തിരുവനന്തപുരം: കൊവിഡ് കാലത്തെ ബദൽ വിദ്യാഭ്യാസ രീതിയായ ഓൺലൈൻ ക്ലാസുകൾ വിദ്യാർത്ഥികൾക്ക് ഭാരമാകുന്നുവെന്ന് പരാതി ഉയരുന്നു. പൊതുവിദ്യാലയങ്ങളിലെ ഓൺലൈൻ ക്ലാസിന് സമയക്രമമുണ്ടെങ്കിലും ചില സ്വകാര്യ സ്കൂളുകളിലെ ഓൺലൈൻ ക്ലാസുകൾ വിദ്യാർത്ഥികളിൽ അമിതസമ്മർദ്ദം ഉണ്ടാക്കുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി. ചില സ്വകാര്യ സ്കൂളുകൾ മൂന്ന് മണിക്കൂർ വരെ നീളുന്ന ക്ലാസുകളാണ് ഓൺലൈനായി നടത്തുന്നത്. ഉയർന്ന ക്ലാസുകളിലേക്ക് എത്തുമ്പോൾ ഇത് അഞ്ച് മണിക്കൂർ വരെയാകുന്നുണ്ട്.
ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ദിവസം പരാമാവധി 45 മിനിറ്റ് ദൈർഘ്യമുള്ള രണ്ട് ക്ലാസുകളെ പാടുള്ളൂവെന്നാണ് കേന്ദ്ര നിർദ്ദേശം. ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് 30-45 മിനിറ്റ് വീതം ദൈർഘ്യമുള്ള നാല് സെഷനുകൾ വരെയാകാമെന്നും എം.എച്ച്.ആർ.ഡി പുറത്തിറക്കിയ മാർഗരേഖയിലുണ്ട്. പൊതുവിദ്യാലയങ്ങളിൽ വിക്ടേഴ്സ് വഴി നടത്തുന്ന ക്ലാസ് ഈ സമയക്രമം പാലിക്കുന്നുണ്ടെങ്കിലും ഈ ക്ലാസുകൾക്ക് ശേഷം ക്ലാസ് അദ്ധ്യാപകർ നൽകുന്ന ഗൃഹപാഠം, മറ്റ് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് മൊബൈൽ ഫോണോ ലാപ്ടോപ്പോ തന്നെ ഉപയോഗിക്കേണ്ടി വരുന്നു. ഫലത്തിൽ കുട്ടികൾ ഓൺലൈൻ മാദ്ധ്യമങ്ങളെ ആശ്രയിക്കുന്ന സമയം കൂടും.
മണിക്കൂറുകൾ നീളുന്ന ഓൺലൈൻ ക്ലാസുകൾ വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദം, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് മാനസികാരോഗ്യവിദഗ്ദ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടികളെ സമ്മർദ്ദത്തിലാക്കാതെ ഫലപ്രദമായി ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് നടപടിയെടുക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
കൂടുതൽ നേരം ദൃശ്യമാദ്ധ്യമങ്ങളുപയോഗിക്കുമ്പോൾ ആരോഗ്യപരമായ പല പ്രശ്നങ്ങളും കുട്ടികളിലുണ്ടാകുന്നുണ്ട്. മൂന്ന് മുതൽ എട്ട് വയസ് വരെ പ്രായമുള്ള കുട്ടികളിൽ അര മണിക്കൂറും എട്ട് വയസിന് മുകളിലുള്ളവർക്ക് ഒരു മണിക്കൂറുമാണ് ആരോഗ്യകരമായ സ്ക്രീൻ സമയം
- ഡോ. അരുൺ ബി നായർ
സൈക്യാട്രിസ്റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |