ലോസ്ആഞ്ചലസ് : കഴിഞ്ഞ മാസം മുതൽ അമേരിക്ക, കാനഡ, ന്യൂസിലൻഡ്, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾക്ക് ചൈനയിലെ അജ്ഞാത കേന്ദ്രത്തിൽ നിന്നും തപാൽ വഴി ദുരൂഹമായ ചില വിത്ത് പാക്കറ്റുകൾ ലഭിച്ചിരുന്നു. തപാൽ പെട്ടികൾ വഴി 'മെയ്‌ഡ് ഇൻ ചൈന' എന്ന് രേഖപ്പെടുത്തിയ സ്‌റ്റിക്കർ ഒട്ടിച്ച പാക്കറ്റുകളാണ് ആയിരക്കണക്കിന് പേരുടെ കൈകളിലെത്തിയത്.
ചൈനയിൽ നിന്നും പുതിയ ജൈവായുധമാണോ ഇതെന്ന ആശങ്കയിൽ യു.എസിൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പച്ചക്കറികളുടെയും ഔഷധ സസ്യങ്ങളുടെയും വിത്തുകൾക്ക് സമാനമായ ഇവ ശരിക്കും ഏത് സ്പീഷിസിൽപ്പെട്ട ചെടിയുടേതാണെന്ന് കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിട്ടില്ല. യു.എസിൽ ആയിരക്കണക്കിന് പേർക്കാണ് ചൈനയിൽ നിന്നും ഇത്തരം വിത്ത് പായ്ക്കറ്റുകൾ ലഭിച്ചത്.
ഇതിനിടെ യു.എസിലെ ആർക്കാൻസാസ് സ്വദേശി തനിക്ക് കിട്ടിയ പായ്ക്കറ്റിലെ വിത്ത് നട്ടു നോക്കാൻ തന്നെ തീരുമാനിച്ചു. എന്തു സംഭവിക്കുമെന്ന് അറിയണമല്ലോ. കഴിഞ്ഞ മാസം തന്നെ ഇയാൾ പായ്ക്കറ്റ് പൊട്ടിച്ച് അതിലുണ്ടായിരുന്ന വിത്ത് വീട്ടുവളപ്പിൽ നട്ടു.
ചെടി വളർന്നപ്പോൾ ഓറഞ്ച് നിറത്തിലെ പൂക്കളും വെള്ളനിറത്തിലെ കായയും ഉണ്ടായി. ഏകദേശം കുമ്പളങ്ങയുേടത് പോലെ ! വളരെ വേഗത്തിലാണത്രെ ചെടിയുടെ വളർച്ച. ചൈനയിൽ നിന്നും എത്തിയ വിത്തുകൾ ആരും വളർത്താൻ ശ്രമിക്കരുതെന്ന് യു.എസിലെ അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മുന്നറിയിപ്പ് ലഭിക്കുന്നതിന് മുമ്പാണ് ഇയാൾ വിത്ത് പാകി പരീക്ഷിച്ചത്.യാതൊരു കാരണവശാലും വിത്ത് പായ്ക്കറ്റുകൾ പൊട്ടിക്കരുതെന്നും ഇത് ലഭിക്കുന്നവർ തങ്ങൾക്ക് കൈമാറണമെന്നുമാണ് യു.എസ് അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റിന്റെ നിർദ്ദേശം.
ചൈനയിൽ നിന്നായത് കൊണ്ട് ഈ വിത്തുകൾ വഴി ഏതെങ്കിലും തരത്തിലുള്ള കീടങ്ങളോ പകർച്ചവ്യാധിയോ ആക്രമണകാരികളായ പ്രാണികളോ അല്ലെങ്കിൽ ചെടികളെ ബാധിക്കുന്ന രോഗങ്ങളോ അങ്ങനെ എന്ത് വേണമെങ്കിലും പടർന്നേക്കാമെന്ന് അധികൃതർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ അജ്ഞാത പായ്ക്കറ്റുകൾക്ക് പിന്നിൽ ആരാണെന്ന് ഇതേവരെ കണ്ടെത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |