രഹം. തിരുവനന്തപുരം ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കി ഹൗസ് സർജൻസിക്ക് ചേർന്നു. ആരോഗ്യ മേഖലയിൽ നിന്ന് ധാരാളം പേർ ഐ.എ.എസിലേക്ക് തിരിയുന്നെന്ന് അറിഞ്ഞതോടെ ഒരു കൈ നോക്കാമെന്ന് വിചാരിച്ചു.ആദ്യ വർഷം സ്വയം പഠിച്ചു. 2017 മുതൽ തിരുവനന്തപുരം എൻലൈറ്റ് അക്കാഡമിയിലായിരുന്നു കോച്ചിംഗ്. നാലു വർഷത്തെ ശ്രമത്തിനൊടുവിൽ ആഗ്രഹിച്ചത് നേടിയപ്പോൾ ഉള്ളു നിറഞ്ഞ സന്തോഷവും. '' ഞാൻ അത്ര പഠിപ്പിയൊന്നുമല്ല. കറണ്ട് അഫയേഴ്സ് ഫോളോ ചെയ്യുന്നത് എന്റെ ഹോബിയാണ്. അത് ഏറെ ഗുണം ചെയ്തു. അച്ഛനും അമ്മയുമെല്ലാം സന്തോഷത്തിലാണ്'' -അശ്വതി പറയുന്നു.രാവും പകലുമിരുന്ന് പഠിക്കുന്ന പ്രകൃതമല്ല അശ്വതിയുടേത്. പഠിക്കുമ്പോൾ മനസിരുത്തി പഠിക്കും. എട്ടു മണിക്കൂർ നന്നായി ഉറങ്ങും. ഡാൻസ് കളിക്കും. അമ്മ ഡോ.ലീന കാസർകോട് സെൻട്രൽ പ്ളാന്റേഷൻ കോർപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകയായിരുന്നു. കാസർകോട് നവോദയ, തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിലായിരുന്നു പഠനം. കോട്ടയം ഭാരത് ആശുപത്രിയിലെ പതോളജി വിഭാഗം ഡോക്ടറായ സഹോദരി അപർണയ്ക്കും ഭർത്താവ് കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർ സുശാന്തിനുമൊപ്പം ബേക്കർ ജംഗ്ഷനിലാണ് അശ്വതിയുടെ താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |