വാഷിങ്‌ടൺ: അമേരിക്കയിൽ തൊഴിൽ ചെയ്യുന്നതിനായെത്തി കുടിയേറിയ ഇന്ത്യക്കാർക്ക് ഗ്രീൻകാർഡ് നൽകുന്നതിൽ നിയന്ത്രണം കൊണ്ടുവന്നതിനെ പ്രതികൂലിച്ച് അമേരിക്കൻ സെനറ്റർ. റിപബ്ളിക്കൻ സെനറ്റർ മൈക്ക് ലീയാണ് ഈ നയത്തെ എതിർത്ത് സെനറ്റിൽ അഭിപ്രായം രേഖപ്പെടുത്തിയത്. പ്രതിവർഷം ഗ്രീൻകാർഡ് അനുവദിക്കുന്നതിന് ഓരോ രാജ്യങ്ങളിലെ പൗരന്മാർക്കും 7 ശതമാനം വീതം ക്വാട്ട അനുവദിച്ചിട്ടുണ്ട്. ഇത് പ്രകാരം 200 വർഷത്തേക്കുളള ഇന്ത്യക്കാരുടെ പേരുകളാണ് ഗ്രീൻകാർഡിന് അപേക്ഷിച്ചവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുളളതെന്ന് മൈക്ക് ലീ പറഞ്ഞു.
അമേരിക്കയിൽ സ്ഥിരതാമസമാക്കുന്നത് ആഗ്രഹിക്കുന്ന കുടിയേറ്റക്കാർക്ക് നൽകുന്ന ഔദ്യോഗിക രേഖയാണ് ഗ്രീൻകാർഡ്. ഇവരിൽ ഭൂരിഭാഗവും ജോലിക്കായി എത്തിയവരാണ്. ഇന്ത്യയിൽ നിന്നുളള ഐടി പ്രൊഫഷണലുകളാണ് ഇത്തരത്തിൽ ഗ്രീൻകാർഡിനായി അപേക്ഷിച്ചിരിക്കുന്നവയിൽ ഏറെയും. ഇവർ എച്ച് 1 ബി വർക് വിസയിൽ അമേരിക്കയിൽ എത്തിയവരാണ്.
നിലവിൽ ഇങ്ങനെ ഗ്രീൻ കാർഡിനായി അപേക്ഷിച്ചിരിക്കുന്നതിൽ നിയമം അനുശാസിച്ച് അമേരിക്കയിൽ തൊഴിൽ ചെയ്‌ത് ജീവിക്കുന്ന പത്ത് ലക്ഷത്തോളം വിദേശികളും ഇവരുടെ കുടുംബാംഗങ്ങളുമാണ്. ഇവരിൽ ഏറിയ പങ്കും ഇന്ത്യയിൽ നിന്നാണ്. ചൈനയോ ഘാനയോ സ്വീഡനോ ഇന്തോനേഷ്യയോ ആണ് ജന്മസ്ഥലമെങ്കിൽ അവരുടെ ഗ്രീൻകാർഡ് അപേക്ഷകൾ വേഗം തീർപ്പാക്കുകയും ഇന്ത്യക്കാരെ ഒഴിച്ച്നിർത്തുകയും ചെയ്യുന്നത് അനീതിയാണെന്നും ലീ പറഞ്ഞു. മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്ക് 7 ശതമാനം ക്വാട്ട നിശ്ചയിച്ച നിയമത്തിനെതിരെ ജുഡീഷ്യൽ കമ്മിറ്റിക്ക് ഏകകണ്ഠമായ യോജിപ്പ് വേണമെന്നും ലീ ആവശ്യപ്പെട്ടു. ഹൈ-സ്‌കിൽഡ് ഇമ്മിഗ്രന്റ്സ് ആക‌്ടിൽ കൊണ്ടുവരാനുളള ഭേദഗതിക്കായി വാദിക്കുകയായിരുന്നു ലീ.
എന്നാൽ ലീയുടെ വാദത്തെ ഡെമോക്രാറ്റിക് സെനറ്റർ ഡിക്ക് ഡർബിൻ എതിർത്തു. കുടിയേറ്റക്കാരുടെ കുട്ടികളെ സംരക്ഷിക്കാനും അമേരിക്കയിലെ തൊഴിലുകളെയും തൊഴിലാളികളെയും ഒരു പോലെ സംരക്ഷിക്കാനും ലീയുടെ ഭേദഗതി പര്യാപ്‌തമല്ലെന്നായിരുന്നു ഡർബിന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |